Madhupal Interview: സമൂഹത്തിന്റെ മനസ്സാക്ഷിയ്ക്ക് മുന്നിലേക്ക് നീട്ടിപ്പിടിച്ച കണ്ണാടി പോലെയാണ് ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്ന സിനിമ. മനസാ വാചാ അറിയാത്ത തെറ്റിന്റെ പേരിൽ ക്രൂശിക്കപ്പെടുകയും, എത്ര മൂടി വെച്ചാലും സത്യം അതിന്റെ മറ നീക്കി പുറത്തു വരുമെന്ന് ജീവിതം കൊണ്ട് ബോധ്യപ്പെടുകയും ചെയ്ത അജയന്റെ കഥ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടർന്നു കൊണ്ടിരിക്കുമ്പോൾ ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ അമരക്കാരൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് സംസാരിക്കുകയാണ്. കഥാപാത്രങ്ങൾ തന്നെ തേടിയെത്തിയ വഴികളെ കുറിച്ച്, തന്റെ നിലപാടുകളെ കുറിച്ച് മധുപാൽ മനസ്സു തുറക്കുന്നു.
‘തലപ്പാവും’ ‘ഒഴിമുറി’യുമെല്ലാം യഥാർത്ഥ ജീവിതസംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രങ്ങൾ. ‘ഒരു കുപ്രസിദ്ധ പയ്യൻ’ അതില്‍ നിന്നും വ്യത്യസ്തമാകുന്നുണ്ടോ?
‘ഒരു കുപ്രസിദ്ധ പയ്യനും’ കേരളത്തിൽ നടന്നതോ, നടന്നു കൊണ്ടിരിക്കുന്നതോ ഇനിയും നടക്കാൻ സാധ്യതയുള്ളതോ ആയൊരു കഥയാണ്. ജീവന്‍ ജോബ് തോമസ് എഴുതിയ തിരക്കഥ ഞാനാദ്യം കാണിക്കുന്നത് സുഹൃത്തുക്കളായ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയാണ്.
കാരണം, പോലീസുകാർ വ്യാപകമായി ഈ സിനിമയുടെ ഭാഗമായി വരുന്നുണ്ട്; അതുപോലെ ജുഡീഷ്യറി, ലോക്കൽ പോലീസ്, ക്രൈം ബ്രാഞ്ച്, കസ്റ്റഡി, പൊലീസുകാരുടെ ആറ്റിറ്റ്യൂഡ് അങ്ങനെ പല ഏരിയകളിലൂടെയാണ് കഥ കടന്നു പോകുന്നത്. തിരക്കഥയിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകളോ കുറ്റങ്ങളോ കുറവുകളോ വന്നിട്ടുണ്ടോ എന്നൊരു പരിശോധന ആവശ്യമായിരുന്നു.
സ്ക്രിപ്റ്റ് വായിച്ച റിട്ടയേർഡ് ഐ ജി പറഞ്ഞത്, “നീ പോകുന്ന വഴി കണ്ടപ്പോ, എനിക്കിത് പരിചിതമാണല്ലോ, എന്താണ് നീ ഈ വഴികളിലൂടെ പോവുന്നത് എന്നൊക്കെയാണ് ഞാൻ ചിന്തിച്ചത്. ആ ക്യൂരിയോസിറ്റി വായന തീരും വരെ എനിക്കുണ്ടായിരുന്നു. നീ പോയ വഴിയൊക്കെ ശരിയാണ്. എന്നാൽ ഇതിലുള്ള ചില കാര്യങ്ങൾ ഫിക്ഷൻ ആണെന്ന് തോന്നും. കാരണം, എത്രത്തോളം റിയാലിറ്റി നമ്മൾ കൊണ്ടു വന്നാലും, ഏയ് ഇതൊന്നും ഉണ്ടാകില്ല എന്നു പറയുന്ന ഒരു ആറ്റിറ്റ്യൂഡ് പലപ്പോഴും ആളുകളുടെ മനസ്സിൽ ഉണ്ടാകും,” എന്നാണ്.
സ്ക്രിപ്റ്റ് പൂർത്തിയായി കഴിഞ്ഞാണ് ജിഷ കൊലപാതകം നടക്കുന്നത്. തിരക്കഥയിൽ ഞങ്ങളെഴുതിയ കുറേ കാര്യങ്ങളുമായി ജിഷ കൊലപാതക കേസിനു സാമ്യമുണ്ടായിരുന്നു. ജിഷ കൊലപാതകവുമായി സാമ്യം വരുമെന്ന് തോന്നിയതിനാൽ കുറച്ചു ഭാഗങ്ങൾ തിരക്കഥയിൽ നിന്നും എടുത്തു കളഞ്ഞു.
സിനിമയിൽ പൊലീസിന്റെ കയ്യിൽ ആദ്യം തന്നെ തെളിവായി കിട്ടുന്ന ഒരു ചെരിപ്പുണ്ട്. ലോക്കൽ പോലീസ് ആ ചെരിപ്പ് സംശയമുള്ളവരുടെയൊക്കെ കാലിൽ ഇടുവിച്ചു നോക്കുന്ന ഒരു സ്വീകൻസ് ആദ്യം ഞങ്ങൾ എഴുതിയിരുന്നു. ആ രംഗങ്ങളൊക്കെ അതു പോലെ തന്നെ ജിഷ കൊലപാതക കേസിന്റെ അന്വേഷണത്തിൽ സംഭവിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.
ഇതൊക്കെ പൊലീസ് സാധാരണ ചെയ്യുന്നതാണെന്നായിരുന്നു സുഹൃത്തായ ഓഫീസറും പറഞ്ഞത്. ഇതു പോലുള്ള എന്തെങ്കിലും തെളിവുകൾ വീണു കിട്ടുമ്പോൾ, അതെവിടുന്നു വന്നു എന്നതിന്റെ സാധ്യതകൾ അവർ അന്വേഷിക്കാറുണ്ട്. അത് ആരുടേതാണ് എന്നറിയാനായി ഒരു പ്രദേശം മുഴുവൻ അന്വേഷണമുണ്ടാകും. ശരീരത്തിൽ കടിയുടെ പാടുകൾ ഉണ്ടെങ്കിൽ കടിച്ച പല്ലിന്റെ പാടുകൾ എടുക്കാൻ പല്ലിന്റെ വീതിയൊക്കെ അളന്നെടുക്കും. അതിനായി ചിലപ്പോൾ മാങ്ങയോ പേരക്കയോ ഒക്കെ ഉപയോഗിക്കും. ഇത്തരം കാര്യങ്ങളൊക്കെ തിരക്കഥയുടെ ആദ്യ ഭാഗത്ത് ഉണ്ടായിരുന്നു, എന്നാൽ പിന്നീട് കുറേയൊക്കെ എടുത്തു മാറ്റി. എന്തു കൊണ്ടെന്നു ചോദിച്ചാൽ, രണ്ടു സംഭവങ്ങളും തിരക്കഥയിൽ വന്നപ്പോൾ നമുക്ക് ആ വഴികളല്ല വേണ്ടത് എന്ന് തോന്നി.
തിരക്കഥ പ്ലാൻ ചെയ്യുമ്പോൾ ഇതുപോലെ കുറെ ഡീറ്റൈലിംഗ് ചെയ്തിരുന്നു. ആ ഡീറ്റൈലിംഗ് പോലീസ് ഉദ്യോഗസ്ഥർക്ക് പോലും സ്വീകാര്യമായിരുന്നു. ‘വാട്ട് ഈസ് നെക്സ്റ്റ്?’ എന്ന ഫീൽ ഉണ്ടാക്കാൻ ഉള്ള ശ്രമം നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. അടുത്തതെന്ത് എന്ന ആകാംക്ഷ മാത്രമല്ല, സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ കഥാപാത്രങ്ങൾക്ക് ഒപ്പം സഞ്ചരിക്കാൻ പ്രേക്ഷകനു കഴിയണം. ശരിക്കും ‘ഒരു കുപ്രസിദ്ധ പയ്യൻ’ പ്രേക്ഷകൻ വിചാരിക്കുന്ന വഴിയെ പോകുന്ന ഒരു കഥയല്ല, എന്നാൽ പ്രേക്ഷകനിൽ നിന്നും വേറിട്ട് പോകാതെ അവനുമായി അടുപ്പിക്കുന്ന രീതിയിലാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.
അതു കൊണ്ടാക്കെയാണ് ഞാൻ പറഞ്ഞത്, ഈ കഥ എപ്പോ വേണമെങ്കിലും എവിടെ വേണമെങ്കിലും ആർക്കും സംഭവിക്കാവുന്ന ഒന്നാണെന്ന്. ഏതു നിമിഷം വേണമെങ്കിലും ഞാനോ നിങ്ങളോ കുറ്റവാളി ആക്കപ്പെടാം. അങ്ങനെയൊരു ‘നിമിഷം’ നമ്മുടെയെല്ലാം ജീവിതത്തിലുണ്ട്.
കോഴിക്കോട് ഇതു പോലൊരു കൊലപാതകക്കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടല്ലോ. ഇതേ രീതിയിൽ കുറ്റാരോപിതനാവുകയും പിന്നീട് നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് കോടതി വെറുതെ വിടുകയും ചെയ്ത ജയേഷ് എന്ന ചെറുപ്പക്കാരൻ, അത്തരം സംഭവങ്ങളും സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ടോ?
സമൂഹത്തിലെ നിരവധി സംഭവങ്ങൾ ഫിക്ഷണലൈസ് ചെയ്തിരിക്കുകയാണ് ‘ഒരു കുപ്രസിദ്ധ പയ്യനിൽ’. നമുക്ക് ചുറ്റും നടക്കുന്ന ഹ്യൂമൻ സ്റ്റോറികളും ജീവിതകഥകളുമൊക്കെ നമ്മള് എടുത്തു ഉപയോഗിക്കുമ്പോൾ അതിന് ഒരു ഫിക്ഷണലൈസേഷന്റെ സ്വഭാവമുണ്ടാവും. ജീവിതത്തിൽ കാണുന്ന പല കാര്യങ്ങളും സത്യസന്ധ്യമായി അവതരിപ്പിക്കുമ്പോൾ, ഇങ്ങനെയൊക്കെ ജീവിതത്തിലുണ്ടാകുമോ എന്നാണ് പലരും ചോദിക്കുക. എന്നാൽ, സിനിമയിൽ കാണുന്നതിലും നൂറിരട്ടി കരുത്തുള്ള വിഷയങ്ങൾ യഥാർത്ഥ ജീവിതത്തിൽ ഉണ്ടാവാറുണ്ട്. അവിശ്വസനീയമായി തോന്നുന്ന ജീവിതാനുഭവങ്ങളെ വിശ്വാസത്തിന്റെ വഴിയിലേക്ക് കൊണ്ടു വരികയാണ് സിനിമ ചെയ്യുന്നത്.
Read More: Oru Kuprasidha Payyan Review: സമൂഹം കോര്‍ണര്‍ ചെയ്യുന്നവരുടെ ഹൃദയസ്പര്‍ശിയായ കഥ
ജയേഷിന്റെ കഥ മാത്രമല്ല, ജിഷ കൊലപാതകം നമ്മൾ കണ്ടതാണ്. അതു പോലുള്ള ഒരുപാട് ആളുകളുടെ കഥകളും മുഖങ്ങളും വാർത്തകളിൽ നമ്മൾ കണ്ടിട്ടുണ്ട്. ഈ പറയുന്ന പല സംഭവങ്ങളും ഫിക്ഷനേക്കാൾ അവിശ്വസനീയമായ വലിയ യാഥാർത്ഥ്യങ്ങളല്ലേ? ജയേഷിന്റെ സംഭവവും നമ്മളെ ബാധിച്ചിട്ടുള്ളതാണ്. അതു കാണുമ്പോഴും നമുക്ക് പറയണമെന്ന് തോന്നിയിട്ടുണ്ട്. ആരെയെങ്കിലുമൊക്കെ ഈ വിഷയങ്ങൾ അറിയിക്കണമെന്നും, കാരണം സത്യമെവിടെയോ ഒളിഞ്ഞു കിടക്കുകയാണ്. ഒളിപ്പിച്ചു വച്ചിരിക്കുകയാണ്. സത്യം തിരിച്ചറിയപ്പെടണം എന്ന ആഗ്രഹം തന്നെയാണ് ഇത്തരം സിനിമകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
പിന്നെ, ഫിക്ഷനിൽ ആണല്ലോ ‘സംഭവിക്കാം എന്ന സാധ്യത’കളുള്ളത്. ചില കാര്യങ്ങളൊക്കെ കൂടുതൽ ആലോചിക്കുമ്പോൾ അതിൽ പുതിയ സാദ്ധ്യതകൾ തെളിഞ്ഞു വരും. ഉദാഹരണത്തിന്, ഒരു ദിവസം ഞാൻ പത്രം വായിക്കുന്നു. കണ്ണൂരിലെ സൗമ്യയെന്ന സ്ത്രീയുടെ മകൾ മരണപ്പെട്ടു എന്ന വാർത്ത. ആ പരിസരത്ത് എന്റെ കുറച്ചു പൊലീസ് സുഹൃത്തുക്കൾ ഉണ്ട്. എനിക്ക് തോന്നിയൊരു ഇന്റ്യൂഷൻ ഞാൻ അവരുമായി പങ്കുവെച്ചു. ആ വീട്ടിലുള്ള ആരോ ആണ് കൊലപാതകി, എന്നായിരുന്നു എന്റെ മനസ്സിൽ ആദ്യം വന്ന തോന്നൽ.
ആദ്യം മരിക്കുന്നത് ആ വീട്ടിലെ കുട്ടിയാണ്. പിന്നെ അച്ഛൻ കൂടി മരിച്ചു എന്ന വാർത്ത വന്നു. അതോടെ ഞാൻ ഉറപ്പിച്ചു പറഞ്ഞു, ആ വീട്ടിൽ തന്നെയുള്ള ഒരാളാണ് ഈ മരണങ്ങൾക്കു കാരണം. എന്താ അങ്ങനെ തോന്നാൻ കാരണം? എന്നായിരുന്നു സുഹൃത്തിന്റെ ചോദ്യം. ആ വീട്ടിൽ ആർക്കോ എന്തോ കാര്യം സാധിക്കാനുണ്ട്, ചിലപ്പോൾ സ്വത്താകാം, പണമാകാം അതുമല്ലെങ്കിൽ ലൈംഗികതയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമായിരിക്കാം എന്നായിരുന്നു എന്റെ നിഗമനം. ആ സ്ത്രീ തന്നെയായിരുന്നു എല്ലാ കൊലപാതകങ്ങളുടെയും പിറകിലെ കാരണമെന്ന് പിന്നെ തെളിയുകയും ചെയ്തല്ലോ.
ഒരു കഥ ആലോചിക്കുമ്പോൾ ഈ കഥയുടെ വഴിയിതാണ് എന്ന ഒരു തോന്നൽ നമുക്ക് ഉണ്ടാകും. ആ തോന്നലുകൾ ചിലപ്പോ സത്യമാകാം. ചിലപ്പോൾ ഒരു ക്രീയേറ്റീവ് പാർട്ടിന്റെ സുഖം നമുക്കു കിട്ടും. ഈ സിനിമ ചെയ്തു കഴിഞ്ഞപ്പോൾ മ്യൂസിക് ഡയറക്ടർ ഔസേപ്പച്ചനും എന്നോട് പറഞ്ഞത് അതാണ്. ‘ഏതു വഴിക്കാണ് ഇതു പോകുന്നത് എന്നറിയാനായിട്ട് ഒരു ക്യൂരിയോസിറ്റി വർക്ക് ചെയ്തു പോകുന്നുണ്ട്. ഒരൊറ്റ സീൻ മാത്രമാണ് പതിവു പാറ്റേണിൽ ബാക്കി എല്ലാ സീനുകളും കണ്ടപ്പോൾ വേറൊരു തരത്തിൽ എന്നെയിങ്ങനെ പ്രചോദിപ്പിക്കുന്നുണ്ടായിരുന്നു, വർക്ക് ചെയ്യാൻ എന്റെ സംഗീതത്തിനും മോട്ടിവേറ്റ് ചെയ്തിരുന്നു’, എന്നൊക്കെ.
എന്താണ് ടൊവിനോ എന്ന നടനിൽ കാണുന്ന പ്ലസ് പോയിന്റ്?
ടോവിനോ ഒരു ബെസ്റ്റ് ആക്ടർ ആണ്. ശരിക്കും പറഞ്ഞാൽ അയാൾ ആളുകളെ വല്ലാതെ ആകർഷിക്കുന്നുണ്ട്, അത്തരമൊരു കരിസ്മ അയാൾക്കുണ്ട്. സിനിമയോട് വല്ലാത്തൊരു പാഷനുണ്ട്. അതാകട്ടെ, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വരുന്നതുമാണ്. അയാൾ ഒരിക്കലും കള്ളത്തരത്തിന്റെ വഴിയിലേക്ക് പോകുന്നത് കണ്ടിട്ടില്ല. അയാൾ പറയുന്നതിലും പ്രവർത്തിക്കുന്നതിലുമെല്ലാം അയാളുടേതായ ഒരു മാച്ച് ഉണ്ട്. ഒപ്പം അയാൾക്ക് ശരിയല്ല എന്ന് തോന്നുന്ന കാര്യങ്ങൾ തുറന്നു പറയാനുള്ള അവകാശത്തെയും അയാൾ നല്ല രീതിയിൽ ഉപയോഗിക്കുന്നുണ്ട്.
എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ഒരു തെറ്റുണ്ടാകുമ്പോൾ അത് ശരിയല്ല എന്ന് പറയാനും അതു പോലെ അയാളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഒരു തെറ്റ് തിരുത്താനുമുള്ള ഒരു സ്‌പെയ്സ് ഞങ്ങൾക്കിടയിൽ എപ്പോഴുമുണ്ടായിരുന്നു. തെറ്റുകൾ തിരുത്താൻ അയാൾ തയ്യാറാണ് എന്നതാണ് ഇതിന്റെ പോസിറ്റീവായ വശം. ‘അത് ശരിയല്ല/നല്ലതല്ല’ എന്നൊക്കെ പറയുന്നതിൽ ഒരു ബോൾഡ്നെസ്സ് ഉണ്ട്, അത് ജെന്യുവിനിറ്റിയാണ്. ആ ജെന്യുവിനിറ്റി നമ്മൾ മനസ്സിലാക്കി കഴിഞ്ഞാൽ ആശയവിനിമയം എളുപ്പമാകും. ഞാനും അയാളുമൊക്കെ ഒരേ ലെവലിൽ പോകുന്ന, ഒന്നിച്ചു സഞ്ചരിക്കുന്ന ആൾക്കാരാണ്.
പിന്നെ, തിരുത്തി എന്നത് കൊണ്ട് മൊത്തത്തിൽ സിനിമക്ക് തന്നെയാണ് ഗുണം. സിനിമയുടെ ഔട്ട്പുട്ട് നന്നാകും, അല്ലാതെ വ്യക്തിപരമായ താല്പര്യങ്ങൾക്കു വേണ്ടിയോ അവരുടെ പ്ലഷറിനു വേണ്ടിയോ അല്ല. ആ ഒരു രീതിയിൽ വളരെയധികം സപ്പോർട്ടീവ് ആയിട്ടുള്ള ഒരു ആക്ടർ ആണ് ടൊവിനോ.
Read more: ‘ഒരു കുപ്രസിദ്ധ പയ്യന്‍’: ടൊവിനോ തോമസ് സംസാരിക്കുന്നു
‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്ന ചിത്രം സമ്മാനിച്ച അനുഭവങ്ങൾ? വിസ്മയിപ്പിച്ച താരങ്ങൾ ?
സ്‌ക്രീനിൽ ഒരു പ്രസൻസ് ഉണ്ടാക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. ചില സിനിമകളിൽ ഒറ്റ സീനിലൊക്കെ അഭിനയിച്ചു പോകുന്ന ചില അഭിനേതാക്കൾ ഉണ്ട്. മലയാളത്തിൽ എനിക്ക് അങ്ങനെ തോന്നിയ ആക്റ്റർമാരിൽ ഒരാൾ മുരളി ചേട്ടനും മറ്റെയാൾ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ചേട്ടനുമാണ്. ‘ദേവാസുരം’ എന്ന സിനിമ ആലോചിച്ചു നോക്കൂ, അതിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന നടൻ ഇല്ല,ആ കഥാപാത്രമേയുള്ളൂ. ‘ദേവാസുര’ത്തിന്റെ സെക്കന്റ് പാർട്ട് ആയ ‘രാവണപ്രഭു’വിൽ ആ കഥാപാത്രത്തിന്റെ മകനായി ഞാൻ അഭിനയിച്ചു, ഒരൊറ്റ സീനിലേ ഞാനുമുള്ളൂ. പക്ഷേ, ഇന്നും ഒരുപാടു പേര് ‘രാവണപ്രഭു’ എന്ന സിനിമയേക്കുറിച്ചു സംസാരിക്കാറുണ്ട്. ഞാൻ മോഹൻലാലിന്റെ കൂടെ കുറെ പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, എന്നിട്ടും ‘ദേവാസുര’ത്തിലെ കഥാപാത്രത്തെ ആളുകൾ ഓർക്കുന്നത് എന്റെ അഭിനയം ഗംഭീരമായതു കൊണ്ടൊന്നുമല്ല. ‘ദേവാസുര’ത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ ചെയ്തു വച്ച കഥാപാത്രത്തിന്റെ തുടർച്ചയായതു കൊണ്ടാണ്, ഈ സ്വീകൻസ് കാണുമ്പോ എല്ലാവരും ഉണ്ണിയേട്ടന്റെ കഥാപാത്രത്തെയാണ് ഓർക്കുക. എന്നെക്കാൾ പതിനായിരം ഇരട്ടി കഴിവുള്ള ഒരു മനുഷ്യൻ അവിസ്മരണീയമാക്കി ചെയ്തു പോയതു കൊണ്ട് എനിക്ക് കിട്ടിയ ഒരു ഗ്രേസ് മാത്രമാണ് അത്. അതുപോലെ, മുരളിച്ചേട്ടൻ ‘സൂസന്ന’ എന്ന സിനിമയിൽ ഒരൊറ്റ സീനിൽ വന്നു പോകുന്നുണ്ട്, ഒരൊറ്റ വരവിൽ അഞ്ചു ഡയലോഗുകൾ. അസാധ്യമായ പെർഫോമൻസ് ആണ്. ആ ലെവലിൽ ഉള്ള ആക്ടേഴ്സിനെ നമ്മൾ കണ്ടു പോയിട്ടുണ്ട്. അതിന്റെ ഒരു സുഖം ഒന്ന് വേറെയാണ്.
അതു പോലുള്ള കുറച്ചു ആക്ടേഴ്സിനെ എനിക്കും ഈ ചിത്രത്തിനായി ലഭിച്ചു. വേണുച്ചേട്ടൻ, സിദ്ദിഖ്, അലൻസിയർ, സുധീർ കരമന, ബാലു, ടോവിനോ, നിമിഷ, അനു, ശരണ്യ എന്നു തുടങ്ങി ഈ സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു പോയിട്ടുള്ള ആളുകളിൽ വരെ അവരുടേതായ ഒരു ശ്രമം ഉണ്ടായിട്ടുണ്ട്. പടം കാണുമ്പോൾ അത് വളരെ വ്യക്തമായി മനസ്സിലാകും.
വേണുച്ചേട്ടനൊക്കെ പത്തു നാൽപ്പതു വർഷമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന മനുഷ്യനാണ്, പുള്ളി തന്നെ ഒരു കൗതുകത്തോടുകൂടി ഈ വേഷത്തെ നോക്കി നിന്നിട്ടുണ്ട്. അപ്പിയറൻസ് വൈസ് പോലും വേണു ചേട്ടൻ വളരെ വേറിട്ടു നിൽക്കുകയാണ് സിനിമയിൽ. ഔസേപ്പച്ചൻ എന്ന മ്യൂസിക് ഡയറക്ടർ ഭരതേട്ടന്റെ ഒപ്പം നിരവധി ചിത്രങ്ങളിൽ വർക്ക് ചെയ്തിട്ടുള്ള ആളാണ്, വേണു ചേട്ടനും ഭരതേട്ടന്റെ ചിത്രങ്ങളിലെ നിരവധി മികച്ച റോളുകൾ ചെയ്തിട്ടുണ്ട്. ‘കുപ്രസിദ്ധ പയ്യൻ’ കണ്ടിട്ട് ഔസേപ്പച്ചൻ പറഞ്ഞത്, ഇതിനകത്തു നെടുമുടി വേണുവിനെ കാണാനേ പറ്റുന്നില്ല എന്നാണ്.
അലൻസിയറിന്റെ കഥാപാത്രമൊക്കെ നമ്മുടെ നാട്ടിൽ എവിടെയും കാണുന്ന ഒരു കള്ളു കുടിയൻ ആണ്. പ്ലംബിങ് ജോലിയൊക്കെ ചെയ്യുന്ന ഒരു മനുഷ്യൻ. ഇത്തരം ആളുകളുടെ മനസ്സ് നമുക്ക് റിവീൽ ചെയ്യാൻ കഴിയില്ല. നന്നായി കള്ളു കുടിച്ചു എല്ലാവരെയും ചീത്ത വിളിച്ചു നടക്കുന്ന പ്രകൃതം. ഇവരുടെ ഒറിജിൻ എന്നുള്ളത് നമുക്ക് പിടുത്തം കിട്ടാറില്ല. അത് ചിലപ്പോൾ പെട്ടെന്ന് തിരിച്ചറിയുന്ന ചില ആൾക്കാർ ഉണ്ടാകും. അവർ കൃത്യമായിട്ട് ഇയാളെ വീഴ്ത്തും. അതിൽ അവർ വീഴുകയും ചെയ്യും. അല്ലാതെ അവരെ വീഴ്ത്താൻ ആവില്ല. അത്രേം നന്നായിട്ടു കഥാപാത്രങ്ങളെ നിരീക്ഷിക്കുന്നവർക്കു മാത്രമേ ഇങ്ങനെ അഭിനയിക്കാൻ കഴിയൂ.
കള്ളു കുടിക്കുന്നവരുണ്ടാകാം, കുടിക്കാത്തവരുണ്ടാകാം. അവർ പക്ഷെ റഫ് ആണ്, അതിനിടയിലും അവർ ആലോചിക്കുന്നത് കുടുംബത്തെക്കുറിച്ചു ആയിരിക്കാം. അതിനകത്തു ഒരു ഏരിയ മറ്റാർക്കും തുറന്നു കൊടുക്കാത്ത ഒരവസ്ഥ അവർക്കുണ്ട്. തുറക്കണമെങ്കിൽ ഭാസ്കരന് എന്തെങ്കിലും കൊടുക്കണം എന്ന് പറയുന്നപോലെ ചില കഥാപാത്രങ്ങളുണ്ട്. ഭാസ്കരന് ആവശ്യമുള്ള സാധനം കൊടുത്തപ്പോ ആ കഥാപാത്രമായി മാറി എന്ന് വേണം പറയാൻ. ചില സീനുകളിൽ അലൻസിയറിന്റെ പെർഫോമൻസ് അസാധ്യമായി തോന്നി.
അതു പോലെ, നമുക്ക് നന്നായി അറിയാവുന്ന ചില ആൾക്കാരുടെ മാനറിസങ്ങൾ, ചില ആൾക്കാരുടെ സ്വഭാവങ്ങൾ ഒക്കെ സിനിമയ്ക്ക് ഗുണകരമാവുന്ന രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കും. ഉദാഹരണത്തിന് സുരേഷേട്ടൻ. എനിക്ക് വളരെ വ്യക്തിപരമായി അറിയുന്ന ആളാണ്. സുരേഷേട്ടന്റെ ബേസിക് കാര്യം എന്താന്ന് വച്ചാൽ, കാര്യങ്ങൾ പരിഹരിക്കാനുള്ള കഴിവാണ്. രണ്ടു വശവും കേട്ടു കൊണ്ട് കാര്യങ്ങൾ തീരുമാനിക്കുന്ന ഒരു മനസ്സുണ്ട് അദ്ദേഹത്തിന്. അദ്ദേഹത്തിനുള്ളിൽ തന്നെ ഒരു ന്യായാധിപൻ ഉണ്ട്. ഈ വേഷം ആര് ചെയ്യും എന്ന് ആലോചിച്ചു വന്നപ്പോഴാണ് ഞാൻ സുരേഷേട്ടനിലേക്കു എത്തുന്നത്.
അന്ന് പുള്ളി അഭിനയിച്ചിട്ടില്ല എവിടെയും. അത് ശരിയാകില്ല എന്ന് പറഞ്ഞു. നിങ്ങൾ അഭിനയിച്ചാൽ നന്നാവും എന്ന് ഞാൻ സമാധാനിപ്പിച്ചു. അന്നേരവും പുള്ളി സമ്മതിച്ചില്ല. അതിനു ശേഷമാണ് പുള്ളി ‘രാമലീല’യിൽ അഭിനയിച്ചത്. അപ്പൊ ധൈര്യമായി. ഇപ്പൊ അതിനേക്കാൾ പ്രധാനപ്പെട്ട വേഷം ടി കെ രാജീവ് കുമാറിന്റെ ‘കോളാമ്പി’ എന്ന സിനിമയിൽ അഭിനയിക്കുന്നുണ്ട്. അത് കൂടാതെ ‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ലും ഒരു വേഷം ചെയ്യുന്നുണ്ട്, ഒരു വലിയ റോൾ ആണ് അതും.
സുരേഷേട്ടന്റെ കസിൻ എന്റെ ഒരു സുഹൃത്ത് ആണ്, പുള്ളി പറഞ്ഞത് നിന്നെ അഭിനയിപ്പിച്ചല്ലോ അപ്പൊ നിനക്കും അഭിനയിപ്പിക്കാം എന്നാണ്. എന്റെ ആദ്യചിത്രം ‘കാശ്മീര’ത്തിന്റെ നിർമാതാവായിരുന്നു പുള്ളി. ഇതൊരു മധുരമുള്ള പകവീട്ടലാണെന്നു വേണമെങ്കിൽ പറയാം. (ചിരിക്കുന്നു)
ഈ ചിത്രം സമൂഹത്തോട് എങ്ങനെയായിരിക്കും സംവദിക്കുക, ഒരു സംവിധായകന്റെ കാഴ്ചപ്പാടിൽ അതിനെ എങ്ങനെ നോക്കി കാണുന്നു?
നിങ്ങളുമായിട്ട് ഏതൊക്കെയോ മോമെന്റിൽ ഈ സിനിമ തീർച്ചയായും റിലേറ്റ് ചെയ്യും. നമ്മൾ ജീവിച്ചു പോകുന്ന ചുറ്റുപാടിൽ എപ്പോ വേണമെങ്കിലും നടക്കാൻ സാധ്യതയുള്ള ചില സംഭവങ്ങൾ. ചിലപ്പോൾ നിങ്ങൾ അതിന്റെ ഭാഗമായി പോകാം, അല്ലെങ്കിൽ ട്രാപ്പ് ചെയ്യപ്പെടാം. അതുമല്ലെങ്കിൽ കാഴ്ചക്കാരനായിട്ടെങ്കിലും നോക്കി നിൽക്കേണ്ടി വരും. നമ്മുടെ ചുറ്റുവട്ടത്തെ, നമുക്കൊപ്പം നിൽക്കുന്ന ആളുകളുടെ ഒരു കഥയാണിത്. അത് കൊണ്ട് തന്നെ ഈ കഥ പ്രേക്ഷകരെ വേദനിപ്പിക്കും, സങ്കടപ്പെടുത്തും ഒപ്പം സന്തോഷിപ്പിക്കും ചെയ്യും.
എങ്ങനെയാണ് ഇത്തരമൊരു കഥ കണ്ടെടുക്കുന്നത്?
ജീവൻ പച്ചക്കുതിരയിൽ എഴുതിയ ഒരു ലേഖനത്തിൽ നിന്നുമാണ് ഈ സിനിമയിലേക്ക് എത്തുന്നത്. ആ ലേഖനം വായിച്ചപ്പോഴാണ് ഇങ്ങനെ ഒരു മൂവിക്കു സാധ്യതയുണ്ട് എന്ന തോന്നലുണ്ടാവുന്നത്. ജീവനെ നേരത്തെ അറിയാമായിരുന്നു, കോഴിക്കോട് ആയതു കൊണ്ട് മാത്രമല്ല, എഴുതുന്ന ആള് കൂടി ആയിരുന്നല്ലോ. പരിചയമില്ലാത്ത ആൾക്കാരുമായി വർക്ക് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടാണ്. പരിചയമുള്ള ആളുകളാകുമ്പോൾ ഒരു കംഫോർട്ട് സോൺ കാണും. ശരിയല്ലെങ്കിൽ ശരിയല്ല എന്നും, തെറ്റാണെകിൽ അതും ചൂണ്ടിക്കാട്ടാം. അപരിചിതത്വം ഉണ്ടാകുമ്പോൾ, രണ്ടാമൻ എങ്ങനെയാണ് പെരുമാറുകയെന്ന് നമുക്കറിയില്ല. ഈ സിനിമയ്ക്ക് വേണ്ടി ഒത്തിരി സമയം എടുത്തിട്ടുണ്ട് . 2015 ലാണ് ഐഡിയ കിട്ടുന്നത്, ചിത്രത്തിന്റെ പേരൊക്കെ പിന്നീട് വന്നതാണ്. ഒരുപാടു തവണ സ്ക്രിപ്റ്റ് മാറ്റിയെഴുതിയിട്ടുണ്ട്. ഇത്രയും ചെയ്തിട്ടും വീണ്ടും മാറ്റിയെഴുതണം എന്ന് തോന്നിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.
മുൻ ചിത്രങ്ങളേക്കാൾ കുറച്ചു കൂടി കച്ചവടചേരുവകൾ ഉള്ള ചിത്രമാണല്ലോ ‘ഒരു കുപ്രസിദ്ധ പയ്യൻ’?
2008 ൽ ‘തലപ്പാവ്’ ചെയ്ത സമയത്ത് ഒരു സിനിമയുടെ ഫ്ലാഷ് ബാക്ക് ഒറ്റയടിക്ക് നോൺ ലീനിയർ ആയി പറഞ്ഞു വന്ന ഒരു സിനിമ ഉണ്ടായിട്ടില്ല. പിന്നെയും രണ്ടു മൂന്നു വർഷങ്ങൾ കഴിഞ്ഞാണ് അങ്ങനെയുള്ള സിനിമകൾ മലയാള സിനിമയിൽ വരുന്നത്. 2008 ൽ ആ സിനിമ ചെയ്തപ്പോൾ ഒരുപാടു പേര് ഇതെന്താ ഇങ്ങനെ എന്ന് ചോദിച്ചു. പലർക്കും അന്നത് മനസിലായില്ല.
ബാബു ആണ് അതിന്റെ തിരക്കഥയെഴുതിയത്. നാട്ടുകാർക്ക് മുഴുവൻ അറിയാവുന്ന ഒരു കഥ, അതിനകത്തു പിന്നെ ക്രാഫ്റ്റിൽ മാത്രമേ എന്തെങ്കിലും ചെയ്യാനുള്ളൂ. ആ ക്രാഫ്റ്റ് എത്രയും പെർഫെക്റ്റ് ആക്കുക എന്നു മാത്രമായിരുന്നു പിന്നെ മുന്നിലുള്ളത്. ചിത്രം പുറത്തു വന്നപ്പോൾ, സിനിമ എന്നുള്ള രീതിയിൽ അത് ഗംഭീരമായി. ആ ചിത്രത്തിന് എനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടി, ലാലിന് സ്റ്റേറ്റ് അവാർഡ് കിട്ടി. പല ടെക്‌നിഷ്യൻമാർക്കും സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും കിട്ടി. പക്ഷെ തീയേറ്ററിൽ അങ്ങനെ ഒരു വിജയം ഉണ്ടായില്ല. ഓഡിയൻസ് അന്നതിന് പാകമായിരുന്നില്ല.
അങ്ങനെ തന്നെയേ ഞാൻ പറയൂ. കാരണം അവർക്കിത് പുതിയ സംഭവമാണ്. ആദ്യം കാണിച്ചത് അവസാനം കാണിക്കുന്നു, അവസാനം കാണിച്ചത് ആദ്യം കാണിക്കുന്നു, വീണ്ടും ഇടയ്ക്കുള്ള സംഭവങ്ങൾ കാണിക്കുന്നു. അവർക്കു പരിചയമില്ലാത്ത ഒരു ട്രീറ്റ്‌മെന്റ്. ആ ട്രീറ്റ്‌മെന്റ് പക്ഷെ പാശ്ചാത്യ രാജ്യങ്ങളിലൊക്കെ ധാരാളം അപ്ലൈ ചെയ്തതാണ്, ഇവിടെയുള്ള ആളുകൾക്ക് പുതിയതായിരുന്നു എന്നു മാത്രം. പക്ഷെ ഇന്നും റോഡിലേക്കിറങ്ങുമ്പോഴോ അല്ലാത്തപ്പോഴോ എവിടെ വച്ച് കണ്ടാലും ‘തലപ്പാവി’നെക്കുറിച്ചു സംസാരിക്കുന്ന ഒരാളെയെങ്കിലും ഞാൻ കാണാറുണ്ട്.
‘ഒഴിമുറി’ എടുത്തപ്പോൾ ജനങ്ങൾ കുറച്ചുകൂടി അതിലേക്കു പാകപ്പെട്ടു. ‘ഒഴിമുറി’ കൂടുതൽ ആൾക്കാർ കാണുകയും ചെയ്തു. ഇപ്പോഴും പലരും അത് കണ്ട് അതിനെക്കുറിച്ചു സംസാരിക്കുന്നു. വേറൊരു തരത്തിലുള്ള രീതികളും ട്രീറ്റ്മെന്റുമാണ് നമ്മൾ അപ്ലെ ചെയ്തത്. പത്തു വർഷം കൊണ്ട് പ്രേക്ഷകൻ നമ്മളെക്കാൾ മുകളിലേക്ക് പോയിട്ടുണ്ട്.
പിന്നെ സിനിമയിലെ പാട്ടുകൾ പോലുള്ള ചേരുവകളെ കുറിച്ച് പറയുകയാണെങ്കിൽ, പാട്ട് ഒരു മെറ്റഫെർ ആണ്. അതൊരു യാത്രയാണ്, ഒരു ട്രാൻസ്ഫോർമേഷൻ ആണ്.
നമ്മൾ ഒരു സിനിമയിൽ പറയുന്നത് ഒരാളുടെ ജീവിതത്തിലെ അഞ്ചു വയസ്സ് മുതൽ അമ്പത് വയസ്സ് വരെയുള്ള കാലമാവും. ഇത് രണ്ടു മണിക്കൂറിനുള്ളിൽ പറഞ്ഞു തീർക്കാൻ പറ്റില്ല. എഴുത്തിൽ നമുക്കതു പറ്റും. ‘പത്തു വയസിലാണ് ഗോവിന്ദൻ നാട് വിട്ടത്. പാലത്തിനടിയിലൂടെ പമ്പയാർ പലവട്ടം ഒഴുകി’, എന്ന് എഴുതിവയ്ക്കുമ്പോൾ 50 വർഷക്കാലം ഒറ്റവരിയിൽ ഒതുക്കാൻ കഴിഞ്ഞു. അത്തരം സാധ്യതകൾ സിനിമയിലും കൊണ്ടു വരാമെന്ന് കാണിച്ചു തന്നത് പോൾ കോക്സ് എന്ന സംവിധായകനാണ്. അദ്ദേഹത്തിന്റെ ‘ഇന്നസെൻസ്’ എന്ന ചിത്രത്തിൽ സ്കൂൾ കുട്ടികളായ പ്രണയിതാക്കൾ പല സമയങ്ങളിലായി, പല പ്രായത്തിൽ, ഒരു കലുങ്കിനു മുകളിലൂടെ സൈക്കിൾ ചവിട്ടി പോകുകയാണ്. പിന്നെ കാണിക്കുന്നത്, അറുപതുകളോട് അടുത്ത അവരുടെ വാർധക്യകാലത്ത് അവർ റെയിൽവേ സ്റ്റേഷനിലിരിക്കുന്നതാണ്. സിനിമയിൽ വിഷ്വൽ കൊണ്ടും കാലത്തെ അടയാളപ്പെടുത്താം എന്നു കാണിച്ചു തരുന്ന കാഴ്ചയാണത്.
ഓരോ സിനിമയ്ക്കും ഓരോ തരത്തിലുള്ള ക്രാഫ്റ്റ് ആണ്. ഒരു പാട്ട് സിനിമയിൽ ഉപയോഗിക്കപ്പെടുന്നത്, ഒരു ഫൈറ്റ് സീൻ ഉപയോഗിക്കപ്പെടുന്നത് ഒക്കെ ആ ക്രാഫ്റ്റിന്റെ ഭാഗമാണ്. ഇതൊക്കെയാണല്ലോ നമ്മൾ പറയുന്ന ചേരുവകൾ. ജീവിതത്തിലും അതൊക്കെയുണ്ട്. പാട്ടുകൾ ജീവിതത്തിന്റെ ബാക്ക്ഗ്രൗണ്ടായി എപ്പോഴുമുണ്ട്. വിവാഹം, റിസപ്ഷൻ, നമ്മുടെ സങ്കടങ്ങൾ, സന്തോഷങ്ങൾ ഇതൊക്കെ പാട്ടുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട് പലപ്പോഴും.
സിനിമയ്ക്ക് അകത്ത് ഉൾപ്പോരുകൾ നടക്കുന്നു, പലരും ശത്രുക്കളാവുന്നു. മലയാള സിനിമയിൽ മാത്രമല്ല, മറ്റു ഇൻഡസ്ട്രികളിലും മീടൂ പോലുള്ള ആരോപണങ്ങൾ. ഇതിനെയെല്ലാം എങ്ങനെ നോക്കി കാണുന്നു?
നമുക്ക് ഇഷ്ടമില്ലാതെ ഒരാളെപ്പോലും നമ്മളിലേക്ക് അടുപ്പിക്കരുത് എന്നാണ് ഞാൻ പറയുക. ചില ആളുകളുടെ ഉദ്ദേശം കാണുമ്പോഴേ നമുക്ക് മനസ്സിലാകും. ചുറ്റുമുള്ള മുഴുവൻ മനുഷ്യന്മാരെയും തിരുത്താൻ നമുക്കു കഴിയില്ല. അവഗണിക്കേണ്ടതിനെ മുഴുവനായിട്ടു തന്നെ അവഗണിക്കുക.
ഓരോ പ്രശ്നങ്ങൾക്കും വിവിധ ഘട്ടങ്ങളുണ്ട്; എവിടെ, എപ്പോൾ, എങ്ങനെ തുടങ്ങി, നിലവിൽ എന്താണ് അവസ്ഥ അങ്ങനെ പലഘട്ടങ്ങൾ. പലരും ചോദിക്കും, അന്ന് എന്തു കൊണ്ട് നീ ഇതു പറഞ്ഞില്ല എന്നൊക്കെ. ഓരോ ഘട്ടത്തിലും ചെയ്യേണ്ടത് ചെയ്യുക. ഒരു മനുഷ്യനെന്ന രീതിയിൽ നമ്മുടെ ശരീരത്തിലേക്ക് അനുവാദമില്ലാതെ ഒരാൾ സ്പർശിക്കുമ്പോൾ ആ നിമിഷം തന്നെ അരുത് എന്ന് പറയാൻ ധൈര്യം കാണിക്കണം. അതു പോലെ ചിലതൊക്കെ വേണ്ട എന്നു പറയാനുള്ള മനസ്സും ഉണ്ടാവണം.
ഏതൊരു പ്രവൃത്തി നിങ്ങൾ ചെയ്യുമ്പോഴും മറ്റുള്ളവർക്ക് ഉപദ്രവം ആകാതിരിക്കാൻ, മറ്റുള്ളവരെ നശിപ്പിക്കുന്ന രീതിയിലുള്ളതാവാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം. എല്ലാവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്. എന്റെ അച്ഛൻ എന്നെ ഒരിക്കൽ മാത്രമേ തല്ലിയിട്ടുള്ളൂ. അത് ഒരു പൂ പറിച്ചതിനാണ്. സത്യത്തിൽ പൂ പറിച്ചതല്ല അച്ഛനെ ചൊടിപ്പിച്ചത്, പൂ പറിച്ചപ്പോൾ ഒപ്പം ആ ചെടി കൂടെ പിഴുതെടുത്തതാണ്. അന്നെന്നോട് അച്ഛൻ പറഞ്ഞ ഒരു വാചകമുണ്ട്, ” ആ ചെടിയ്ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. അത് നീയായിട്ടു ഇല്ലാതാക്കരുത്.” അതു വെച്ചാണ് ഞാൻ എല്ലാ കാര്യവും ചെയ്യുന്നത്.