റിയാദ്: ക്യാമ്പസുകൾ മുതൽ കവലകൾ വരെ, കൊച്ചു കുട്ടികൾ മുതൽ മുതിർന്നവര്‍ വരെ, മലയാളികളുടെ ചുണ്ടുകളിലെ മൂളിപ്പാട്ടായി, വിരലുകൾ താളമിടുന്ന ആ  പാട്ട് – മാണിക്യ മലരായ… അതെഴുതിയ വിരലുകൾ ​കടലിനക്കരെയാണ്.

നാനാ ദിക്കിലെ സംഗീത പ്രേമികളായ മലയാളികളും  മലയാളികളല്ലാത്ത നിരവധി പേരും  ‘മാണിക്യ മലരായ പൂവിയെന്ന’ പാട്ടിന്‍റെ താളത്തിലാണിന്ന്. നാല് പതിറ്റാണ്ട് മുമ്പെഴുതിയ വരികൾ ഹിറ്റായി മാറുമ്പോൾ ഇതെഴുതിയ ജബ്ബാർ സൂപ്പർ മാർക്കറ്റിലെ ജോലിത്തിരക്കിലാണ്. പ്രവാസ ജീവിതത്തിന്‍റെ തിരക്കുകളിലാണ് താനെഴുതിയ വരികൾ മലയാളികളുടെ ഹൃദയതാളമായത് ജബ്ബാർ അറിയുന്നത്.

പല രൂപത്തിൽ മലയാളിയുടെ ഉളളിലിറങ്ങിയ പാട്ടായിരുന്ന ‘മാണിക്യ മലരായ പൂവി’. എന്നാൽ അതിന്ന് അതിരുകളെല്ലാം ഭേദിച്ച് മലയാളത്തിന്റേതിൽ നിന്നും വീണ്ടും ഉയർന്നുപൊങ്ങുകയാണ്.

‘ഹാപ്പി വെഡ്ഡിങ്’, ‘ചങ്ക്‌സ്’ എന്നീ സിനിമള്‍ക്കു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാറ് ലൗവിൽ’ ഷാന്‍ റഹ്മാൻ സംവിധാനം നിര്‍വ്വഹിച്ച് വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചത്. യുട്യൂബിൽ നിരവധി പേരാണ് ഇതുവരെ കണ്ടത്. നാല് പതിറ്റാണ്ടിന് ശേഷം പുതിയ ഈണത്തിൽ വരികൾ സൂപ്പർ ഹിറ്റാകുമ്പോൾ റിയാദിൽ കച്ചവടത്തിരക്കിലാണ് ഈ മനോഹര വരികളുടെ രചയിതാവ് കൊടുങ്ങല്ലൂർ കരൂപടന്ന സ്വദേശി ജബ്ബാർ.

പതിനഞ്ച് വർഷത്തെ ഖത്തർ പ്രവാസത്തിന് ശേഷം 2013 ലാണ് ജബ്ബാർ സൗദിയിലെത്തുന്നത്. 1978 ൽ ആകാശവാണിയിൽ പാടുന്നതിനാണ് ഈ വരികൾ രചിച്ചത്. മാപ്പിളപ്പാട്ട് രംഗത്ത് ഹിറ്റായ ഈ ഗാനം 29 വർഷം മുമ്പ് ഒരു ചെറിയ പെരുന്നാൾ ദിനത്തിൽ ദൂരദർശനിൽ അവതരിപ്പിക്കപ്പെട്ടു. 1992 ൽ ‘ഏഴാം ബഹർ’ എന്ന ഓഡിയോ ആൽബത്തിൽ ‘മാണിക്യ മലരായ’  ഇടം പിടിച്ചു. ആദ്യം ഈ വരികൾ ആലപിച്ച് ഹിറ്റാക്കിയത് റഫീഖ് തലശ്ശേരിയാണ്. പിന്നീട് ഒട്ടനവധി പ്രമുഖ ഗായകർ ഈ ഗാനം പാടി. റിയാലിറ്റി ഷോകളിൽ തന്‍റെ വരികൾ പുതു തലമുറ ഏറ്റു പാടുമ്പോൾ അനുഭവിക്കുന്നത് അത്യാഹ്ലാദമാണെന്ന് ജബ്ബാർ പറയുന്നു. എഴുതുക മാത്രമല്ല ജബ്ബാർ നന്നായി പാടുകയും ചെയ്യും.

“ഉമ്മയുടെ അനിയത്തി നന്നായി വായിക്കുന്ന ആളായിരുന്നു. അവർക്ക് വേണ്ടി പുസ്തകങ്ങൾ എത്തിച്ചു കൊടുക്കുമ്പോൾ ആ പുസ്തകം വായിക്കും. അതൊരു ശീലമായ”,  ജബ്ബാർ വായനയുടെ ഇന്നലകളിലേയ്ക്ക് നടന്നു. “പരന്ന വായന തുടങ്ങിയതോടെ വാക്കുകൾക്ക് പഞ്ഞമില്ലാതെയായി. പതിനാറ് വയസ്സ് മുതൽ പാട്ട് എഴുതുന്നുണ്ട്. മദ്രസയിലെ സാഹിത്യ പരിപാടികൾക്ക് കുട്ടികൾക്ക് പാട്ട് എഴുതിയാണ് തുടക്കം”, ജബ്ബാർ പറഞ്ഞു.

“അഞ്ഞൂറിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഈ ഗാനം റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് റഫീഖ് പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസന്‍റെ ശബ്ദത്തിൽ പാട്ട് യുവ തലമുറക്കിടയിൽ വീണ്ടും ഹിറ്റായപ്പോൾ മക്കളും സുഹൃത്തുക്കളും വിളിച്ചു. അവർക്കുണ്ടായ ആഹ്ളാദം പങ്ക് വച്ചപ്പോൾ എനിക്കും ആ നിമിഷങ്ങൾ സന്തോഷത്തിന്റേതായി. കാര്യമായ പുരസ്‍കാരങ്ങളോ പ്രതിഫലമോ ലഭിച്ചിട്ടില്ല. അതിന് വേണ്ടി ശ്രമിക്കുകയോ അതിനെ കുറിച്ച് ചിന്തിക്കുകയോ ചെയ്തിട്ടില്ല. നാൽപത് വർഷത്തിന് ശേഷവും തന്‍റെ വരികൾ ജീവിക്കുന്നത് എന്നതിനേക്കാൾ വലിയ നേട്ടമെന്താണ് ഇനി കിട്ടാൻ”, ജബ്ബാർ നിഷ്കളങ്കമായ ചിരിയോടെ പറയുന്നു.

ബെന്യാമിന്‍റെ ‘ആട് ജീവിത’മാണ് ഏറ്റവും ഇഷ്‌ടപ്പെട്ട നോവൽ. പാട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം അറിയുന്നുണ്ട്. വിവാദങ്ങൾ പാട്ടിനെ കുറിച്ചല്ല ചിത്രീകരണത്തെ കുറിച്ചാണ് എന്നാണ് മനസ്സിലാകാനായത്. വിവാദങ്ങളിലൊന്നും ഒരു കഴമ്പുമില്ല. അഞ്ചു വർഷമായി റിയാദിലെ മലസ് ഏരിയയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായി ജോലി ചെയ്ത് വരികയാണ് ജബ്ബാർ. ‘ഉസ്താദ്’ എന്ന വിളിപ്പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
നീണ്ട കാലത്തെ പ്രവാസത്തിനിടയിൽ കാര്യമായൊന്നും സമ്പാദിച്ചിട്ടില്ല, മരിക്കാത്ത ചില വരികളല്ലാതെ. മകൻ അമീൻ മുഹമ്മദ്  റിയാദിൽ ഗ്രാഫിക് ഡിസൈനറായി അഞ്ച് വർഷം ജോലി ചെയ്തു. ഇപ്പോൾ നാട്ടിൽ ഇതേ ജോലിയിൽ തുടരുകയാണ്. ഭാര്യ ഐഷാബി മകൾ റഫീദ എന്നിവരാണ് കുടുംബം.

വാർത്ത : നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ