ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്മാന് മലയാളത്തിലേക്ക് തിരികെ വരുന്ന ചിത്രമായ ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘മുറ്റത്തെ കൊമ്പിലെ’ എന്നു തുടങ്ങുന്ന അടിപൊളി ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ദുല്‍ഖറിന്റെ അധികമൊന്നും കാണാത്ത നാടന്‍ ലുക്കും നൃത്തവുമാണ് ഗാനത്തിന്റെ പ്രത്യേകത.
Read More: എവിടെ പെണ്‍കുട്ടികളുണ്ടോ, അവിടെ വിക്കിയുണ്ട്: യമണ്ടന്‍ പ്രേമകഥയിലെ സൗബിനെ കുറിച്ച് ദുല്‍ഖര്‍
ജാസി ഗിഫ്റ്റ്, ബെന്നി ദയാല്‍, സിയ ഉള് ഹഖ്, സുരാജ് എന്നിവര്‍ ചേര്‍ന്ന് പാടിയ ഗാനത്തില്‍ ദുല്‍ഖറും സംയുക്തയും ആടി തിമിര്ക്കുന്നുണ്ട്. ഇരുവരുടേയും നൃത്തച്ചുവടുകളും കളര്‍ഫുള്‍ ഫ്രെയിമുകളുമാണ് പാട്ടിന്റെ ഊര്‍ജ്ജം. സംയുക്തയെ സംബന്ധിച്ചും ‘ഒരു യമണ്ടന്‍ പ്രേമകഥ’ വ്യത്യസ്തമായൊരു ചിത്രമായിരിക്കും എന്നുറപ്പാണ്. നാദിര്‍ഷയാണ് പാട്ടിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ലല്ലു എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. മുണ്ടും കളര്‍ഫുള്‍ ഷര്‍ട്ടുമണിഞ്ഞ് സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു പെയിന്റു തൊഴിലാളിയുടെ വേഷമാണ് ദുല്‍ഖര്‍ കൈകാര്യം ചെയ്യുന്നത്. ‘ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം കോമഡി എന്റര്ടെയ്നര് ആണ്. ഇതാദ്യമായാണ് ഒരു മുഴുനീള കോമഡി എന്റര്‍ടെയിനര്‍ ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.
ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ്. ‘കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്’, ‘അമര്‍ അക്ബര്‍ ആന്റണി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിബിനും വിഷ്ണുവും ചേര്‍ന്നൊരുക്കുന്ന ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. എഴുത്തിനു പുറമെ ചിത്രത്തില്‍ കഥാപാത്രങ്ങളായും ഇരുവരും അഭിനയിക്കുന്നുണ്ട്.