‘തലപ്പാവ്’,’ഒഴിമുറി’ എന്നീ സിനിമകൾക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് നായകനായ ‘ഒരു കുപ്രസിദ്ധ പയ്യൻ’ നവംബർ 9 ന് തിയേറ്ററുകളിലെത്തുന്നു. മധുപാലിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് ആദ്യമായി നായകനാകുന്ന ‘ഒരു കുപ്രസിദ്ധ പയ്യൻ’ ക്രൈം ത്രില്ലർ ഴോണറിൽ വരുന്ന ചിത്രമാണ്. ശാസ്ത്രസംബന്ധിയായ ലേഖനങ്ങളിലൂടെ ശ്രദ്ധേയനായ ജീവൻ ജോബ് തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വി സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിമിഷാ സജയൻ, അനു സിത്താര എന്നിവരാണ് നായികമാർ. ശരണ്യ പൊൻവണ്ണൻ, നെടുമുടി വേണു, സിദ്ദിഖ്, ബാലു വർഗ്ഗീസ്, ദിലീഷ് പോത്തൻ, അലൻസിയർ, സുജിത്ത് ശങ്കർ, മാലാ പാർവതി, സുധീർ കരമന, ശ്വേതാ മേനോൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
നൗഷാദ് ഷരീഫ് ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചനാണ്. മഹായാനത്തിനു ശേഷം ശ്രീകുമാർ തമ്പിയും ഔസേപ്പച്ചനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഒരു കുപ്രസിദ്ധ പയ്യൻ’.
‘വള്ളിക്കുടിലിലെ വെള്ളക്കാരൻ’
ബാലതാരമായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ ഗണപതിയും ബാലു വർഗ്ഗീസും നായകന്മാരാവുന്ന ചിത്രമാണ് ‘വള്ളിക്കുടിലിലെ വെള്ളക്കാരൻ’. പുതു തലമുറയുടെ യൂറോപ്പ് ഭ്രമം കുടുബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളും നവക്കാഴ്ചപ്പാടുകളും വ്യക്തമായ രാഷ്ട്രീയത്തിലൂടെ നർമ്മ രസപ്രദമായി അവതരിപ്പിക്കുകയാണ് ‘വള്ളിക്കുടിലിലെ വെള്ളക്കാരൻ’ എന്ന ഫാമിലി എന്റർടെയിനർ ചിത്രം.
കുടുംബവുമൊത്ത് ജീവിക്കാൻ വേണ്ടി യൂറോപ്പ് ഉപേക്ഷിച്ച് കേരളനാട്ടിൽ എത്തി ജീവിതം കരുപ്പിടിപ്പിച്ച ജോസഫിന്റെ മക്കളാകട്ടെ കൗമാരം പിന്നിട്ടപ്പോൾത്തന്നെ യൂറോപ്പ് സ്വപ്നം കാണാൻ തുടങ്ങി. തുടർന്ന് ആ കുടുംബത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒരു കാരണവശാലും ഇരുവരും പോകരുതെന്നാഗ്രഹിക്കുന്ന മാതാപിതാക്കളും പോയേ തീരൂ എന്ന വാശിയിൽ മക്കളും.
ലാൽ, മുത്തുമണി, അജു വർഗീസ്, രൺജി പണിക്കർ, വിഷ്ണു ഗോവിന്ദൻ, സാജു നവോദയ, മറിമായം ശ്രീകുമാർ, മാലാ പാർവ്വതി, കുളപ്പുള്ളി ലീല, തനൂജ കാർത്തിക്, ആൽഫി പഞ്ഞിക്കാരൻ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
നവാഗതനായ ഡഗ്ലസ്സ് ആൽഫ്രഡ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോസ് ജോണും ജിജോ ജസ്റ്റിനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പവി കെ പവൻ ആണ് ഛായാഗ്രഹണം. ഹരിനാരായണൻ ഗാനരചനയും ദീപക് ദേവ് സംഗീതവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. മലർ സിനിമാസിന്റെ ബാനറിൽ ജുവിസ് പ്രൊഡക്ഷനും ചേർന്ന് നേവിസ് സേവ്യർ, സിജു മാത്യു, സജ്ഞിത വി എസ്സ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.