ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാറ് ലവ്’ എന്ന സിനിമയിലെ ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് മലയാളത്തിലും ബോളിവുഡിലും മാത്രമല്ല, ഇന്ത്യയ്ക്കു പുറത്തും ഹിറ്റായ താരമാണ് തൃശൂര്‍കാരിയായ പ്രിയ വാര്യര്‍. ദിവസങ്ങള്‍ക്കുള്ളിലാണ് സൂപ്പര്‍സ്റ്റാറുകളെ പോലും കടത്തിവെട്ടി ഇന്റര്‍നെറ്റില്‍ പ്രിയ താരമായത്.
പ്രിയയ്ക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ച റോഷനും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുവരുടേയും ഡബ്മാഷുകളും, പാട്ടും, നൃത്തവുമെല്ലാം സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ചു. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും നൃത്തച്ചുവടുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും. ഇത്തവണ ബോളിവുഡിന്റെ എക്കാലത്തെയും മികച്ച പ്രണയ ജോഡികളായ ഷാരൂഖ് ഖാനും കജോളും തകര്‍ത്തഭിനയിച്ച ‘കഭി ഖുഷി കഭി ഗം’ എന്ന ചിത്രത്തിലെ ‘സൂരജ് ഹുവാ’ എന്ന എന്ന ഗാനത്തിനാണ് ഇരുവരും ചുവടുകള്‍ വച്ചത്.
അടുത്തിടെ റോഷന്റെ പിറന്നാളിന് പ്രിയയുടെ ആശംസയും സോഷ്യല്‍ മീഡിയ ഏറെ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. ‘എന്റെ ഏറ്റവും പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍. ഞാന്‍ ഒന്നും പറയേണ്ടതില്ല, കാരണം നിനക്കെല്ലാം അറിയാം. അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ,’ എന്നായിരുന്നു റോഷനോടൊപ്പം നൃത്തം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത് പ്രിയ കുറിച്ചത്.
‘ഒരു അഡാറ് ലവ്’എന്ന ചിത്രത്തില്‍ ചെറിയൊരു റോള്‍ ചെയ്യാനാണ് പ്രിയ എത്തിയത്. എന്നാല്‍ കണ്ണിറുക്കല്‍ രംഗം ഹിറ്റായതോടെ പ്രിയ ചിത്രത്തിലെ നായികയാകുകയായിരുന്നു. പ്രിയയ്ക്കായി തിരക്കഥ പോലും മാറ്റിയെഴുതി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേക്കുറിച്ച് പ്രിയ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞത്.
‘ഒമര്‍ ഇക്ക ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇത്രയധികം ശ്രദ്ധിക്കപ്പെടില്ലായിരുന്നു. ഒമറിന്റെ ചങ്ക്‌സ് സിനിമയുടെ ഓഡിഷനു പോയിരുന്നു. അതില്‍ സെലക്ടായി. പക്ഷേ 12-ാം ക്ലാസിലെ പരീക്ഷ കാരണം അഭിനയിക്കാന്‍ കഴിഞ്ഞില്ല. അതില്‍ നല്ല വിഷമം ഉണ്ടായിരുന്നു. അതു കഴിഞ്ഞപ്പോഴാണ് ‘ഒരു അഡാറ് ലവ്’വിലെ കാസ്റ്റിങ് കോള്‍ കാണുന്നത്. അതില്‍ പങ്കെടുത്തു. സെലക്ടായി. ചെറിയൊരു റോളായിരുന്നു എന്റേത്. എന്റെ മാനറിസം കണ്ട് ഇഷ്ടമായിട്ടാണ് ഒമര്‍ ഇക്ക പ്രധാന റോളിലേക്ക് എന്നെ തിരഞ്ഞെടുത്തത്. എനിക്ക് കുറച്ചുകൂടി പ്രാധാന്യം നല്‍കാന്‍ വേണ്ടി ഒമര്‍ ഇക്ക സ്‌ക്രിപ്റ്റ് മാറ്റി എഴുതുന്നുണ്ടെന്ന് അറിഞ്ഞു. അതും കൂടി അറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി, പിന്നെ ഞാന്‍ ഭയങ്കര എക്‌സൈറ്റഡുമാണ്” തൃശൂരിലെ വിമല കോളേജിലെ ബികോം വിദ്യാര്‍ത്ഥിനിയാണ് പ്രിയ.