scorecardresearch
Latest News

Oscar 2020, Sam Mendes ‘1917’: യുദ്ധം എന്ന അനുഭവം

Oscar 2020, Sam Mendes ‘1917’: ‘കാഴ്ച്ചയുടെ പ്രാധാന്യമാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. മരങ്ങൾക്കിടയിൽ തുടങ്ങി മരങ്ങൾക്കിടയിൽ തന്നെ അവസാനിക്കുന്ന ഒരു വൈകാരികതയുണ്ട് അതിനുള്ളിൽ’ പത്തു ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച സാം മെന്‍ഡസ് ചിത്രം ‘1917’നെക്കുറിച്ച്

Oscar 2020, Sam Mendes ‘1917’: യുദ്ധം എന്ന അനുഭവം

Oscar 2020, Sam Mendes ‘1917’: മഞ്ഞയും വെളുപ്പും പൂക്കളുള്ള അനേകം പൊന്തകൾക്ക് സമീപം പച്ചപിടിച്ച ഒരു മൈതാനത്തിൽ മരങ്ങൾക്ക് ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന രണ്ടു പട്ടാളക്കാരെ തേടി മേലധികാരിയുടെ സന്ദേശം എത്തുകയാണ്. ജർമ്മൻ ഫ്രണ്ട് ലൈനിനും അപ്പുറം നടക്കുന്ന സൈനിക നീക്കം നിർത്തി വയ്ക്കാനുള്ള ഉത്തരവ് അവിടെ എത്തിക്കണം. ആ ഓപ്പറേഷനിൽ പങ്കെടുക്കുന്ന ഓഫീസർ അവരിൽ ഒരാളുടെ സഹോദരനാണ്. പകൽ സമയം അതിഭീകര അപകടമേഖലയിലൂടെ ആ രണ്ടു സൈനികർ യാത്രയാവുകയാണ്.

സാം മെൻഡിസ് സംവിധാനം ചെയ്ത ഈ ചലച്ചിത്രം ഒന്നാം ലോക മഹായുദ്ധം വരുത്തിവെച്ച വിനാശകരമായ ഭൂതകാലത്തിലേക്ക് ഓരോ മനുഷ്യനെയും യാത്ര ചെയ്യിക്കുന്നതാണ് പിന്നീട് കാണുന്നത്. സിംഗിൾ ഷോട്ട് വിസ്മയങ്ങളുടെ ആകെത്തുകയാണ് ആ യാത്ര. ഭീതി,സ്നേഹം, പ്രതിരോധം, ഭയം എന്തെല്ലാം രസങ്ങളുണ്ടോ അതിന്റെ അതിതീവ്രമായ ദൈന്യത നിറഞ്ഞ ആവിഷ്കാരമാണ് ഓരോ സീനും, കണ്ണുകളിൽ, ശ്വാസത്തിൽ, മുഖചലനങ്ങളിൽ, സന്തോഷത്തിന്റെ ഒരു നേരിയ ലാഞ്ചന പോലുമില്ല. ജോർജ് മക്കെ എന്ന അതുല്യ നടൻ ജീവിക്കുകയാണോ അഭിനയിക്കുകയാണോ എന്ന് തോന്നിപ്പോകുന്ന വിധം ജീവിക്കുന്നു എന്നേ പറയാനാകൂ.

 

Oscar 2020, Sam Mendes ‘1917’: റോജർ ഡിക്കിൻസ് എന്ന ഇതിഹാസം

‘ദി ഷോഷാങ്ക് റിഡംപ്ഷന്‍,’ ‘എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്’ എന്നീ വിഖ്യാതസിനിമകൾ കണ്ടവർ അതിന്റെ സിനിമാറ്റൊഗ്രാഫർ റോജർ ഡിക്കിൻസിനെ അറിയും. തന്റെ എഴുപത്തി ഒന്നാം വയസ്സിൽ വീണ്ടും 1917 ലെ മാസ്മരിക പ്രകടനവുമായി അയാൾ ലോകത്തെ അമ്പരപ്പിക്കുകയാണ്. ഒരുപക്ഷേ ഈ ഓസ്‌കാറിൽ വീണ്ടും റോജർ ഡിക്കിൻസ് എന്ന പേര് മുഴങ്ങിക്കേൾക്കും. യുദ്ധത്തിന്റെ തീവ്രതയെയും അതിന്റെ വൈകാരികതയേയും മനുഷ്യന്റെ ഉള്ളിൽ യഥാസമയം സംഭവിക്കുന്ന വികാരങ്ങളെയും അതേ ഭാവത്തിൽ റോജർ ഒപ്പിയെടുത്തിരിക്കുന്നു.

മുൻപ് ഹോളിവുഡ് കണ്ട യുദ്ധ സിനിമകളുടെ അടിസ്ഥാനത്തിൽ 1917 നെ വിലയിരുത്താൻ സാധിക്കില്ല. സാങ്കേതികവിദ്യ കൊണ്ട് അത് മുൻകാല യുദ്ധ സിനിമകളെ വെല്ലുവിളിക്കുന്നുണ്ടെങ്കിലും അവയെ മറികടന്നു പോയോ എന്ന് സംശയമാണ്. പിന്നെ യുദ്ധത്തെ സംബന്ധിച്ച് അതിലെ ഓരോ വസ്തുതകൾക്ക് പിന്നിലും ഒരു കഥയുണ്ടാകും. ആ കഥയിൽ നിന്നും അനേകം കഥകളിലേക്ക് വഴികളുണ്ട്. നല്ലതോ ചീത്തയോ എന്നതല്ല. അനുഭവിപ്പിക്കുക എന്നതാണ് അവയുടെ ഓരോന്നിന്റെയും ലക്ഷ്യം.

കാഴ്ച്ചയുടെ പ്രാധാന്യമാണ് 1917ന്റെ മുഖ്യ ആകർഷണം. മരങ്ങൾക്കിടയിൽ തുടങ്ങി മരങ്ങൾക്കിടയിൽ തന്നെ അവസാനിക്കുന്ന ഒരു വൈകാരികതയുണ്ട് അതിനുള്ളിൽ. ഒരു യുദ്ധം സാധാരണ മനുഷ്യന്റെ വൈകാരിക ബന്ധങ്ങൾക്കുള്ളിൽ അതിന്റെ ആഴത്തിൽ നിർമ്മിക്കുന്ന വേദനകളെ സിനിമ തുറന്നു കാട്ടുന്നുണ്ട്. അത് മിക്കപ്പോഴും നിശ്ശബ്ദമാണ്. എന്നാൽ കാഴ്ചയുടെയും ദൃശ്യങ്ങളുടെയും സാധ്യതയിൽ അതിദീർഘകാലം മുൻപ്‌ സംഭവിച്ച ഒന്നിനെ അതേ വികാരതീഷ്ണതയിൽ അവതരിപ്പിക്കാൻ കഴിയുന്നുണ്ട്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് കാഴ്ചയുടേതാണ്. വാക്കുകൾക്കും സംഭാഷണങ്ങൾക്കും ചെവി കൊടുക്കുന്ന മനുഷ്യർ കുറഞ്ഞിരിക്കുന്നു. ദൃശ്യകലയിലും ഈ മൗനം സന്നിവേശിപ്പിക്കപ്പെടാം. ഒരു യുദ്ധത്തെ വാക്കു കൊണ്ട് അനുഭവിപ്പിക്കുന്നതു പോലെ തന്നെ ഒരുപക്ഷേ അതിനേക്കാൾ വിപുലമായ സാധ്യത ദൃശ്യങ്ങൾക്ക് സാധിക്കുന്നു എന്നത് പുതിയ കാല സിനിമയുടെ പ്രത്യേകത തന്നെയാണ്.

1917 review

Read Here: 1917 movie review: Sam Mendes’ film is worth a watch

Oscar 2020, Sam Mendes ‘1917’: യുദ്ധങ്ങള്‍ ആര്‍ക്കു വേണ്ടി?

ഒരു യുദ്ധം ആർക്കു വേണ്ടിയാണ് ഉണ്ടാകുന്നത്? ആരാണ് ജയിക്കുന്നത്? അന്തിമമായ ജയം എന്നൊന്നുണ്ടോ എന്നൊക്കെയുള്ള തത്വചിന്താപരമായ അനവധി ചോദ്യങ്ങൾ 1917 അവശേഷിപ്പിക്കുന്നുണ്ട്. ഒരു മനുഷ്യ ജീവിതം സന്തോഷിക്കാനുള്ളതോ യുദ്ധം ചെയ്തു തീർക്കാനുള്ളതോ എന്നുള്ള സമസ്യകൾ ബാക്കി കിടക്കുന്നു. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല അതൊരു സംതൃപ്തിയും വാഗ്ദാനം ചെയ്യുന്നില്ല. മരങ്ങൾക്കിടയിൽ വിശ്രമിക്കാൻ ഇരിക്കുമ്പോൾ പോക്കറ്റിൽ നിന്നും പ്രിയപ്പെട്ടവരുടെ ചിത്രമെടുത്ത് അതിലേക്ക് നോക്കിയിരിക്കുന്ന പട്ടാളക്കാരൻ അയാളുടെ അതൃപ്തിയെ അതിന്റെ വൈകാരികതയെ മറ്റെങ്ങനെ ബോധ്യപ്പെടുത്താൻ!

ഹോളോക്രോസ്റ്റ് സിനിമകളുടെ കൂട്ടത്തിലോ യുദ്ധത്തെ അതേപടി കാട്ടുന്ന ചിത്രങ്ങളിലോ ഹോളിവുഡ് പലപ്പോഴും ഏകപക്ഷീയ സ്വഭാവം കാണിക്കാറുണ്ട്, എന്നാൽ ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ സിനിമകൾ യാഥാർഥ്യങ്ങളിൽ നിന്നും അങ്ങനെ ഒളിച്ചോടാൻ ശ്രമിച്ചിട്ടില്ല. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കയ്ക്ക് കൈവന്ന സമഗ്ര ആധിപത്യം അവരുടെ സിനിമകളിലും പ്രകടമായി തുടർന്നു. അതിന്റെ വാണിജ്യ മേഖല വ്യവസായവൽക്കരിക്കപ്പെട്ടപ്പോൾ കലയിലും ആ സ്വാശ്ചാധിപത്യ മനോഭാവം തുടർന്നു. ഹോളിവുഡ് നിർമിച്ച യുദ്ധാനന്തര ചലച്ചിത്രങ്ങൾ അമേരിക്കയെ ശരിയുടെ പക്ഷത്ത് എക്കാലവും പ്രതിഷ്ഠിച്ചു. ആ യാഥാർഥ്യം ചരിത്രപരമായ വൈരുദ്ധ്യത്തെയാണ് നിർമിച്ചത്.
ഓസ്‌കാറിന്‌ പോലും അമേരിക്കൻ അജണ്ടയുടെ സ്വഭാവം എക്കാലത്തും ഉണ്ടായിരുന്നു.

1917 പോലുള്ള സിനിമകൾ പറയുന്ന രാഷ്ട്രീയം മനുഷ്യന്റെ വികാരങ്ങളെ അടിസ്ഥാനപ്പെടുത്തിയ, അല്ലെങ്കിൽ അടയാളപ്പെടുത്തിയ സമസ്യകളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. ദൃശ്യത്തെ സൃഷ്ടിക്കുന്ന അതിനൂതന സാങ്കേതിക വിദ്യയുടെ തികവിനും അപ്പുറം മനുഷ്യന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നത് വികാരങ്ങളാണ്. അത് മിക്കപ്പോഴും സംഭവിക്കുന്നത് അഭിനയപാടവം കൊണ്ടാണ്. ഒരു നൂറ്റാണ്ടാകാൻ പോകുന്ന യുദ്ധകാലത്തെ ആവിഷ്‌കരിക്കാൻ അജ്ഞാതരായ ഓരോ മനുഷ്യർക്കും കഴിഞ്ഞിട്ടുണ്ട്. സത്യത്തിൽ പട്ടാളക്കാരുടെ ബാഹ്യവും ആന്തരികവുമായ ജീവിതത്തെ യുദ്ധഭൂമിയിൽ പിടിച്ചിരിക്കുകയാണ്. യുദ്ധം ഒരു വലിയ നുണയെ സൃഷ്ടിക്കുന്നുവെന്ന യാഥാർഥ്യം ഉള്ളിൽ വെച്ചു കൊണ്ടു തന്നെ,1917 ഉം ആ അർത്ഥത്തിൽ മികച്ച ഒരാനുഭവമാകുന്നു .

ലോകമെമ്പാടുമുള്ള പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ‘1917’ ഇതിനോടകം ഗോൾഡൻ ഗ്ലോബ്, അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞു. ഓസ്കാര്‍ പുരസ്കാരങ്ങളില്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച സംഗീതം, മികച്ച ശബ്ദലേഖനം, മികച്ച ശബ്ദസങ്കലനം, മികച്ച കലാസംവിധാനം, മികച്ച മേക്കപ്പ്, മികച്ച വിഷ്വല്‍ ഇഫ്ഫക്റ്റ്‌, മികച്ച ഛായാഗ്രാഹകന്‍ തുടങ്ങിയ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട് ഈ ചിത്രത്തിന്.

ഓസ്കാര്‍ പുരസ്കാരങ്ങള്‍ക്കായി മത്സരിക്കുന്ന മറ്റു രണ്ടു പ്രധാനചിത്രങ്ങളായ ‘പാരസൈറ്റ്,’ ‘ജോജോ റാബിറ്റ്’ എന്നിവയുടെ ആസ്വാദനം വായിക്കാം.

Read Here: Oscar 2020: ;പാരസൈറ്റ് പറയുന്ന ഏഷ്യന്‍ ജീവിതം

Read Here: Oscar 2020,Taika Waititi Jojo Rabbit: കുഞ്ഞു ജോജോയുടെ ഫാസിറ്റ് ലോകങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Oscar 2020 1917 sam mendes roger deakins