പ്ലസ്ടു വിദ്യാർത്ഥികളുടെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറഞ്ഞ് വ്യാഴാഴ്ച വാലന്റൈൻസ് ദിനത്തിൽ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ‘ഒരു അഡാർ ലവ്.’ ഏറെ നാളായി ഇന്റർനെറ്റ് ലോകത്ത് സെൻസേഷനായ ചിത്രം റിലീസിന്റെ അന്നു തന്നെ ചോർത്തി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് പൈറസി ഭീമന്മാരായ തമിഴ് റോക്കേഴ്സ്. ‘ഒരു അഡാർ ലവ്വി’നൊപ്പം ഇന്നലെ റിലീസ് ചെയ്ത രൺവീറും ആലിയയും പ്രധാനകഥാപാത്രങ്ങളായെത്തിയ ‘ഗല്ലി ബോയും’ തമിഴ് റോക്കേഴ്സ് ചോർത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ഫിലിം പ്രൊഡക്ഷൻ കമ്പനികൾക്കും വിതരണക്കാർക്കും നിരന്തരം തലവേദന സൃഷ്ടിക്കുകയും നഷ്ടം വരുത്തി വെയ്ക്കുകയും ചെയ്യുന്ന തമിഴ് റോക്കേഴ്സിന്റെ ഏറ്റവും ഒടുവിലെ ഇരകളാണ് ‘ഒരു അഡാർ ലവ്’, ‘ഗല്ലി ബോയി’ എന്നീ ചിത്രങ്ങൾ.
ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ സ്കൂൾ പശ്ചാത്തലത്തിലുള്ള മൂന്നു കുട്ടികളുടെ പ്രണയകഥ പറയുന്ന ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. ഇന്റർനെറ്റ് സെൻസേഷൻ താരം പ്രിയ പ്രകാശ് വാര്യരും റോഷൻ അബ്ദുൽ റഹൂഫുമാണ് ചിത്രത്തിൽ പ്രധാന റോളുകളിലെത്തിയത്. ചിത്രത്തിലെ ഒരു ഗാനം രംഗം 2018 ൽ ഒമർ ലുലു യൂട്യൂബിൽ ഷെയർ ചെയ്തതു മുതലാണ് ‘ഒരു അഡാർ ലവ്’ വാർത്തകളിൽ ഇടം പിടിച്ചത്. പ്രിയ പ്രകാശ് വാര്യർ എന്ന പുതുമുഖത്തിന്റെ ചിത്രത്തിലെ കണ്ണിറുക്കൽ സീൻ വൈറലാവുകയും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാവുകയും ചെയ്തു. അന്താരാഷ്ട്രതലത്തിൽ വരെ പ്രിയ പ്രകാശ് വാര്യരെ പ്രശസ്തയാക്കാൻ ആ ഒരൊറ്റ സീനിനു കഴിഞ്ഞു.
തമിഴിലെയും ഹിന്ദിയിലേയും മലയാളത്തിലേയുമൊക്കെ ബിഗ് ബജറ്റ് ചിത്രങ്ങളെയാണ് പലപ്പോഴും റിലീസിന്റെ അന്ന് തന്നെ ചോർത്തി തമിഴ് റോക്കേഴ്സ് ടാർജറ്റ് ചെയ്യാറുള്ളത്. ‘ഒരു അഡാർ ലവ്വി’ന് ലഭിച്ച അന്താരാഷ്ട്രതലത്തിലെ ശ്രദ്ധയാവണം ചിത്രം ചോർത്താൻ തമിഴ് റോക്കേഴ്സിനെ പ്രചോദിപ്പിച്ചത് എന്നു വേണം അനുമാനിക്കാം. ചിത്രത്തിന് ഏറെയും നെഗറ്റീവ് പ്രതികരണങ്ങളാണ് തിയേറ്ററിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
“കഥയ്ക്കോ തിരക്കഥയ്ക്കോ പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ലെങ്കിലും കോമഡിയിലൂടെ പ്രേക്ഷകനെ എന്റര്ടെയ്ന് ചെയ്യിപ്പിക്കാനാണ് ഒമർ ലുലു ശ്രമിക്കുന്നത്. മൂന്ന് കേന്ദ്ര കഥാപാത്രങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റുള്ളവരുടെയെല്ലാം ലക്ഷ്യം ചിരിപ്പിക്കുക എന്നതാണ്. അതിനായി സ്ത്രീ വിരുദ്ധത, റേസിസം, ദ്വയാര്‍ത്ഥം തുടങ്ങിയവയൊക്കെ കുത്തിനിറച്ചിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണോ എന്നൊരു ചോദ്യം കൂടിയാണ് പ്രേക്ഷകനു മുന്നിൽ ഉള്ളത്. സംവിധായകന്റെ മുൻചിത്രങ്ങളിലൊന്നായ ‘ചങ്ക്സി’നോളം വള്‍ഗര്‍ ആയിട്ടില്ലെന്നതാണ് ‘അഡാര്‍ ലവ്’ നൽകുന്ന ആശ്വാസം. എന്നാൽ ‘ഹാപ്പി വെഡ്ഡിങ്’ പോലൊരു എന്റര്ടെയ്നർ ലെവലിലേക്ക് ചിത്രം ഉയർന്നതുമില്ല,” ഇന്ത്യൻ എക്സ്പ്രസ് മലയാളം ചിത്രത്തിനെ വിലയിരുത്തുന്നു.
Read more: Oru Adaar Love Review: അഡാര്‍ ലവ്വില്‍ എന്തുണ്ടെന്നല്ല, എന്തില്ലെന്ന് വേണം ചോദിക്കാന്‍
അതേ സമയം തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളാണ് രൺവീർ സിംങ്ങിന്റെ ‘ഗല്ലി ബോയി’യ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സോയ അക്തർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ അക്തറും റീമ കാഗ്തിയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. കൽക്കി കൊച്ചലിൻ, വിജയ് റാസ്, സിദ്ധാന്ത് ചതുർവേദി എന്നിവരും ചിത്രത്തിലുണ്ട്.
രജനീകാന്തിന്റെ ‘2.0’, ആമിർ ഖാന്റെ ‘തംഗ്സ് ഓഫ് ഹിന്ദോസ്ഥാൻ’ എന്നു തുടങ്ങി അടുത്തിടെ റിലീസിനെത്തിയ ‘ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗാ’, ‘മണികർണിക: ദ ക്വീൻ ഓഫ് ഝാൻസി’, ‘ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’, ‘ഉറി: ദ സർജിക്കൽ സ്ട്രൈക്ക്’, ‘വിശ്വാസം’, ‘പേട്ട’ എന്നിവയും തമിഴ് റോക്കേഴ്സ് ചോർത്തിയിരുന്നു.
Read more: തമിഴ് റോക്കേഴ്സിനെ ആരു തളയ്ക്കും; പരിമിതികളിൽ കുടുങ്ങി സൈബർ വിദഗ്ധർ