scorecardresearch

Oscar 2020,Taika Waititi’s Jojo Rabbit: കുഞ്ഞു ജോജോയുടെ ഫാസിസ്റ്റ് ലോകങ്ങൾ

Oscar 2020,Taika Waititi’s Jojo Rabbit: ഒരു മനുഷ്യന്റെ ഈഗോയിലാണ് ദേശീയതയുടെ വിത്തുകൾ കിടക്കുന്നത്. അതിനെ നട്ടും നനച്ചും വളർത്തുന്നത് ഈ കപട ഭരണകൂടമാണ്. അദൃശ്യനായ ജോജോയുടെ പിന്നാലെ സഞ്ചരിക്കുന്ന ഹിറ്റ്ലർ അവന്റെ തന്നെ ചെറിയ ഈഗോയുടെ പ്രതിബിംബമാണ്

Oscar 2020,Taika Waititi’s Jojo Rabbit: കുഞ്ഞു ജോജോയുടെ ഫാസിസ്റ്റ് ലോകങ്ങൾ

Oscar 2020,Taika Waititi’s Jojo Rabbit: രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ടു മുൻപുള്ള കാലത്ത് ജർമ്മനിയിൽ ജോജോ അവന്റെ അമ്മക്ക് ഒപ്പം താമസിക്കുകയാണ്. കൂട്ടുകാരൻ യോർക്കിയാണ് കുഞ്ഞു ജോജോയുടെ ഏറ്റവും അടുത്ത സുഹൃത്ത്. ഹിറ്റ്ലറുടെ വലിയ ആരാധകനായ ജോജോ ആയിടക്കാണ് ‘ഹിറ്റ്ലർ യൂത്ത്’ എന്ന നാസി ക്യാമ്പിൽ ചേരുന്നത്.

പത്തു വയസ്സുകാരൻ ജോജോക്ക് ക്യാമ്പിൽ പുതിയ പുതിയ അനുഭവങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് ട്രെയിനർ ഒരു സ്ത്രീ അവനെ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്. ബോർഡിൽ ഒരു മോൺസ്റ്റർ (ഭീകര ജീവി) യെ വരച്ചിട്ട്. ‘ദാ നോക്ക് ഇതാണ് ജൂതന്മാർ, അവർക്ക് വാലും കൊമ്പുകളും ഉണ്ട്, അവർ ചിലപ്പോൾ കുട്ടികളെ ഹിപ്പിനോട്ടൈസ് ചെയ്യും.’ നാസി യൂത്ത് ക്യാമ്പിലെ കുട്ടികൾക്ക് അതു വിശ്വസിക്കാൻ വേറെ കാരണമൊന്നും വേണ്ടല്ലോ… നമുക്ക് പുസ്തകങ്ങളെ കത്തിക്കാം എന്നൊരു ചടങ്ങു കൂടി ആ രാത്രിയിൽ അരങ്ങേറുന്നു.

തികച്ചും തമാശയുടെയും നിഷ്കളങ്കതയുടെയും ലോകമാണ് ഒരു വശത്ത് ‘ജോജോ റാബിറ്റ്’ അവതരിപ്പിക്കുന്നത്. മറുഭാഗത്ത് യുദ്ധത്തിന്റെയും വംശവെറിയുടെയും രാഷ്ട്രീയം അതു തുറന്നു കാണിക്കുന്നു. കേഡർ സ്വഭാവത്തിലൂടെ കുട്ടികളിൽ പോലും തീവ്രദേശീയതയും നാസി ആശയ സംഹിതകളും പ്രചരിപ്പിച്ചിരുന്ന രീതികളായിരുന്നു ഇത്തരം ക്യാമ്പുകളുടെ ലക്ഷ്യം.

 

റോമൻ ഗ്രിഫിൻ എന്ന കുട്ടി നടൻ ജോജോയെ അവിസ്മരണീയമാക്കിയിരിക്കുകയാണ്. യൂത്ത് ക്യാമ്പിൽ കൊല ചെയ്യാനുള്ള ഭയം ഇല്ലാതാക്കാൻ മുതിർന്ന കേഡറ്റുകൾ ജോജോയുടെ മുന്നിൽ ഒരു മുയൽക്കുഞ്ഞുമായി എത്തുന്നുണ്ട്. പക്ഷേ തന്റെ ചുറ്റുമുള്ള ലോകം മുഴുവൻ കൊല്ലു കൊല്ലു എന്ന് ആർത്തു പറയുമ്പോഴും കുഞ്ഞു ജോജോ അതിനെ രക്ഷപെടാൻ സഹായിക്കുകയാണ്. കൊല്ലാൻ ഭയമില്ലാത്തവരാണ് വീരന്മാർ എന്ന നാസി ആശയത്തിൽ വിശ്വസിക്കുന്നവർ ജോജോയെ കളിയാക്കി. ദുർബലനായ ‘ജോജോ റാബിറ്റ്’ എന്നു വിളിച്ചു കളിയാക്കാൻ തുടങ്ങുന്നു. സങ്കടം കൊണ്ടും ദേഷ്യം കൊണ്ടും പൈൻ മരങ്ങളുടെ കാട്ടിലൂടെ ജോജോ ഓടുമ്പോൾ പിന്നാലെ മറ്റൊരാളും ഓടി വരുന്നുണ്ട്. സാക്ഷാൽ അഡോൾഫ് ഹിറ്റ്ലർ.

ഈ ഇൻവിസിബിൾ അഡോൾഫ് ജോജോയുടെ കൂടെ പിന്നീട് നിരന്തരം സഞ്ചരിക്കുന്നു. ഗ്രനേഡ് പരിശീലനത്തിനിടെ മുഖത്ത് പരിക്കേൽക്കുന്നതും, അമ്മക്കൊപ്പം വിശ്രമത്തിനു വേണ്ടി വീട്ടിലേക്ക് മടങ്ങുമ്പോഴും അഫോൾഫ് പിന്നാലെയുണ്ട്. അങ്ങനെ പതുക്കെ അവൻ തീവ്രനാസി ആശയങ്ങളോട് അടുക്കുകയാണ്.

‘അമ്മ വീട്ടിൽ ഇല്ലാതിരുന്ന ഒരു ദിവസം തന്റെ വീടിന്റെ നിലവറയിൽ നിന്നും ജോജോ എൽസ എന്ന ജൂത പെണ്‍കുട്ടിയെ കണ്ടു പിടിക്കുന്നു. താൻ കണ്ടത് ഒരു പിശാചിനെ ആണോയെന്ന് അവന് ഒരുവേള തോന്നുന്നുണ്ട്. ഒരു ജൂതയാണ് അവൾ എന്ന് അറിയുമ്പോൾ അവൻ കൗതുകത്തോടെ അവളെ അറിയാനും, ഹിറ്റ്ലർ സ്വാധീനത്താൽ ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.

വാലും കൊമ്പുകളും ഉള്ള ജൂതന്മാരുടെ വാസ സ്ഥലങ്ങൾ വരച്ചു കാണിക്കാൻ പറയുമ്പോൾ എൽസ ജോജോയുടെ തന്നെ തല വരച്ചു നീട്ടുന്നുണ്ട്. അവനിൽ പതുക്കെ സംശയങ്ങൾ ഉടലെടുക്കുകയാണ്. ഇടക്ക് അവൻ അമ്മയോടും ദേശീയതയെപ്പറ്റി സംസാരിക്കുന്നുണ്ട്. വൃത്തികെട്ട ഈ രാഷ്ട്രീയം വളരെ പതുക്കെയാണ് കുഞ്ഞു ജോജോ മനസ്സിലാക്കുന്നത്. ഒരു തവണ അവൻ ലൈബ്രറിയിൽ നിന്നും എൽസയുടെ പ്രേരണയാൽ ലോർക്കയെ തപ്പിയെടുക്കുന്നുണ്ട്. പക്ഷേ നിരന്തരം ഇൻവിസിബിൾ ആയ ഹിറ്റ്ലർ അവന്റെ പിന്നാലെ കൂടിയിരിക്കുന്നതു കൊണ്ട് പെട്ടന്ന് ജോജോ മാറുന്നില്ല. എന്നാല്‍ യുദ്ധകാലത്ത് ജോജോ എല്ലാം മനസ്സിലാക്കുന്നുണ്ട്. ഒറ്റ ചവിട്ടിന് ഇൻവിസിബിൾ അഡോൾഫിനെ അവൻ ചവിട്ടി തെറിപ്പിക്കുന്നുണ്ട്. ‘When we are free, We dance’ എന്ന വാക്യം അന്വർത്ഥമാക്കുന്നുണ്ട്. അവർ മനോഹരമായി പൊട്ടിച്ചിരിക്കുന്നുണ്ട്.

2019ൽ ലോകത്ത് ഒട്ടാകെ ഇറങ്ങിയ മനോഹരമായ ചലച്ചിത്രങ്ങളിൽ ഒന്നായി ‘ജോജോ റാബിറ്റ്’ മാറിക്കഴിഞ്ഞു. നിരവധി പുരസ്കാരങ്ങൾ ഇതിനോടകം ഈ ചലച്ചിത്രം നേടികഴിഞ്ഞു.
‌പ്രശസ്ത ന്യൂസിലാൻഡ് സംവിധായകൻ തയ്ക വൈറ്റിറ്റിയാണ് ‘ജോജോ റാബിറ്റ്’ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയിൽ ഹിറ്റ്ലറായി വേഷമിട്ടിരിക്കുന്നതും അദ്ദേഹം തന്നെയാണ്.

Image result for jojo rabbit indian express

Oscar 2020: Taika Waititi’s Jojo Rabbit: ആക്ഷേപ ഹാസ്യവും വലതുപക്ഷ രാഷ്ട്രീയവും

‘ജോജോ റാബിറ്റ്’ ഓസ്കാർ വേദിയിലേക്ക് എത്തുമ്പോൾ സിനിമാ ലോകം അതിനെ കൗതുകപൂർവം വീക്ഷിക്കുന്നുണ്ട്. ലോകത്ത് ഒട്ടാകെ വലതുപക്ഷ വ്യതിയാനങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്ത് രണ്ടാം ലോക മഹായുദ്ധകാലത്തെ നാസി ഭരണകൂടത്തിന് എന്തു പ്രസക്തി എന്നൊരു ചോദ്യമുണ്ടാകാം… പക്ഷേ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ പുകയുന്ന ആഭ്യന്തര പ്രശ്നങ്ങളെ ജോജോയുടെ വ്യക്തിത്വം പ്രതിനിധാനം ചെയ്യുന്നു എന്നത് യാഥാർഥ്യമാണ്.

വംശീയതയും വെറുപ്പും യുദ്ധങ്ങളും ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഈ ചലച്ചിത്രത്തിലെ ആക്ഷേപ ഹാസ്യം അതിൽ നിന്നും വ്യത്യസ്തമായി ഗൗരവകരമായ വായനയെ ആവശ്യപ്പെടുന്നുണ്ട്. തീവ്ര ദേശീയത ഭരണകൂടം നടപ്പിലാക്കാൻ സ്വീകരിക്കുന്ന വഴിയ്ക്ക് പോലും ഒരു കേഡർ സ്വഭാവമുണ്ട്. അതിന് ആയിരം നുണകളുടെ കപട ശാസ്ത്രത്തിന്റെ അടിത്തറയുണ്ട്.

ഒരു മനുഷ്യന്റെ ഈഗോയിലാണ് ദേശീയതയുടെ വിത്തുകൾ കിടക്കുന്നത്. അതിനെ നട്ടും നനച്ചും വളർത്തുന്നത് ഈ കപട ഭരണകൂടമാണ്. അദൃശ്യനായ ജോജോയുടെ പിന്നാലെ സഞ്ചരിക്കുന്ന ഹിറ്റ്ലർ അവന്റെ തന്നെ ചെറിയ ഈഗോയുടെ പ്രതി ബിംബമാണ്. എൽസയെ അവനിൽ നിന്നും അകറ്റി നിർത്തിയത് ഈ കപട വിശ്വാസങ്ങളായിരുന്നു.

ലോകത്തൊട്ടാകെ ഇറങ്ങിയ യുദ്ധ സിനിമകൾക്കും, ഹോളോകോസ്റ്റ് സ്വഭാവമുള്ള സിനിമകൾക്കും ശേഷം ആക്ഷേപ ഹാസ്യത്തിൽ ഫാസിസത്തെ പ്രതിരോധിക്കുന്ന മറ്റൊരു സിനിമ ഇല്ലെന്നു പറയാം. ചാർളി ചാപ്ലിന്റെ ‘ദി ഗ്രേറ്റ്‌ ഡിക്റ്റെറ്റര്‍’ മാത്രമാണ് ഒരുപക്ഷേ ആക്ഷേപ ഹാസ്യത്തെ ഒരുവിധം മനോഹരമായി ഫാസിസവുമായി സംയോജിപ്പിച്ചത്. എന്തായാലും ‘ജോജോ റാബിറ്റ്’ പ്രേക്ഷകനെ പുനർനിർമിക്കും എന്ന് ഉറപ്പാണ്. ഇന്ത്യയിലെ കുട്ടികളും മുതിർന്നവരും തീർച്ചയായും കാണേണ്ട ഒരു ലോക സിനിമയാണിത്.

ഓസ്കാര്‍ പുരസ്കാരങ്ങള്‍ക്കായി മത്സരിക്കുന്ന മറ്റു രണ്ടു പ്രധാനചിത്രങ്ങളായ ‘പാരസൈറ്റ്,’ ‘1917’ എന്നിവയുടെ ആസ്വാദനം വായിക്കാം.

Read Here: Oscar 2020: പാരസൈറ്റ് പറയുന്ന ഏഷ്യന്‍ ജീവിതം

Read Here: Oscar 2020: യുദ്ധം എന്ന അനുഭവം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Oscar 2020 jojo rabbit taika waititi