യുവനടിമാരിൽ ഏറ്റവും ശ്രദ്ധേയമായ മുഖമാണ് നിമിഷ സജയന്റേത്. ശക്തമായ കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളസിനിമയിൽ തന്റേതായൊരിടം നിമിഷ കണ്ടെത്തികഴിഞ്ഞു.
എന്നാൽ, പലപ്പോഴും നിമിഷയ്ക്ക് നേരെ ഉയരുന്ന പരാതികളിൽ ഒന്ന്, നിമിഷയ്ക്ക് ചിരിക്കാനറിയില്ലെന്നതാണ്. ഗൗരവമുള്ള കഥാപാത്രങ്ങളെയാണ് നിമിഷ കൂടുതലും അവതരിപ്പിക്കുന്നത്, നിമിഷ സജയന് മിക്ക സിനിമകളിലും വിഷാദമുഖമാണ് എന്നൊക്കെയാണ് സോഷ്യൽ മീഡിയയുടെ പൊതുവെയുള്ള പരാതി.
എന്നാൽ ഇപ്പോൾ, ആ പരാതി തീർത്തുകൊടുക്കുകയാണ് നിമിഷ. ശനിയാഴ്ച വൈകിട്ട് ‘ഒരു തെക്കൻ തല്ല് കേസി’ലെ പാട്ട് റിലീസ് ചെയ്തപ്പോൾ മുതൽ നിമിഷയുടെ ചിരിയെ കുറിച്ചാണ് സിനിമാഗ്രൂപ്പുകളിലെ പ്രധാന ചർച്ച. ഈ കുട്ടിക്കാണോ ചിരിക്കാനറിയില്ലെന്ന് പറഞ്ഞത്?, മൊത്തം പരാതി ഒറ്റ പാട്ടിൽ തീർത്തിട്ടുണ്ട് എന്നിങ്ങനെ പോവുന്നു പാട്ടിനുള്ള കമന്റുകൾ.
‘യെന്തര് കണ്ണെടെ’ എന്നു തുടങ്ങുന്ന പ്രണയഗാനത്തിന്റെ രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് റോഷൻ മാത്യുവും നിമിഷയുമാണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം നൽകിയിരിക്കുന്നത്.
ബിജു മേനോൻ, റോഷൻ മാത്യു, പത്മപ്രിയ, നിമിഷ സജയൻ എന്നിവരാണ് ‘ഒരു തെക്കൻ തല്ല് കേസി’ലെ പ്രധാന അഭിനേതാക്കൾ. എന്‍ ശ്രീജിത്ത് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കൃതിയുടെ ചലച്ചിത്രാവിഷ്കരമാണ് ചിത്രം. രാജേഷ് പിന്നാടൻ തിരക്കഥയും മധു നീലകണ്ഠന്‍ ക്യാമറയും നിർവ്വഹിച്ചിരിക്കുന്നു.