Dulquer Salmaan Starrer Oru Yamandan Premakadha Movie Review: ഒന്നര വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനായെത്തിയ ‘ഒരു യമണ്ടൻ പ്രേമകഥ’ ഇന്ന് റിലീസിനെത്തി. ‘ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ’ എന്ന ടാഗ് ലൈനിൽ പറയുന്നുണ്ടെങ്കിലും പ്രേക്ഷകരുദ്ദേശിച്ചതു പോലൊരു കഥയല്ല ‘ഒരു യമണ്ടൻ പ്രേമകഥ’ പറയുന്നത്. വ്യത്യസ്തമായൊരു പ്രണയത്തെ കുറിച്ചാണ് ചിത്രം പറയുന്നത്.

എറണാകുളത്തെ കടമക്കുടിയെന്ന ഗ്രാമമാണ് കഥയുടെ പരിസരം. അന്നാട്ടിലെ ഏക വിദ്യാസമ്പന്നൻ എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് കൊമ്പനായിലെ ജോൺ (രഞ്ജി പണിക്കർ). നാട്ടുനടപ്പുകളോടൊന്നും വലിയ താൽപ്പര്യമില്ലാത്ത ഒരാൾ. ആണുങ്ങളായ ആണുങ്ങളൊക്കെ മൊത്തം മദ്യപിച്ച് ആഘോഷിക്കുന്ന കടമക്കുടി പെരുന്നാളിന്റെ അന്നും ഒരു തുള്ളി മദ്യപിക്കാത്ത ഒരാൾ. തികഞ്ഞ മാന്യൻ. കടമക്കുടി പെരുന്നാളിന്റെ അന്ന് ജോണിനും ഭാര്യയ്ക്കും ഒരു കുഞ്ഞു പിറക്കുന്നു. സ്നേഹത്തോടെ ജോണും കുടുംബവും അവനെ ലല്ലു (ദുല്‍ഖര്‍ സല്‍മാന്‍) എന്നു വിളിക്കുന്നു.

Read More: Oru Yamandan Premakadha Release Highlights: ഫാന്‍സിന് ഇഷ്ടം, പ്രേക്ഷകര്‍ക്ക്‌ ഒരല്‍പം നിരാശ: ‘ഒരു യമണ്ടന്‍ പ്രേമകഥ’

പഠിച്ച് വൈറ്റ് കോളർ ജോലിയൊക്കെ നേടി മകൻ മിടുക്കനാവും എന്നു കരുതുന്ന ജോണിന്റെ ആഗ്രഹങ്ങൾക്ക് വിപരീതമായി ലല്ലു ഒരു പെയിന്റു പണിക്കാരനായി മാറുകയാണ്. ഗ്രാമീണജീവിതവും നാട്ടുകാരും കൂട്ടുകാരും നൊസ്റ്റാൾജിയയും മഴയും ജോൺസൺ മാഷിന്റെ സംഗീതവുമൊക്കെയാണ് ലല്ലുവിന്റെ ഇഷ്ടങ്ങൾ. നാട്ടിലെ പെൺകുട്ടികൾ മുഴുവൻ പിറകെ നടന്നിട്ടും ലല്ലുവിന് ആരോടും പ്രണയമില്ല. അല്ലെങ്കിൽ കാണുമ്പോൾ സ്പാർക്ക് പോലെ പ്രണയം തോന്നുന്ന ഒരു പെണ്ണിനു വേണ്ടി കാത്തിരിപ്പിലാണ് ആ ചെറുപ്പക്കാരൻ എന്നു പറയാം. ഏറെ നാളത്തെ കാത്തിരിപ്പിനും തേടലുകൾക്കും ശേഷം തന്റെ പ്രണയിനിയെ കണ്ടെത്തുന്ന ലല്ലുവിന്റെ കഥയാണ് ‘ഒരു യമണ്ടൻ പ്രേമകഥ’.

തിരിച്ചു വരവിൽ കോമഡിയും ആക്ഷനുമൊക്കെ അനായേസേന ചെയ്ത് നൃത്തവും ഇമോഷനുമൊക്കെയായി അഭിനയത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന പെർഫോമൻസാണ് ദുൽഖർ കാഴ്ച വച്ചിരിക്കുന്നത്. ചിത്രത്തിലുടനീളം കൊച്ചി സ്ലാംഗ് നിലനിർത്തി കൊണ്ട് കഥാപാത്രത്തെ മുന്നോട്ടു നയിക്കാൻ ദുൽഖറിനു സാധിക്കുന്നുണ്ട്. ലല്ലു എന്ന കഥാപാത്രം ദുൽഖറിന്റെ കയ്യിൽ ഭദ്രമാണെന്നു തന്നെ പറയാം.

oru yamandan premakadha movie, ഒരു യമണ്ടന്‍ പ്രേമകഥ, oru yamandan premakadha movie review, ഒരു യമണ്ടന്‍ പ്രേമകഥ റിവ്യൂ, ഒരു യമണ്ടന്‍ പ്രേമകഥ റേറ്റിംഗ്, ഒരു യമണ്ടന്‍ പ്രേമകഥ റിലീസ്, ഒരു യമണ്ടന്‍ പ്രേമകഥ കോമഡി, ഒരു യമണ്ടന്‍ പ്രേമകഥ കോമഡി സീന്‍, comedy movie, oru yamandan premakadha review, oru yamandan premakadha critics review, oru yamandan premakadha movie review, oru yamandan premakadha movie audience review, oru yamandan premakadha movie public review, dulquer salmaan, ദുല്‍ഖര്‍ സല്‍മാന്‍, nikhila vimal, samyuktha menon, vishnu unnikrishnan, soubin shahir, malayalam movies, malayalam cinema, entertainment, movie review

Dulquer Salmaan in Malayalam Movie Oru Yamandan Premakadha

ചിരിക്കോളൊരുക്കാൻ ലല്ലുവിന്റെ ചാവേറുകളായി പാഞ്ചിക്കുട്ടൻ (സലിം കുമാർ), വിക്കി (സൗബിൻ സാഹിർ), ടെനി സെബാസ്റ്റ്യൻ (വിഷ്ണു ഉണ്ണികൃഷ്ണൻ) എന്നിവരും സദാ കൂടെയുണ്ട്. ആദ്യ പകുതിയിൽ സിനിമയെ രസകരമായി മുന്നോട്ടു കൊണ്ടു പോവുന്നത് ഈ നാൽവർ സംഘത്തിന്റെ കോമ്പിനേഷൻ സീനുകളും സന്ദർഭോചിതമായ ഫലിതങ്ങളും തന്നെയാണ്. സലിം കുമാർ, സൗബിൻ, വിഷ്ണു, രഞ്ജി പണിക്കർ എന്നിവരുടെ കഥാപാത്രങ്ങൾക്കും ചിത്രത്തിൽ നല്ല പെർഫോമൻസ് സാധ്യതകൾ നൽകിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണ്ടാം പകുതിയിൽ സുരാജ് വെഞ്ഞാറമൂടും മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നുണ്ട്.

ആദ്യപകുതിയിൽ കോമഡി ട്രാക്കിൽ സഞ്ചരിച്ച ചിത്രം രണ്ടാം പകുതിയിലെത്തുന്നതോടെ ഗതി മാറുകയാണ്. കോമഡിയിൽ നിന്നും പെട്ടെന്നുള്ള ട്രാക്ക് മാറൽ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. ഒരു പതിവ് റൊമാൻസ് മൂവിയുടെ ട്രാക്കിലൂടെ സഞ്ചരിച്ച് ശുഭപര്യവസാനിയാവുന്ന ചിത്രം പ്രതീക്ഷിച്ചെത്തുന്നവരെ രണ്ടാം പകുതി നിരാശരാക്കിയേക്കാം. കോമഡി ട്രാക്കിലോടുന്ന ഒരു ചിത്രത്തിന് യോജിക്കാത്ത ക്ലൈമാക്സ് ആണ് ചിത്രത്തിൽ കല്ലുകടിയാവുന്നതും മുഷിപ്പിക്കുന്നതും.

ചിത്രത്തിന്റെ ദൃശ്യങ്ങളും സംഗീതവും മികവു പുലർത്തുന്നുണ്ട്. പി. സുകുമാർ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം നൽകിയ പാട്ടുകളും ഇഷ്ടം കവരും.

 

‘ഒരു യമണ്ടൻ പ്രേമകഥ’ എന്ന പേരു നൽകുന്ന പ്രതീക്ഷ തന്നെയാണ് ചിത്രത്തിനു വില്ലനായി മാറുന്നത്. നന്നായി ആക്ഷനും നൃത്തവും ചെയ്യുന്ന, പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന രീതിയിൽ പെർഫോം ചെയ്യുന്ന ദുൽഖറിനെയും താരതമ്യേന ഫ്രെഷ് ആയി തോന്നുന്ന ചില നർമ്മമുഹൂർത്തങ്ങളും കണ്ടിരിക്കാം എന്നതിനപ്പുറത്തേക്ക് പേരിനോട് ചിത്രം നീതി പുലർത്തുന്നില്ല. തിയേറ്ററിൽ ചിരിപടർത്തുന്ന ഹാസ്യമുഹൂർത്തങ്ങളും വൈകാരിക നിമിഷങ്ങളും പെർഫോമൻസുകളുമെല്ലാം ഉണ്ടായിട്ടും ‘ഒരു യമണ്ടൻ പ്രേമകഥ’യെ ഒരു ആവറേജ് ചിത്രമാക്കി മാറ്റുന്നത് ദുർബലമായ തിരക്കഥയാണ്. വ്യത്യസ്തമായൊരു പ്രണയമാണ് ചിത്രം പറയാൻ ശ്രമിക്കുന്നതെങ്കിലും കാഴ്ചക്കാരുടെ ഹൃദയത്തെ സ്പർശിക്കുന്നതിൽ ആ പ്രണയകഥ പരാജയപ്പെടുന്നു എന്ന് പറയേണ്ടി വരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook