ഒമര്‍ ലുലുവിന്റെ ‘ഒരു അഡാറ് ലൗ’ എന്ന ചിത്രത്തിലെ ‘എടി പെണ്ണേ ഫ്രീക്ക് പെണ്ണേ’ എന്ന ഗാനം ഇന്നലെയാണ് പുറത്തിറങ്ങിയത്. ഗാനം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ഡിസ്ലൈക്ക് പെരുമഴയാണ്. ഇതുവരെ രണ്ടു ലക്ഷത്തിനു മുകളില്‍ ഡിസ്ലൈക്കായി. പന്ത്രണ്ട് ലക്ഷത്തോളം ആളുകള്‍ ഇതിനോടകം പാട്ട് കണ്ടു കഴിഞ്ഞു. ഇരുപത്തിയാറായിരം ലൈക്കുകള്‍ മാത്രമാണ് പാട്ടിന് ലഭിച്ചത്.
Read More: ‘വയലാര്‍ എഴുതുമോ ഇത് പോലെ’; അഡാറ് ലൗവിലെ പുതിയ പാട്ടിന് പരിഹാസം, അണ്‍ലൈക്ക് പെരുമഴ
എന്നാല്‍ ഈ ഡിസ്ലൈക്ക് മഴയ്ക്കിടയിലും ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ്. പാട്ട് പുറത്തിറങ്ങി 10 മണിക്കൂറിനുള്ളിലാണിത്. ഇതൊരു അപൂര്‍വ്വ റെക്കോര്‍ഡാണെന്നും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച എല്ലാ പ്രേക്ഷകര്‍ക്കും നന്ദി പറയുന്നുവെന്നും പരിഹാസരൂപേണ ഒമര്‍ ലുലു തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
സത്യജിത്ത്, നീതു നടുവത്തേട്ട് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സത്യജിത്തിന്റെ തന്നെ വരികള്‍ക്ക് ഷാന്‍ റഹ്മാന് ഈണം നല്കിയിരിക്കുന്നു. പ്രിയ വാര്യര്‍, റോഷന്, നൂറിന് തുടങ്ങിയവരാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. നിരവധി ട്രോളുകളും ലഭിക്കുന്നുണ്ട്.
സ്കൂള്‍ പശ്ചാത്തലത്തിലുളള കഥയാണ് ചിത്രം പറയുന്നത്. പുതുമുഖ താരങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശും, ലിജോ പനാടനും ചേര്‍ന്നാണ്. സിനു സിദ്ധാര്‍ഥ് ഛായാഗ്രഹണവും അച്ചു വിജയന് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ഔസേപ്പച്ചന് മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന് വാളക്കുഴിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക് 247 ആണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.