സൂര്യ നായകനായ സിനിമ ‘ജയ് ഭീം‘, മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കർ നാമനിർദേശ പരിഗണന പട്ടികയിൽ നിന്ന് പുറത്ത്.
അക്കാമദി ഓഫ് മോഷൻ പിക്ചേഴ്സ് ആർട് ആൻഡ് സയൻസസ് പ്രസിദ്ധീകരിച്ച മികച്ച വിദേശ ചിത്രത്തിനുള്ള നാമനിർദേശ പട്ടികയിൽ അഞ്ച് ചിത്രങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഡ്രൈവ് മൈ കാർ (ജപ്പാൻ), ഫ്ലീ (ഡെൻമാർക്ക്), ദ ഹാൻഡ് ഓഫ് ഗോഡ് (ഇറ്റലി), ലുനാനിയ: എ യാക്ക് ഇൻ ദ ക്ലാസ്സ്റൂം (ഭൂട്ടാൻ), ദ വേഴ്സ്റ്റ് പേഴ്സൺ ഇൻ ദ വേൾഡ് (നോർവേ) എന്നിവയാണ് അന്തിമ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ സിനിമകൾ.
ജയ് ഭീം ചിത്രം ഈ വർഷം അക്കാദമി അവാർഡിന് അർഹത നേടിയ 276 ചിത്രങ്ങളുടെ നീണ്ട പട്ടികയിൽ ഉൾപ്പെട്ടിരുന്നു. നേരത്തെ, ഓസ്‌കാറിന്റെ യൂട്യൂബ് ചാനലിൽ ജയ് ഭീം ഉൾപ്പെടുത്തിയിരുന്നു.
ദലിത് രാഷ്ട്രീയം പ്രമേയമാക്കി ടി.ജെ. ജ്ഞാനവേല്‍ ഒരുക്കിയ സിനിമയാണ് ‘ജയ് ഭീം’. കടുത്ത ജാതിവെറിയുടേയും മാറ്റി നിർത്തപ്പെടുന്ന ദലിത് ജനതയുടേയും കഥ പറയുന്നതാണ് സിനിമ. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതാനുഭവങ്ങളാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. സൂര്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.