നായകന്റെയോ നായികയുടെയോ അമ്മ വേഷങ്ങൾക്ക് എന്താണ് ഒരു സിനിമയിൽ പ്രസക്തി എന്ന ചോദ്യത്തിന് ഏറ്റവും തെളിമയാർന്ന ഉത്തരമാണ് ശരണ്യ പൊൻവണ്ണന്‍. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാത്ത, ശക്തയായ അമ്മ വേഷങ്ങൾ കാണണമെങ്കിൽ ശരണ്യയുടെ രണ്ടാം വരവിലെ സിനിമകൾ കണ്ടാൽ മതിയാവും. സീനു രാമസാമി സംവിധാനം ചെയ്ത ‘തെൻമേർക്കു പരുവക്കാറ്റ്’ എന്ന ഒറ്റചിത്രം കണ്ടാലും മതി.

 വലിച്ചു വാരി ചുറ്റിയ സാരിയും, മുറുക്കി ചുവപ്പിച്ച ചുണ്ടും, ചോര വാർന്നൊഴുകുന്ന കുത്തേറ്റ വയറും അമർത്തിപ്പിടിച്ചുകൊണ്ട് തേനി ഗ്രാമത്തിലെ പൊള്ളുന്ന വയലേലകളിലൂടെ ധൃതിപ്പെട്ട് നടക്കുന്ന തന്റേടിയായ വീരായിയെ അത്ര പെട്ടെന്നൊന്നും സിനിമാസ്വാദകർക്ക് മറക്കാനാവില്ല. ഉൾനാടൻ തമിഴ് ഗ്രാമങ്ങളിലെ സ്ത്രീകളുടെ പെരുമാറ്റരീതികളും സംസാരശൈലിയും ശരീരഭാഷയും അതേപടി എടുത്തണിഞ്ഞ്, ദേഷ്യവും സ്നേഹവുമെല്ലാം അനായാസേന ആവിഷ്കരിച്ച് ശരണ്യ പൊൻവണ്ണൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രങ്ങളിലൊന്നായിരുന്നു അത്. സിനിമയ്ക്കുമപ്പുറം കാഴ്ചക്കാരെ പിൻതുടർന്ന കഥാപാത്രങ്ങളിലൊന്നായിരുന്നു വീരായി. സിനിമയിൽ നായകനായ വിജയ് സേതുപതിയേക്കാളും പലപ്പോഴും ശരണ്യയുടെ ‘വീരായി’ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡും ‘വീരായി’ ശരണ്യയ്ക്ക് നേടി കൊടുത്തു.

80 കളില്‍ മലയാളം സിനിമകളിൽ നായിക വേഷങ്ങളിൽ തിളങ്ങിയ ശരണ്യ, ഇടവേളയ്ക്ക് ശേഷം മറ്റൊരു കരുത്തയായ കഥാപാത്രവുമായി മലയാളത്തിലേക്ക് തിരിച്ചെത്തിയത്  മധുപാൽ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യനി’ലൂടെയാണ്. മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചും പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചും തന്നെ മുന്നോട്ട് നയിക്കുന്ന ചില ‘പാഷനുകളെ’ കുറിച്ചുമൊക്കെ ഇന്ത്യൻ​​ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് ശരണ്യ പൊൻവണ്ണൻ.

വർഷങ്ങൾക്കു ശേഷമാണല്ലോ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ‘ഒരു കുപ്രസിദ്ധ പയ്യനി’ൽ എങ്ങനെയാണ് എത്തിച്ചേർന്നത്?

മധുപാലാണ് ചിത്രത്തിലേക്ക് എന്നെ വിളിക്കുന്നത്. ചെമ്പമ്മാൾ എന്ന തമിഴ് കഥാപാത്രമായാണ് അഭിനയിക്കേണ്ടത് എന്നറിഞ്ഞപ്പോൾ തന്നെ ഞാൻ എക്സൈറ്റഡായി. എനിക്ക് കുറച്ചുകൂടി കംഫർട്ടബിൾ ഫീൽ തോന്നി. വളരെ അട്രാക്റ്റീവ് ആയി തോന്നിയ വേറൊരു കാര്യം, എനിക്കു തന്നെ ഡബ്ബ് ചെയ്യാലോ എന്നാണ്. തമിഴിൽ എന്റെ ഏറ്റവും വലിയ പ്ലസ് എന്റെ വോയിസാണ്. മലയാളം സിനിമയൊക്കെ വരുമ്പോൾ​ ആകെയുള്ള വിഷമം, നമ്മുടെ വോയിസ് അല്ലല്ലോ പ്രേക്ഷകർ കേൾക്കുക എന്നതാണ്. ഇത് തമിഴ് കഥാപാത്രമായതോണ്ട് എന്നെ കൊണ്ട് തന്നെ ചെയ്യിപ്പിക്കും എന്ന കോൺഫിഡൻസ് എനിക്കുണ്ടായിരുന്നു. ഞാനാദ്യമായി ഡബ്ബ് ചെയ്യുന്ന മലയാള സിനിമയാണ് ‘ഒരു കുപ്രസിദ്ധ പയ്യൻ’.

മധുപാലിനെ മുൻപ് പടത്തിലൊക്കെ കണ്ടിരുന്നെങ്കിലും നേരിട്ട് കണ്ടിരുന്നില്ല. കഥ പറയാൻ വന്നപ്പോഴാണ് നേരിട്ട് കണ്ടത്. വളരെ നല്ലൊരു വ്യക്തിയും ഹ്യൂമൻ ബീയിങ്ങുമാണ് മധുപാൽ. കഥാപാത്രത്തിന് വേണ്ട അഭിനയം എളുപ്പം നമ്മളെ കൊണ്ട് ചെയ്യിപ്പിച്ചെടുക്കും. ഡബ്ബിംഗ് കഴിഞ്ഞപ്പോൾ ‘ഇതൊക്കെ എപ്പോഴാണ് എടുത്തത്,’ എന്ന ഫീലായിരുന്നു എനിക്ക്. നമ്മളെ പോലും ബുദ്ധിമുട്ടിപ്പിക്കാതെയാണ് അദ്ദേഹം സിനിമയ്ക്ക് വേണ്ടത് നമ്മളെ കൊണ്ട് ചെയ്യിപ്പിക്കുന്നത്.

എനിക്ക് ശരിക്കും അത്ഭുതം തോന്നിയിട്ടുണ്ട്, സിനിമകളിൽ മധുപാൽ എന്ന നടനെ കണ്ട പരിചയമേ എനിക്കുണ്ടായിരുന്നുള്ളൂ. അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ ഒന്നും ഷൂട്ടിംഗിന് മുൻപ് ഞാൻ കണ്ടിട്ടില്ലായിരുന്നു.

ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞു വന്നതിനു ശേഷമാണ് ‘തലപ്പാവ്’ കണ്ടത്. ഞാനത് മധുപാലിനോട് പറയുകയും ചെയ്തു. ‘കമ്മിറ്റ് ചെയ്യും മുൻപ് എനിക്ക് അറിയില്ലായിരുന്നു, ഇപ്പോഴാണ് മനസ്സിലായത്. നല്ലൊരു സംവിധായകന്റെ കൂടെയെനിക്ക് അഭിനയിക്കാൻ കഴിഞ്ഞു’ എന്ന്.

ഒരു കുപ്രസിദ്ധ പയ്യനില്‍ ടൊവീനോ തോമസിനൊപ്പം ശരണ്യ

ആരാണ് ‘ചെമ്പമ്മാൾ’?

കഥയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒരാളാണ്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ കഥ കേട്ടപ്പോൾ തന്നെ വലിയ റോളാണ്, പ്രാധാന്യമുള്ള റോളാണെന്നു എനിക്ക് മനസ്സിലായി.

സാധാരണ സ്ത്രീ കഥാപാത്രങ്ങൾക്ക് സിനിമയിൽ മെയിൽ ക്യാരക്ടേഴ്സിനെ വെച്ചു നോക്കുമ്പോൾ പ്രാധാന്യം കുറവല്ലേ. തമിഴിൽ ഞാൻ അമ്മയായിട്ട് മാത്രമാണ് അഭിനയിക്കുന്നത്, പക്ഷേ അവിടെ എനിക്ക് നല്ല, ഡോമിനെന്റായ റോളുകളാണ് ലഭിക്കുന്നത്. ഇവിടെയും അത്തരത്തിലുള്ള നല്ല, പ്രാധാന്യമുള്ള ഒരു റോൾ കിട്ടി എന്നതാണ് എന്റെ സന്തോഷവും ഭാഗ്യവും.

തമിഴിലെ ചെറുപ്പക്കാരായ എല്ലാ ഹീറോസിന്റെയും അമ്മയായി ഞാൻ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിൽ, ഞാനത് ടൊവിനോയിൽ നിന്നും തുടങ്ങി. രസകരമായിരുന്നു ടൊവിനോയുടെ കൂടെയുള്ള അഭിനയം. ടൊവിനോയ്ക്കൊപ്പം കംഫർട്ടബിൾ ആയതുകൊണ്ടാണ് വളരെ എളുപ്പം സിനിമയ്ക്ക് വേണ്ട ആ പെര്‍ഫെക്ഷൻ കൊണ്ടു വരാനും റിലേറ്റ് ചെയ്യാനും പറ്റിയത്.

എന്തൊക്കെയാണ് മറ്റു പുതിയ ചിത്രങ്ങൾ?

സിനിമകളുടെ കാര്യത്തിൽ വളരെ സെലക്ടീവ് ആണ് ഞാൻ. വളരെ ഇഷ്ടമായാൽ മാത്രമേ ഞാൻ സിനിമ ചെയ്യുകയൂള്ളൂ. ‘രാത്സസൻ’ ചിത്രത്തിലെ നായകൻ വിഷ്ണു വിശാലിന്റെ പുതിയ ചിത്രമാണ് കമിറ്റ് ചെയ്ത ചിത്രം. ചില പ്രൊജക്റ്റുകൾ ചർച്ചയിലുണ്ട്. തീരുമാനമായിട്ടില്ല.

അഭിനയത്തിനു പുറമെ ഫാഷൻ ഡിസൈനിംഗിലും തൽപ്പരയാണല്ലോ. എങ്ങനെയാണ് ഫാഷൻ ഡിസൈനിംഗിലെത്തിചേർന്നത്?

ഫാഷൻ ഡിസൈനിംഗ് എന്റെ പാരലൽ പ്രൊഫഷനും പാഷനുമൊക്കയാണ്. 23 വർഷങ്ങൾക്ക് മുൻപാണ് ഒരു ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ഞാൻ ഫാഷൻ ഡിസൈനിംഗ് പഠിക്കുന്നത്.

എന്റെ അമ്മ വളരെ നന്നായി തയ്ക്കുമായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ എന്റെ ഡ്രസ്സുകളെല്ലാം അമ്മയായിരുന്നു തയ്ച്ചത്. കീറിയതു പോലും ഞാൻ തയ്‌ക്കുക ഇല്ലായിരുന്നു. അമ്മ എന്നെ എപ്പോഴും വഴക്കു പറയുമായിരുന്നു, നീയെപ്പോഴാണ് ഇതൊക്കെ പഠിക്കുന്നത്, നിനക്ക് തയ്യൽ പഠിച്ചുകൂടെ എന്നൊക്കെ ചോദിക്കും.

23 വർഷങ്ങൾക്ക് മുൻപാണ് അമ്മ മരിക്കുന്നത്. അമ്മ മരിച്ചതിൽ പിന്നെ അമ്മയുടെ മെഷീനൊക്കെ വെറുതെ കിടക്കുന്നതു കാണുമ്പോൾ എനിക്ക് സങ്കടം തോന്നി. അങ്ങനെയാണ് ഞാൻ ഫാഷൻ ടെക്നോളജിയ്ക്ക് പഠിക്കുന്നത്. അമ്മയുടെ അടുത്തു നിന്ന് തയ്യൽ പഠിക്കാതെ പോയതിൽ ഇന്നും വിഷമം തോന്നാറുണ്ട്.

ആദ്യം എന്റെ ഡ്രസ്സുകൾ മാത്രമായിരുന്നു ഞാൻ തയ്ച്ചു കൊണ്ടിരുന്നത്. പിന്നെ സഹോദരന്റെ ഭാര്യയ്ക്കും മക്കൾക്കുമൊക്കെ തയ്ച്ചു കൊടുത്തു തുടങ്ങി. ഞാൻ അറിയാതെ, എന്റെ രക്തത്തിൽ ഡിസൈനിംഗിനോട് ഒരിഷ്ടമുണ്ടെന്ന് മനസ്സിലാവുകയായിരുന്നു.

പിന്നെ ഭ്രാന്തു കയറിയ പോലെ രാത്രിയും പകലുമില്ലാതെ തയ്ക്കും. ഫ്രണ്ട്സ് ആരെങ്കിലും ചോാദിച്ചാൽ അവർക്കു വേണ്ടിയൊക്കെ തയ്ച്ചു കൊടുക്കും. പിന്നെ എനിക്ക് രണ്ടു പെൺകുട്ടികൾ ജനിച്ചതോടെ തയ്യലിനോടുള്ള ഭ്രാന്ത് കൂടി. പുതിയ ഓരോ ഡിസൈനുകൾ റിസർച്ച് ചെയ്ത് കണ്ടുപിടിച്ച് തയ്ച്ചു കൊടുക്കും. അവര് കോളേജിലിടുന്ന എല്ലാ ഉടുപ്പുകളും ഞാൻ തയ്ക്കുന്നതാണ്. സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോഴാണ് ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത്. ആദ്യം ഒരു ട്യൂഷൻ സെന്റർ പോലെ തുടങ്ങിയതാണ്, ഇപ്പോ 150 ലേറെ സ്റ്റുഡൻസ് ഉണ്ട്. ഡി സോഫ്റ്റ് (ഡിസൈനിംഗ് സ്കൂൾ ഓഫ് ഫാഷൻ ടെക്നോളജി) എന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേര്.

Read more: അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും അമ്മയുടെ തയ്യല്‍ മെഷീനും: ശരണ്യയുടെ കഥ

കുടുംബത്തോടൊപ്പം ശരണ്യ

ചൈന്നെയിൽ വിരുഗമാക്കത്തിൽ എന്റെ വീടിന് അടുത്ത് തന്നെയാണ് ഇൻസ്റ്റിറ്റ്യൂട്ടും. അച്ഛൻ ഞങ്ങളുടെ കൂടെയാണ് താമസം. വിവാഹ ശേഷം അച്ഛനെയും കുട്ടികളുടെയും വീട്ടിലെയും കാര്യം നോക്കി സ്വസ്ഥമായി ഇരുന്ന് ചെയ്യാവുന്ന എന്തെങ്കിലും ബിസിനസ്സ് എന്ന രീതിയിൽ തുടങ്ങിയതാണ്. പിന്നെ ടീച്ചിംഗ് വളരെ നോബിൾ ആയുള്ള ഒരു പ്രൊഫഷൻ ആണല്ലോ. പക്ഷേ ഇപ്പോൾ എല്ലാം കൂടി ശരിക്കും ഹെക്റ്റിക്ക് ആയി. വേറെ ഒന്നിനും സമയമില്ല. 10 സ്റ്റാഫുകൾ ഉണ്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ.

തിരക്കുകൾ സമ്മാനിക്കുന്നുണ്ടെങ്കിലും എനിക്കിഷ്ടമാണ് ഈ പാഷൻ. അതെന്റെ അമ്മയെ ഓർമ്മപ്പെടുത്തൽ ആണ്. അമ്മയുടെ സ്വപ്നമായിരുന്നു, ഞാൻ തയ്ക്കണമെന്നത്. പിന്നെ ഇതൊരു വുമൺ എൻപവർമെന്റ്​ കാര്യം കൂടിയാണല്ലോ. ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാവാൻ കഴിയുന്നു എന്നത് സന്തോഷം തരുന്നുണ്ട്.

അച്ഛൻ പ്രമുഖനായ സംവിധായകൻ. ഭർത്താവും അഭിനേതാവ്. മക്കൾക്കും അഭിനയത്തിൽ താൽപ്പര്യമുണ്ടോ?

രണ്ട് മക്കളാണ് എനിക്ക്, പ്രിയദർശിനിയും ചാന്ദ്നിയും. രണ്ടുപേരും എംബിബിഎസ് വിദ്യാർത്ഥിനികളാണ്. ഒരാൾ ഫൈനൽ ഇയറും മറ്റെയാൾ സെക്കന്റ് ഇയറും. സിനിമ രണ്ടാൾക്കും ഇഷ്ടമാണ്.​ രണ്ടുപേരും എല്ലാ സിനിമകളും കാണും. മലയാളം മൂവീസ് ഒക്കെ കൃത്യമായി വാച്ച് ചെയ്യും. സിനിമയെ കുറിച്ച് വളരെ ​അപ്ഡേറ്റ്ഡ് ആണ്. ഇന്ന സിനിമ ഇറങ്ങി, ഇയാളാണ് നായകൻ, നായിക, സംവിധായകൻ എന്നൊക്കെ എനിക്കും പറഞ്ഞും തരും. പക്ഷേ രണ്ടുപേർക്കും അഭിനയിക്കാൻ താൽപ്പര്യമില്ല. അവരുടെ ഇഷ്ടം മെഡിക്കൽ ഫീൽഡിനോടാണ്. തയ്യൽ, എംബ്രോയിഡറി തുടങ്ങിയ കാര്യങ്ങളോടൊക്കെ രണ്ടുപേർക്കും ഇഷ്ടമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook