ഒന്നോ രണ്ടോ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട്, പ്രേക്ഷകരുടെ ഇഷ്ടം കവർന്ന്, പിന്നീട് സിനിമയിൽ നിന്നും അപ്രത്യക്ഷരായ നിരവധി ബാലതാരങ്ങൾ നമുക്കുണ്ട്. ‘യോദ്ധ’യിൽ റിമ്പോച്ചെയെന്ന ഉണ്ണികുട്ടനായി എത്തിയ സിദ്ധാർത്ഥ് ലാമ, ‘കാഴ്ച’യിൽ കൊച്ചുണ്ട്രാപ്പിയായി എത്തിയ യഷ് അങ്ങനെ എത്രയോ പേർ.
ഇപ്പോഴിതാ, ‘ഒരു മറവത്തൂർ കനവ്’ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ വിഷ്ണു ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അന്നത്തെ മാസ്റ്റർ വിഷ്ണു ഇന്നു ഡോക്ടർ വിഷ്ണു ഗോപാലാണ്. കണ്ണൂർ ആസ്റ്റർ മിംമ്സിൽ ഓങ്കോളജിസ്റ്റ് ആയി സേവനം അനുഷ്ട വിഷ്ണു വിവാഹം ചെയ്തിരിക്കുന്നത് നടിയും അവതാരകയുമായ ശില്പ ബാലയെ ആണ്.
1998ലാണ് ‘ഒരു മറവത്തൂർ കനവ്’ റിലീസ് ചെയ്തത്. 24 വർഷങ്ങൾക്കിപ്പുറം ചിത്രത്തിലെ വിഷ്ണുവിന്റെ കഥാപാത്രത്തെ കുറിച്ച് ലാൽ ജോസിനെ ഓർമ്മിപ്പിച്ചത് നടി ശില്പ ബാല തന്നെയാണ്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസ് കേരള ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു പരിപാടിയുടെ അവതാരകരായ ശിൽപ്പയും ആർ ജെ അരുണും ചേർന്ന് ഇക്കാര്യം ലാൽജോസിന്റെ ശ്രദ്ധയിൽപെടുത്തിയത്.
വിഷ്ണു മെഡിസിനു പഠിച്ചതുവരെയുള്ള കാര്യങ്ങൾ അറിയാമായിരുന്നെന്നും എന്നാൽ ശില്പയെ ആണ് വിഷ്ണു വിവാഹം ചെയ്തത് എന്ന കാര്യം അറിയില്ലായിരുന്നുവെന്നുമാണ് ലാൽ ജോസ് പറഞ്ഞത്. എന്തായാലും ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
ലാൽ ജോസ് സംവിധാനം ചെയ്ത മറവത്തൂർ കനവിൽ ബിജു മേനോന്റെ മകനായിട്ടാണ് വിഷ്ണു അഭിനയിച്ചത്. ബിജു മേനോൻ അവതരിപ്പിച്ച മൈക്കിൾ എന്ന കഥാപാത്രത്തെ കൊന്നത് ചാണ്ടി (മമ്മൂട്ടി) ആണെന്ന് തെറ്റിദ്ധരിച്ച് വിഷ്ണുവിന്റെ കഥാപാത്രം മമ്മൂട്ടിയെ കല്ലെറിയുകയും തല്ലുകയുമെല്ലാം ചെയ്യുന്ന ഒരു രംഗവും ചിത്രത്തിലുണ്ട്.
നടി, നർത്തകി, ഗായിക, റേഡിയോ ജോക്കി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് ശിൽപ ബാല. ഒരു യൂട്യൂബ് വ്ലോഗർ കൂടിയാണ് ഈ യുവനടി. ശിൽപ്പയ്ക്കും വിഷ്ണുവിനും ഒരു മകളാണ് ഉള്ളത് യാമിക.
വിഷ്ണുവിനും യാമികയ്ക്കും ഒപ്പമുള്ള ഒരു ഡാൻസ് റീലും അടുത്തിടെ ശിൽപ്പ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.
