കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. സിനിമാ ലോകം ഒന്നടങ്കം ദിലീപിനെതിരേ തിരിഞ്ഞത് കണ്ട് താന്‍ അമ്പരന്നു പോയെന്നും പൂക്കുട്ടി പറഞ്ഞു.

ആദ്യമായാണ് കേസില്‍ പെട്ട ദിലീപിനെ അനുകൂലിച്ച് ദേശീയ തലത്തില്‍ പ്രശസ്തനായ വ്യക്തി രംഗത്തെത്തുന്നത്. സിനിമാ മേഖലയില്‍ നിന്നും ഇപ്പോള്‍ ദിലീപിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തുവരുന്നുണ്ട്. ദേശീയ തലത്തില്‍ ദിലീപ് കേസ് ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും ആരും വിഷയത്തില്‍ ഇടപെട്ടിരുന്നില്ല.

‘ദിലീപ് അറസ്റ്റിലായതോടെ മലയാളസിനിമാലോകം അദ്ദേഹത്തിനെതിരെ പെരുമാറുന്നത് കണ്ട് അമ്പരന്നു പോയി.ദിലീപിനെ അറസ്റ്റ് ചെയ്ത ആ നിമിഷം എല്ലാവരും അയാളെ ഉപേക്ഷിച്ചു. പ്രാഥമിക അംഗത്വത്തിൽ നിന്നും അമ്മ സംഘടന അദ്ദേഹത്തെ ഒഴിവാക്കി. നമ്മുടെ നീതിന്യായ വ്യവസ്ഥ പ്രകാരം കുറ്റം തെളിയുന്നതുവരെ ഒരാള്‍ നിരപരാധിയാണ്. എന്തിനാണ് ഇത്ര പെട്ടന്ന് അദ്ദേഹത്തെ കുറ്റക്കാരനാക്കുന്നത്.’ റസൂൽ പൂക്കുട്ടി ചോദിക്കുന്നു.

‘ഒരുകൂട്ടം ആളുകൾ ദിലീപിന്റെ കേസ് എന്താണെന്ന് അറിയാൻ എത്തിനോക്കുന്ന ഒരു സ്വഭാവം ഉണ്ട്. ടിആർപി റേറ്റിങ് കൂട്ടാനുള്ള നാടകം മാത്രമായിരുന്നു ഈ കേസിലെ മാധ്യമവിചാരണകൾ. തെളിവെടുപ്പിനായി പൊതുസമൂഹത്തിന് മുന്നിലൂടെ അദ്ദേഹത്തെ കൊണ്ടുപോയത് തന്നെ തെറ്റാണ്’

‘ഈ കേസിൽ കോടതി വിവേകത്തോടെ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇങ്ങനെ പറയുന്നതുകൊണ്ട് ആ പെൺകുട്ടിക്കുണ്ടായ ക്രൂരമായ അനുഭവത്തെ മാറ്റിനിർത്തുകയല്ല, തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണം. സ്ത്രീകൾക്കെതിരാ അക്രമം ന്യായീകരിക്കാൻ കഴിയില്ല. എന്നാല്‍ ഈ കേസിൽ മലയാളിയുടെ മനോഭാവമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. ദിലീപ് തെറ്റുകാരനല്ലെങ്കിൽ പരിതാപകരമെന്നേ പറയാന്‍ കഴിയൂ’ പൂക്കുട്ടി ട്വിറ്ററിൽ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook