കോളേജിലും വീട്ടിലും കുസൃതിക്കാരിയായ പ്രിയ പ്രകാശ് വാര്യർക്ക് ഇന്ന് ലോകം മുഴുവൻ ലക്ഷക്കണക്കിന് ആരാധകരാണ്. മാണിക്യ മലരായി വന്ന് ആയിരക്കണക്കിന് യുവാക്കളുടെ ചങ്കിലേക്കാണ് പ്രിയ കയറിക്കൂടിയത്. ഇന്റർനെറ്റിൽ എവിടെ തിരഞ്ഞാലും പ്രിയയയുടെ മുഖമാണ്. വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും നിറയുന്നത് പ്രിയയുടെ മുഖം മാത്രം. ‘ഒരു അഡാറ് ലവ്’വിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലൂടെ ഒരൊറ്റ ദിവസം കൊണ്ട് ജീവിതം മാറി മറിഞ്ഞതിന് പ്രിയ നന്ദി പറയുന്നത് സംവിധായകൻ ഒമർ ലുലുവിനോടാണ്. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പ്രിയ മനസ്സു തുറക്കുന്നു.

ഒരു അഡാർ ലൗവിലേക്ക്…

ഒമർ ഇക്ക ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇത്രയധികം ശ്രദ്ധിക്കപ്പെടില്ലായിരുന്നു. ഒമറിന്റെ ചങ്ക്സ് സിനിമയുടെ ഓഡിഷനു പോയിരുന്നു. അതിൽ സെലക്ടായി. പക്ഷേ 12-ാം ക്ലാസിലെ പരീക്ഷ കാരണം അഭിനയിക്കാൻ കഴിഞ്ഞില്ല. അതിൽ നല്ല വിഷമം ഉണ്ടായിരുന്നു. അതു കഴിഞ്ഞപ്പോഴാണ് ‘ഒരു അഡാറ് ലവ്’വിലെ കാസ്റ്റിങ് കോൾ കാണുന്നത്. അതിൽ പങ്കെടുത്തു. സെലക്ടായി. ചെറിയൊരു റോളായിരുന്നു എന്റേത്. എന്റെ മാനറിസം കണ്ട് ഇഷ്ടമായിട്ടാണ് ഒമർ ഇക്ക പ്രധാന റോളിലേക്ക് എന്നെ തിരഞ്ഞെടുത്തത്. എനിക്ക് കുറച്ചുകൂടി പ്രാധാന്യം നൽകാൻ വേണ്ടി ഒമർ ഇക്ക സ്ക്രിപ്റ്റ് മാറ്റി എഴുതുന്നുണ്ടെന്ന് അറിഞ്ഞു. അതും കൂടി അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി, പിന്നെ ഞാൻ ഭയങ്കര എക്സൈറ്റഡുമാണ്.

പുരികക്കൊടി ഉയർത്തി കണ്ണിറുക്കിയത്

ഒമർ ഇക്ക പറഞ്ഞിട്ടാണ് അങ്ങനെ ചെയ്തത്. എന്നോട് പുരികക്കൊടി ഉയർത്തിക്കാണിക്കാൻ പറ്റുമോ എന്നു ചോദിച്ചു. ഞാൻ ചെയ്യാമെന്നു പറഞ്ഞു. ഒറ്റ ടേക്കിൽ അത് ഓക്കെ ആയി. അല്ലാതെ നേരത്തെ മുൻകൂട്ടി പ്ലാൻ ചെയ്തതോ പ്രാക്ടീസ് ചെയ്തിട്ടോ അല്ല അങ്ങനെ ചെയ്തത്. വീഡിയോയിൽ കാണുന്നതുപോലെ കുസൃതിക്കാരിയാണ് ഞാൻ. നാച്ചുലറായിട്ടാണ് അഭിനയിച്ചത്.

അഭിനയിക്കാൻ ഇഷ്ടമാണ്

സിനിമ ഒരുപാട് ഇഷ്ടമാണ്. അങ്ങനെയാണ് അഭിനയ മോഹം വരുന്നത്. സിനിമയുടെ കാസ്റ്റിങ് കോൾ കാണുമ്പോൾ അയയ്ക്കാറുണ്ട്. ആരും നിർബന്ധിച്ചിട്ടല്ല, എനിക്ക് ഇഷ്ടമായതുകൊണ്ട് സ്വയം ഞാൻ തന്നെയാണ് അയയ്ക്കാറുളളത്. തൃശ്ശൂരിൽ വിമല കോളേജിൽ ബികോം ആദ്യ വർഷ വിദ്യാർത്ഥിനിയാണ് ഞാൻ. കോളേജിൽ ചേർന്ന ശേഷമാണ് ഫാഷൻ ഷോ ഒക്കെ ചെയ്തു തുടങ്ങിയത്. കോളേജിൽ ചേർന്നതിനുശേഷം 3 ഷോർട് ഫിലിമിൽ അഭിനയിച്ചു. അതിൽ രണ്ടെണ്ണം മ്യൂസിക് ആൽബമാണ്. അഭിനയം മാത്രമല്ല പാട്ടും ഇഷ്ടമാണ്. പാട്ട് പഠിക്കുന്നുണ്ട്. അഭിനയത്തിൽ തുടരാനാണ് ഇഷ്ടം.

ടൊവിനോ വിളിച്ചിരുന്നു, ഇഷ്ടം ദുൽഖറിനോട്

വീഡിയോ കണ്ടിട്ട് ടൊവിനോ തോമസ് വിളിച്ചിരുന്നു. നന്നായിട്ടുണ്ടെന്ന് പറഞ്ഞു. യുവ നടന്മാരിൽ ദുൽഖർ സൽമാനെയാണ് ഇഷ്ടം. ദുൽഖറിനോടൊപ്പം അഭിനയക്കണമെന്നാണ് എന്റെ വലിയ ആഗ്രഹം. ദുൽഖർ എങ്ങാനും വിളിച്ചാൽ ഞാൻ ചിലപ്പോൾ ബോധം കെട്ടു വീണേക്കും. അത്രക്കും ദുൽഖറിനെ ഇഷ്ടമാണ്.

ഫോണില്ല, ട്വിറ്റർ, ഫെയ്സ്ബുക്ക് അക്കൗണ്ടില്ല

ട്വിറ്ററിലും ഫെയ്സ്ബുക്കിലും എനിക്ക് അക്കൗണ്ടില്ല. അതിലുളളത് എന്റെ പേരിലുളള വ്യാജ അക്കൗണ്ടാണ്. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എനിക്ക്വെരിഫൈഡ് പേജുണ്ട്. എനിക്ക് ഫോണില്ല. ഇൻസ്റ്റഗ്രാം ആണ് കൂടുതൽ ഇഷ്ടം. അമ്മയുടെ ഫോണിലാണ് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത്.

പ്രണയമില്ല, പ്രണയാഭ്യർത്ഥനകൾ ഒരുപാട് വരുന്നുണ്ട്

പ്രണയത്തെക്കുറിച്ച് എനിക്കൊന്നും പറയാൻ അറിയില്ല. പ്രണയം എങ്ങനെയായിരിക്കണമെന്ന് ചോദിച്ചാൽ എന്റെ പാട്ടിലുളളതുപോലെ തന്നെയായിരിക്കണം പ്രണയം. ഞാൻ പ്രണയിച്ചിട്ടില്ല. ഒരുപാട് പ്രണയാഭ്യർത്ഥനകൾ വരുന്നുണ്ട്. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്ക് പേജിലും നിരവധി മെസേജുകൾ വരുന്നുണ്ട്. ഒരുപാട് പേർ പാട്ട് കണ്ടിട്ട് വിളിക്കുന്നുണ്ട്. എല്ലാവരും നന്നായിട്ടുണ്ടെന്ന് പറഞ്ഞു. അത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം.

ഒമർ ഇക്ക നല്ല ഫ്രണ്ട്‌ലിയാണ്

ഒമർ ഇക്ക നല്ല ഫ്രീയാണ്. എന്തുവേണമെങ്കിലും ഇക്കയോട് ഫ്രീയായിട്ട് സംസാരിക്കാം. അതുകൊണ്ടുതന്നെ അഭിനയിക്കുമ്പോൾ ടെൻഷൻ ഒന്നും ഉണ്ടായില്ല. ഷോർട് ഫിലിമിൽ അഭിനയിച്ചിട്ടുളളതുകൊണ്ട് അഭിനയിക്കാൻ ബുദ്ധിമുണ്ടായിട്ടില്ല. പിന്നെ സെറ്റിൽ നല്ല അടിച്ചുപൊളി ആയിരുന്നു.

കുടുംബം

അച്ഛൻ, അമ്മ, അനിയൻ, മുത്തച്ഛൻ, മുത്തശ്ശി ഉണ്ട്. വീട്ടിൽ എല്ലാവരും നല്ല സപ്പോർട്ട് ആണ്.

വാലന്റൈൻസ് ദിനത്തിൽ പറയാനുളളത്

എ്ലാവരോടും ഒരുപാട് നന്ദിയുണ്ട്. വീഡിയോ എല്ലാവർക്കും ഇഷ്ടമായെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. സിനിമയും ഇഷ്ടപ്പെടുമെന്നാണ് വിശ്വാസം. നന്നായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ നൽകിയതുപോലെ ഇനിയും സപ്പോർട്ട് ഉണ്ടാവണം. സിനിമ പുറത്തിറങ്ങുമ്പോഴും ഇതേ സപ്പോർട്ട് ഉണ്ടാവണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ