scorecardresearch
Latest News

ഈ ആഴ്ച റിലീസ് ചെയ്ത പ്രധാന ചിത്രങ്ങളുടെ റിവ്യൂ; ഒറ്റനോട്ടത്തിൽ

ഈ ആഴ്ച റിലീസിനെത്തിയ ഒരുത്തീ, 21 ഗ്രാംസ്, പത്രോസിന്റെ പടപ്പുകൾ, ലളിതം സുന്ദരം, സല്യൂട്ട് എന്നീ ചിത്രങ്ങളുടെ റിവ്യൂ ഒറ്റനോട്ടത്തിൽ

ഈ ആഴ്ച റിലീസ് ചെയ്ത പ്രധാന ചിത്രങ്ങളുടെ റിവ്യൂ; ഒറ്റനോട്ടത്തിൽ

Oruthee, Salute, Lalitham Sundaram, 21 Grams, Pathrosinte Padappukal Movie Review Roundup: അഞ്ച് മലയാളം ചിത്രങ്ങളാണ് വെള്ളിയാഴ്ച ഒടിടിയിലും തിയേറ്ററിലുമായി റിലീസിനെത്തിയത്. ഒരുത്തീ, 21 ഗ്രാംസ്, പത്രോസിന്റെ പടപ്പുകൾ എന്നിവയാണ് തിയേറ്ററിൽ റിലീസിനെത്തിയ ചിത്രങ്ങൾ. സല്യൂട്ട്, ലളിതം സുന്ദരം എന്നീ ചിത്രങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സോണി ലിവിലാണ് സല്യൂട്ട് സ്ട്രീം ചെയ്യുന്നത്. അതേസമയം, ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ‘ലളിതം സുന്ദരം’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

Oruthi: നവ്യ നായരുടെ ഒരുത്തീ

Oruthee Malayalam Movie Review & Rating: ഒരിടവേളയ്ക്ക് ശേഷം നവ്യ നായർ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഒരുത്തീ’. ഏറെ നായികാപ്രാധാന്യത്തോടെയാണ് വികെ പ്രകാശ് ‘ഒരുത്തീ’ ഒരുക്കിയിരിക്കുന്നത്. സാധാരണക്കാരിയായ വീട്ടമ്മയുടെ അസാധാരണമായൊരു കഥയാണ് ചിത്രം പറയുന്നത്. യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് സംവിധായകൻ ഈ ചിത്രം ഒരുക്കിയത്.

കുടുംബ ബന്ധങ്ങളുടെയും ഒരു സ്ത്രീയുടെ അതീജീവനത്തിന്റെയും കഥ പറയുന്ന ചിത്രത്തിൽ ശക്തവും വ്യത്യസ്തവുമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. നവ്യയെന്ന അഭിനേത്രിയ്ക്ക് ഗംഭീരമായ വരവേൽപ്പാണ് വികെപി ഒരുത്തീയിലൂടെ നൽകിയത്. ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുമ്പോൾ, രണ്ടാമൂഴക്കാരിയുടെ പതർച്ചയോ ടെൻഷനോ ഒന്നും നവ്യയിൽ കാണാൻ കഴിയുന്നില്ല. വളരെ പക്വതയോടെയും പാകതയോടെയും കയ്യടക്കത്തോടെയും വീടും ജോലിയുമെല്ലാം ഒന്നിച്ച് കൊണ്ടുപോവുന്ന ഒരു സ്ത്രീയുടെ ജീവിതത്തെ നവ്യ സ്ക്രീനിൽ വരച്ചിടുന്നുണ്ട്. ഏറെ ശാരീരിക അധ്വാനം കൂടി ആവശ്യപ്പെട്ട കഥാപാത്രമാണ് രാധാമണി. ക്ലൈമാക്സിനു മുൻപുള്ള നവ്യയുടെ ചെയ്സിംഗ് സീനൊക്കെ ശ്വാസമടക്കി പിടിച്ചു മാത്രമേ പ്രേക്ഷകർക്ക് കണ്ടിരിക്കാനാവൂ.

പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന വിനായകനാണ് തിയേറ്ററിൽ കയ്യടി നേടുന്ന മറ്റൊരു താരം. സൂപ്പർ ഹീറോ പരിവേഷമൊന്നുമില്ലാതെ, വളരെ റിയലിസ്റ്റാക്കായി തന്നെ ഒരു പൊലീസുകാരന്റെ ജീവിതം വിനായകൻ സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്.

Read full review here: Oruthee Movie Review & Rating: പവർഫുൾ പ്രകടനവുമായി നവ്യ നായർ; ‘ഒരുത്തീ’ റിവ്യൂ

21 Grams: 21 ഗ്രാംസ്

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ബിബിൻ കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ട്വന്റി വൺ ഗ്രാംസ്’. ഒരു പസിൽ ഗെയിം പോലെ നീങ്ങുന്ന മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. കൊച്ചി നഗരത്തിൽ ഒരു രാത്രി നടക്കുന്ന കൊലപാതകവും അതിനെ തുടർന്ന് നടക്കുന്ന പൊലീസ് അന്വേഷണങ്ങളിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്.

നഗരത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന യുവ വനിതാ ഡോക്ടറാണ് കൊല്ലപ്പെടുന്നത്. തൊട്ടടുത്ത ദിവസം അവിടെ മറ്റൊരു കൊലപാതകം കൂടി അരങ്ങേറുന്നു. മുൻപ് വന്നിട്ടുള്ള കുറ്റാന്വേഷണ സിനിമകളിലെ ക്ലിഷേകൾ ഏറെക്കുറെ ആവർത്തിക്കുന്ന ഒരു ശരാശരി ചിത്രമാണ് ‘ട്വന്റി വൺ ഗ്രാംസ്‌’. രണ്ട് മണിക്കൂർ തിയേറ്ററിൽ ചിത്രം കാണുന്ന പ്രേക്ഷകന് ക്ളൈമാക്സ് ട്വിസ്റ്റ് ഒഴികെ മറ്റൊന്നും അത്ര രസിപ്പിച്ചേക്കില്ല.

Read full review here : Twenty One Gms Review & Rating: പസിൽ ഗെയിം പോലൊരു ചിത്രം; ‘ട്വന്റി വൺ ഗ്രാംസ്’ റിവ്യൂ

Pathrosinte Padappukal: പത്രോസിന്റെ പടപ്പുകള്‍

Pathrosinte Padappukal Movie Review & Rating: പേര് സൂചിപ്പിക്കും പോലെ പത്രോസിന്റെ കുടുംബത്തിന്റെയും മക്കളുടെയും കഥയാണ് മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സ‌ല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം സംവിധാനം ചെയ്ത ‘പത്രോസിന്റെ പടപ്പുകൾ’. ഒരു മുഴുനീള ഫാമിലി കോമഡി എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വലിയ പുതുമകളൊന്നും അവകാശപ്പെടാനില്ലാതെ, എന്നാൽ വളരെ നർമ്മരസമുള്ള മുഹൂർത്തങ്ങളും അല്പം പ്രണയവുമൊക്കെയായി പ്രേക്ഷകരെ തെല്ലും ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോവുകയാണ് ‘പത്രോസിന്റെ പടപ്പുകൾ’. ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിന് ശേഷം ഡിനോയ് എഴുതിയ ഈ ചിത്രവും പ്രേക്ഷകരെ ചിരിപ്പിക്കാൻ മറക്കുന്നില്ല. കഥാപാത്രങ്ങളുടെ നിർമ്മിതി കൊണ്ട് തന്നെ പ്രേക്ഷകരിൽ ഡിനോയ് ചിരി ഉണർത്തുന്നുണ്ട്.

Read full review here: Pathrosinte Padappukal Movie Review & Rating: ഒരു കുഞ്ഞു ചിരിപ്പടം; ‘പത്രോസിന്റെ പടപ്പുകൾ’ റിവ്യൂ

Lalitham Sundaram: ലളിതം സുന്ദരം

Lalitham Sundaram Movie Review & Rating: നടനും മഞ്ജുവാര്യരുടെ സഹോദരനുമായ മധുവാര്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ലളിതം സുന്ദരം’. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ഫീൽ ഗുഡ് മൂവിയാണ് ചിത്രം. മൂന്നു സഹോദരങ്ങൾക്കിടയിലെ ശീതയുദ്ധങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും സ്നേഹവുമൊക്കെയാണ് ചിത്രം പറയുന്നത്.

സഹോദരങ്ങൾക്കിടയിലെ വഴക്കുകളും പരിഭവങ്ങളും അവയുടെ ഫ്ലാഷ് ബാക്ക് സ്റ്റോറികളുമൊക്കെയായി രസകരമായാണ് ചിത്രം പുരോഗമിക്കുന്നത്. എന്നാൽ ചിലയിടങ്ങളിലൊക്കെ സ്വാഭാവികത വിട്ട് ചിത്രം അൽപ്പം ആർട്ടിഫിഷലായി പോവുന്നുണ്ട്. രണ്ടാം പകുതിയിൽ അനുഭവപ്പെടുന്ന ലാഗിങ്ങും ആസ്വാദനത്തിൽ കല്ലുകടിയാവുന്നുണ്ട്. എന്നിരിക്കിലും, ഉള്ളു തൊടുന്ന ചില മുഹൂർത്തങ്ങളും അഭിനേതാക്കളുടെ പ്രകടനവുമൊക്കെ കൊണ്ട് മൊത്തത്തിൽ രസകരമായൊരു കാഴ്ചാനുഭവമാണ് ‘ലളിതം സുന്ദരം’ സമ്മാനിക്കുന്നത്. ചില്ലറ പോരായ്മകളൊക്കെ ഉണ്ടെങ്കിലും ആദ്യചിത്രമെന്ന രീതിയിൽ നോക്കുമ്പോൾ മധു വാര്യർ തന്റെ തുടക്കം മോശമാക്കിയില്ല.

Read full review here: Lalitham Sundaram Movie Review & Rating: ഒരു ഫീൽ ഗുഡ് മൂവി; ലളിതം സുന്ദരം റിവ്യൂ

Salute: സല്യൂട്ട്

Salute Malayalam Movie Review & Rating: പൊലീസുകാരുടെ ജീവിതവും കുറ്റാന്വേഷണവും പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ് ‘സല്യൂട്ട്’. രണ്ടു വർഷങ്ങൾക്കു ശേഷം തന്റെ ജീവിതം മാറ്റിമറിച്ച ആ പഴയ കേസിന്റെ ചുരുളഴിക്കാൻ എസ് ഐ അരവിന്ദ് കരുണാകരൻ മടങ്ങി എത്തുന്നിടത്തു നിന്നാണ് സല്യൂട്ടിന്റെ കഥ തുടങ്ങുന്നത്. എന്നാൽ, പതിവു പൊലീസ് ചിത്രങ്ങളുടെ ചട്ടക്കൂടിലല്ല ചിത്രം ഒരുക്കിയിരിക്കുന്നത്.

അരവിന്ദ് എന്ന സത്യാന്വേഷിയായ പൊലീസ് ഓഫീസറായി ദുൽഖർ തിളക്കമാർന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ആശയക്കുഴപ്പമുള്ള ഒരു പൊലീസുകാരന്റെ മാനറിസങ്ങളൊക്കെ തന്നാലാവും വിധം ദുൽഖർ കഥാപാത്രത്തിന് നൽകിയിട്ടുണ്ട്. ചിത്രം പറയുന്ന വിഷയം എക്കാലവും പ്രസക്തമായ ഒന്നാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണത്തിൽ രാഷ്ട്രീയക്കാർ സമ്മർദ്ദം ചെലുത്തുമ്പോൾ അതെത്രത്തോളം ഗുരുതരമായ ക്രമക്കേടുകളിലേക്കാണ് നയിക്കുന്നതെന്ന് സല്യൂട്ട് കാണിച്ചു തരുന്നു.

നിരപരാധികൾ ഫ്രെയിം ചെയ്യപ്പെടുന്നത് എങ്ങനെയെന്നും ആദ്യപകുതിയിൽ കൃത്യമായി സംവിധായകൻ കാണിച്ചു തരുന്നു. എന്നാൽ, വെറുതെ പറഞ്ഞും കാണിച്ചും പോവുന്നതിലപ്പുറത്തേക്ക് പ്രേക്ഷകരിലേക്ക് വിഷയത്തെ ആഴത്തിൽ പതിപ്പിക്കാൻ തിരക്കഥയ്ക്കു സാധിക്കുന്നില്ല. തിരക്കഥയിലെ ഇത്തരം പാളിച്ചകളാണ് സല്യൂട്ടിനെ ഒരു ശരാശരി കാഴ്ചാനുഭവമായി പരിമിതപ്പെടുത്തുന്നത്. എല്ലാതരം കാഴ്ചക്കാരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമല്ല ‘സല്യൂട്ട്’.

Read full review here: Salute Movie Review & Rating: ദുൽഖർ സൽമാൻ തിളങ്ങുന്ന ഒരു ശരാശരിചിത്രം; ‘സല്യൂട്ട്’ റിവ്യൂ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Oruthee salute lalitham sundaram 21 grams pathrosinte padappukal movie reviews roundup