കണ്ണും പുരികവും കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ച പുതുമുഖ നടിയാണ് പ്രിയ വാര്യര്‍. അതും ഒറ്റ രാത്രികൊണ്ട്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന പാട്ടു പുറത്തിറങ്ങിയതിനു ശേഷം ലോകം മുഴുവന്‍ അന്വേഷിച്ചത് കണ്ണിറുക്കുന്ന ആ പെണ്‍കുട്ടിയെ ആയിരുന്നു.
മലയാളത്തിലും ബോളിവുഡിലും മാത്രമല്ല, ഇന്ത്യയ്ക്കു പുറത്തും ഹിറ്റായ താരമാണ് ഇപ്പോള്‍ ഈ തൃശൂര്‍ക്കാരി. എന്തായാലും ചിത്രത്തിന്റെ തമിഴ് ടീസറും പുറത്തുവന്നിട്ടുണ്ട്. ‘മുന്നാലെ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ പ്രിയ വാര്യര്‍ ഒറ്റക്കണ്ണാണ് ഇറുക്കുന്നതെങ്കില്‍ തമിഴില്‍ രണ്ടു കണ്ണും ഇറുക്കി ചിരിക്കുന്നുണ്ട്. ജൂണ്‍ 14നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
‘ഒരു അഡാറ് ലവ്’എന്ന ചിത്രത്തില്‍ ചെറിയൊരു റോള്‍ ചെയ്യാനാണ് പ്രിയ എത്തിയത്. എന്നാല്‍ കണ്ണിറുക്കല്‍ രംഗം ഹിറ്റായതോടെ പ്രിയ ചിത്രത്തിലെ നായികയാകുകയായിരുന്നു. പ്രിയയ്ക്കായി തിരക്കഥ പോലും മാറ്റിയെഴുതി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേക്കുറിച്ച് പ്രിയ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞത്.
‘ഒമര്‍ ഇക്ക ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇത്രയധികം ശ്രദ്ധിക്കപ്പെടില്ലായിരുന്നു. ഒമറിന്റെ ചങ്ക്സ് സിനിമയുടെ ഓഡിഷനു പോയിരുന്നു. അതില്‍ സെലക്ടായി. പക്ഷേ 12-ാം ക്ലാസിലെ പരീക്ഷ കാരണം അഭിനയിക്കാന്‍ കഴിഞ്ഞില്ല. അതില്‍ നല്ല വിഷമം ഉണ്ടായിരുന്നു. അതു കഴിഞ്ഞപ്പോഴാണ് ‘ഒരു അഡാറ് ലവ്’വിലെ കാസ്റ്റിങ് കോള്‍ കാണുന്നത്. അതില്‍ പങ്കെടുത്തു. സെലക്ടായി. ചെറിയൊരു റോളായിരുന്നു എന്റേത്. എന്റെ മാനറിസം കണ്ട് ഇഷ്ടമായിട്ടാണ് ഒമര്‍ ഇക്ക പ്രധാന റോളിലേക്ക് എന്നെ തിരഞ്ഞെടുത്തത്. എനിക്ക് കുറച്ചുകൂടി പ്രാധാന്യം നല്‍കാന്‍ വേണ്ടി ഒമര്‍ ഇക്ക സ്‌ക്രിപ്റ്റ് മാറ്റി എഴുതുന്നുണ്ടെന്ന് അറിഞ്ഞു. അതും കൂടി അറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി, പിന്നെ ഞാന്‍ ഭയങ്കര എക്സൈറ്റഡുമാണ്”. തൃശൂരിലെ വിമല കോളേജിലെ ബികോം വിദ്യാര്‍ത്ഥിനിയാണ് പ്രിയ.