പുതിയ ക്ലൈമാക്സോടെ ഒരു അഡാറ് ലവ് എന്ന ചിത്രം ഇന്ന് മുതല്‍ വീണ്ടും തിയേറ്ററുകളില്‍. നേരത്തേ ചിത്രം കണ്ടവര്‍ക്ക് ഒരിക്കല്‍ കൂടി സൗജന്യമായി ചിത്രം കാണാമെന്ന് സംവിധായകന്‍ ഒമര്‍ ലുലു വ്യക്തമാക്കി. ഇന്നു മുതല്‍ പുതിയ ക്ലൈമാക്‌സോടെ ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിനാലാണിത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഒമര്‍ ലുലു ഇക്കാര്യം അറിയിച്ചത്.

‘സുഹൃത്തുക്കളെ, ഇന്ന് മുതല്‍ പുതിയ ക്ലൈമാക്‌സും പല മാറ്റങ്ങളുമായി ‘ഒരു അഡാറ് ലവ് ‘ നിങ്ങള്‍ക്ക് മുന്നില്‍ എത്തുകയാണ്. മുന്നേ തന്നെ പടം കണ്ടവര്‍ സിനിമ കണ്ട ടിക്കറ്റുമായി അഡാറ് ലവ് ഇപ്പോള്‍ കളിക്കുന്ന നിങ്ങള്‍ ചിത്രം കണ്ട തിയേറ്ററില്‍ ബന്ധപ്പെട്ടാല്‍ പടം രണ്ടാം തവണ സൗജന്യമായി കാണാവുന്നതാണ് (Offer valid only for today).’ ഒമര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഈ ഓഫര്‍ ഇന്നുമാത്രമേ ഉണ്ടായിരിക്കുകയുള്ളു.

റോഷന്‍, നൂറിന്‍, പ്രിയ വാര്യര്‍ തുടങ്ങിയ പുതുമുഖങ്ങളെ അണിനിരത്തി ഒമർ ലുലു ഒരുക്കിയ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായമാണ് ഉയർന്നത്. പ്രിയയുടെ കണ്ണിറുക്കലോടെയാണ് ചിത്രം ശ്രദ്ധ നേടിയത്. മാണിക്യമലരായ പൂവി എന്ന പാട്ടും ഹിറ്റായിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകളൊന്നും കാക്കാന്‍ ചിത്രത്തിന് ആയില്ല. വിമര്‍ശനങ്ങളേല്‍ക്കാനായിരുന്നു വിധി. അതിന് ശേഷമാണ് ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook