Priya Prakash Starrer Oru Adaar Love Movie Review: അങ്ങനെ ഒമര്‍ ലുലുവിന്റെ ‘ഒരു അഡാര്‍ ലവ്’ തിയ്യറ്ററുകളിലെത്തി. ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് അരങ്ങേറ്റ ചിത്രം റിലീസ് ആകുന്നതിന് മുമ്പ് ലോകത്തിന്റെ തന്നെ ശ്രദ്ധ നേടുകയും പിന്നീട് കയ്യടിച്ചവര്‍ തന്നെ ട്രോളുകയും ചെയ്ത താരമാണ് പ്രിയാ വാര്യര്‍. അക്കാരണങ്ങൾ കൊണ്ടുതന്നെ അഡാര്‍ ലവിന്റെ വെല്ലുവിളി അഡാര്‍ ലവ് തന്നെയാണെന്ന് പറയേണ്ടി വരും. പിന്കഥകളെ മാറ്റി നിര്‍ത്തി ചിത്രത്തിലേക്ക് കടക്കാം.
കഥ നടക്കുന്നത് കേരളത്തിലെ ഒരു ഹയര്‍ സെക്കണ്ടറി സ്കൂളിലാണ്. ഒരു സംഘം വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍, പ്ലസ് ടു കാലഘട്ടമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. റോഷന് (റോഷന്), പ്രിയ വാര്യര്‍ (പ്രിയ വാര്യര്‍), ഗാദ (നൂറിന് ഷെറിന്) എന്നീ മൂന്ന് കഥാപാത്രങ്ങളും അവരുടെ ആത്മമിത്രങ്ങളെയും ചുറ്റുപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നത്. അവരുടെ ഇടയിലെ സൗഹൃദവും പ്രണയവുമാണ് ചിത്രം പറയുന്നത്. സ്കൂളിലെ ആദ്യ ദിവസത്തെ ലൈനടിയില്‍ തുടങ്ങി ഫെയര്‍ വെല്‍ ദിനത്തിലെ വേർപിരിയലിൽ അവസാനിക്കുന്ന അടിമുടി പ്രണയം മാത്രം പറയുന്ന, പ്രണയത്തെ മാത്രം ചുറ്റിപ്പറ്റി നടക്കുന്ന ചിത്രമാണ് ‘ഒരു അഡാർ ലവ്’.
ഒരുപാട് ചോദ്യങ്ങള്‍ ‘ഒരു അഡാര്‍ ലവ്’ ഉയര്‍ത്തുന്നുണ്ട്. ഇങ്ങനെ പ്രണയിക്കാന്‍ മാത്രം നടക്കുന്ന പിള്ളേരും പരിഹാസപാത്രങ്ങളായ അധ്യാപകരും മാത്രമുള്ള സ്കൂള്‍ ഏതാണ്? ഇത് പ്ലസ് വണ്‍ ആണോ? അതോ കോളേജ് ലൈഫാണോ? എന്നു വരെ നീളുന്ന എണ്ണിയാലൊടുങ്ങാത്ത ലോജിക്കല്‍ ചോദ്യങ്ങള്‍. പക്ഷെ ഒമര്‍ ലുലുവിന്റെ മുന്‍ ചിത്രങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആ ചോദ്യങ്ങളെ വിഴുങ്ങാം. ലോജിക്കിനെ പടിക്കു പുറത്ത് തന്നെ നിര്‍ത്തി സിനിമയിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കാം.
Priya Prakash Starrer Oru Adaar Love Movie Review: റോഷനും പ്രിയയും ഗാദയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഇതില്‍ റോഷനും പ്രിയയും പ്രണയത്തിലാവുന്നു. റോഷന്റെ ആത്മസുഹൃത്താണ് ഗാദ. ക്ലാസിലെ മറ്റ് കുട്ടികളെ പോലെ പ്രണയിച്ചു നടക്കാന്‍ താല്‍പര്യമുള്ളവളല്ല ഗാദ. ഫ്രണ്ട്ഷിപ്പാണ് ഗാദയുടെ ലഹരി. കൂട്ടുകാരുടെ പ്രണയം സെറ്റാക്കി കൊടുക്കുന്ന, ആണ്‍കുട്ടികളുടെ തോളില്‍ കൈയിട്ടു നടക്കുന്ന ജോളിയായ കഥാപാത്രം. ആദ്യ പകുതിയില്‍ പ്രിയയുടെ പിന്നാലെ നടക്കുന്ന റോഷനും അവനെ സഹായിക്കുന്ന ഗാദയടക്കമുള്ള സുഹൃത്തുക്കളെയുമാണ് കാണാന്‍ സാധിക്കുക. രണ്ടാം പകുതിയില്‍ കഥ വഴി മാറുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ റോഷനും പ്രിയയും പിരിയുന്നു. പിന്നെ ഇരുവരെയും ഒരുമിപ്പിക്കാനുള്ള ഗാദയുടേയും സംഘത്തിന്റേയും ശ്രമങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം.
കഥയ്ക്കോ തിരക്കഥയ്ക്കോ പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ലെങ്കിലും കോമഡിയിലൂടെ പ്രേക്ഷകനെ എന്റര്ടെയ്ന് ചെയ്യിപ്പിക്കുക എന്നതാണ് ഒമര്‍ ലുലുവിന്റെ പ്രഖ്യാപിത നയം. ഇവിടേയും അതു തന്നെ പിന്തുടരുന്നു. കോമഡിയെന്നോ ചളിയെന്നോ വിശേഷിപ്പിക്കാവുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ തിങ്ങി നിറഞ്ഞതാണ് ‘ഒരു അഡാര്‍ ലവ്’. ഇതിനായി സോഷ്യല്‍ മീഡിയയെ മാക്സിമം ഉപയോഗപ്പെടുത്തിയിട്ടുണ്ട് ഒമർ ലുലു. ചിത്രത്തിലേക്കുള്ള അഭിനേതാക്കളെ കണ്ടെത്താൻ സമൂഹമാധ്യമങ്ങളുടെ സഹായം തേടിയത് പോലെ തന്നെ ചില രംഗങ്ങള്‍ സൃഷ്ടിക്കാനും ഒമർ ലുലു സോഷ്യല്‍ മീഡിയയെ റഫർ ചെയ്തിട്ടുണ്ടെന്ന് മനസ്സിലാകും. ഒരു ദിവസം നമ്മള് ഫെയ്സ്ബുക്ക് സ്ക്രോള്‍ ചെയ്ത് പോകുമ്പോള്‍ കണ്മുന്നിലുടക്കുന്നതെല്ലാം അഡാര്‍ ലവ്വിലുണ്ട്. മോഹന്‍ലാല്‍ മുതല്‍ കലാഭവന്‍ മണിവരെ, ഫെമിനിച്ചി മുതല്‍ പ്രിയ കുട്ടൂസ് വരെ, വൈറല്‍ ഗാനങ്ങള്‍ മുതല്‍ ഒഎംകെവി വരെ. മറ്റൊരു രീതിയിൽ പറഞ്ഞാൽ, അഡാര്‍ ലവ്വിൽ ഇല്ലാത്തതായിട്ട് ഒന്നുമില്ല.
മൂന്ന് കേന്ദ്ര കഥാപാത്രങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റുള്ളവരുടെയെല്ലാം ലക്ഷ്യം ചിരിപ്പിക്കുക എന്നതാണ്. അതിനായി സ്ത്രീ വിരുദ്ധത, റേസിസം, ദ്വയാര്‍ത്ഥം തുടങ്ങിയവയൊക്കെ കുത്തിനിറച്ചിട്ടുണ്ട്. കറുത്തവനെ നോക്കി നീ ശ്രീശാന്തല്ല ഒലോങ്കയാണെന്ന് പറയുന്ന അധ്യാപകനില്‍ തുടങ്ങി ചങ്ങാതിയുടെ തടിയെ കളിയാക്കുന്ന കൂട്ടുകാരനും പോണ് വീഡിയോ വരെ നീളുന്ന റേസിസവും ദ്വയാര്‍ത്ഥവുമെല്ലാം പുട്ടിന് പീര പോലെ ചേര്‍ത്തിരിക്കുന്നു. തമാശക്ക് വേണ്ടി ‘ഉണ്ണി മേരിയെ കിട്ടിയ ടിജി രവിനെ പോലെ’ തുടങ്ങിയ സ്ത്രീ വിരുദ്ധ സംഭാഷണങ്ങള്‍ പലപ്പോഴും കടന്നു വരുന്നുണ്ട്. അത്തരം രംഗങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു ഒമറിന്റെ മുന്‍ ചിത്രം, അതിന് കയ്യടിച്ചു കൊടുത്തവര്‍ ‘ഒമര്‍ ലുലു ചിത്രം’ എന്നൊരു ഴോണറിനാണ് തുടക്കം നല്‍കിയത്. ഇത്തരം പരാമര്‍ശങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണോ എന്നൊരു ചോദ്യം കൂടിയാണ് പ്രേക്ഷകനു മുന്നിൽ ഉള്ളത്. സംവിധായകന്റെ മുൻചിത്രങ്ങളിലൊന്നായ ‘ചങ്ക്സി’നോളം വള്‍ഗര്‍ ആയിട്ടില്ലെന്നതാണ് ‘അഡാര്‍ ലവ്’ നൽകുന്ന ആശ്വാസം. എന്നാൽ ‘ഹാപ്പി വെഡ്ഡിങ്’ പോലൊരു എന്റര്ടെയ്നർ ലെവലിലേക്ക് ചിത്രം ഉയർന്നതുമില്ല.
Read more: കണ്ണിറുക്കി മടുത്തു: പ്രിയാ വാര്യര്‍ അഭിമുഖം
ചിത്രത്തിലെ പോസിറ്റീവ് ഘടകങ്ങള്‍ അഭിനേതാക്കളുടെ പ്രകടനങ്ങളാണ്. റോഷനും പ്രിയയും നൂറിനും തങ്ങളുടെ റോളുകള്‍ പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. തന്റെ വീഡിയോകളും ചിത്രങ്ങളും ട്രോളിയവര്‍ക്കുള്ള പ്രിയയുടെ മറുപടിയാണ് ചിത്രം. നാടകീയതയില്ലാതെ തന്റെ ഭാഗം പ്രിയ വാര്യർ ഭംഗിയാക്കി. തുടക്കക്കാരുടെ സഭാകമ്പം റോഷന്റേയോ മറ്റ് താരങ്ങളുടേയോ പ്രകടനങ്ങളിൽ ഇല്ല. അതേസമയം നൂറിനാണ് യഥാര്‍ത്ഥത്തില്‍ കയ്യടി നേടുന്നത്. കോമഡിക്കാരായ ചങ്ങാതികളും തെറ്റുപറയാനാവാത്ത രീതിയിൽ അഭിനയിച്ചിരിക്കുന്നു. വൈറല്‍ ഗാനം കാരണം പ്രിയയുടെ പല രംഗങ്ങളും ചിത്രത്തിലേക്ക് കൂട്ടിച്ചേര്ക്കുകയായിരുന്നുവെന്നത് പലപ്പോഴും തോന്നുന്നുണ്ട്. പ്രധാന തമാശക്കാരനായ സിയാദ് ഇടക്കൊക്കെ ഒരു പൊടിക്ക് ഓവറായിരുന്നുവെങ്കിലും ചിരിപ്പിക്കുന്നുണ്ട്. പിടി മാഷിന്റെ റോൾ ഹരീഷ് കണാരൻ അനായാസേന തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
വൈറലായ മാണിക്കമലരായ പൂവി മുതല്‍ കലാഭവന്‍ മണിക്കുള്ള ട്രിബ്യൂറ്റ് വരെയായി ഏഴ് പാട്ടുകളാണ് ചിത്രത്തിലുള്ളത്. മിക്ക പാട്ടുകൾക്കും കഥയിൽ വലിയ പ്രാധാന്യമൊന്നുമില്ല.
ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന മണിയുടെ പാട്ടുകള്‍ കോര്‍ത്തിണക്കിയ ഗാനവും വിനീത് ശ്രീനിവാസന് ആലപിച്ച ‘മാണിക്കമലരായ പൂവി’യുമാണ് പാട്ടുകളുടെ കൂട്ടത്തിൽ മികവുപുലർത്തുന്നത്. ‘എടി പെണ്ണേ ഫ്രീക്ക് പെണ്ണേ’ എന്ന ഗാനം മുൻപ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. പക്ഷെ ചിത്രത്തിലെ ഉത്സവമൂഡിലുള്ള ഗാനമാണത്. മറ്റ് പാട്ടുകളൊന്നും ഓർമ്മയിൽ തങ്ങിനിൽക്കണം എന്നില്ല. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. സിനു സിദ്ധാര്‍ത്ഥിന്റെ ഛായാഗ്രഹണവും മികവു പുലർത്തിയിട്ടുണ്ട്.