വിനീത് ശ്രീനിവാസനും ഷാന്‍ റഹ്മാനും ഒന്നിക്കുന്നു എന്നു കേട്ടാല്‍ പ്രേക്ഷകര്‍ക്കറിയാം ഒരു സൂപ്പര്‍ഹിറ്റ് പാട്ടിന്റെ മണമടിക്കുന്നുണ്ടെന്ന്. തട്ടത്തിന്‍ മറയത്ത് മുതല്‍ ഇങ്ങോട്ടെടുത്തു നോക്കിയാല്‍ മതി. ഒടുവില്‍ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കിക്കമ്മല്‍ എന്ന പാട്ട് കേരളവും, ഇന്ത്യയും കടന്ന് ലോകമെമ്പാടുമുള്ളവര്‍ ഏറ്റെടുത്തു.

ഇപ്പോള്‍ വീണ്ടും ഇരുവരും ഒന്നിച്ചിരിക്കുകയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ. സിനിമയിലെ മാണിക്യ മലരായ എന്ന ഗാനം ഇതിനോടകം സൂപ്പര്‍ ഹിറ്റായി. ഷാനിന്റെ ഈണത്തിന് ശബ്ദമായത് ഇക്കുറിയും വിനീത് തന്നെ. എന്നാല്‍ ഈ കൂട്ടുകെട്ടിനു പിന്നിലെ വിജയരഹസ്യം എന്താണെന്ന് തനിക്കും അറിയില്ലെന്നാണ് ഷാന്‍ റഹ്മാന്‍ പറയുന്നത്.

വിനീതും ഷാനും

‘ഒരു പാട്ടൊരുക്കുമ്പോള്‍ നമുക്ക് തോന്നും ഇതു പാടാന്‍ ഈ ഗായകന്‍ അല്ലെങ്കില്‍ ഗായികയാണ് നല്ലതെന്ന്. ജിമിക്കി കമ്മല്‍ കംപോസ് ചെയ്തപ്പോള്‍ എനിക്കു തോന്നി വിനീത് പാടിയാല്‍ നന്നായിരിക്കും എന്ന്. വീനീത് പാടി, പാട്ട് ലോകം മുഴുവന്‍ ഏറ്റെടുത്തു. ഇതു തന്നെയാണ് മാണിക്യ മലരായ എന്ന പാട്ടിലും സംഭവിച്ചത്. വിനീത് പാടണം എന്നു തന്നെയായിരുന്നു എന്റെ ആഗ്രഹം. ഇതു ഞാന്‍ പറയുന്നതിനു മുമ്പേ സംവിധായകന്‍ ഒമര്‍ ലുലു എന്നോട് ഇങ്ങോട്ട് പറഞ്ഞു, ഈ പാട്ട് പാടാന്‍ വിനീത് മതിയെന്ന്.’

ഒരുപാടു നാളുകള്‍ക്കു ശേഷമാണ് വിനീത് ഒരു മാപ്പിളപ്പാട്ടു പാടുന്നത്. വിനീത് ശ്രീനിവാസന്റെ ആദ്യ സിനിമാഗാനം തന്നെ ഒരു മാപ്പിളപ്പാട്ടായിരുന്നു. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലെ കസവിന്റെ തട്ടമിട്ട് എന്ന പാട്ടിലൂടെയാണ് വിനീതിനെ മലയാളികള്‍ അറിഞ്ഞു തുടങ്ങിയത്. പിന്നീട് എന്റെ ഖല്‍ബിലെ എന്ന ഗാനം.

‘പാട്ടുകേള്‍ക്കുന്നവരുമായി വിനീതിന് എന്തോ ഒരു അടുപ്പമുണ്ടെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. പാട്ടു പാടാന്‍ വന്ന് പാടിത്തീര്‍ത്തു പോകുന്ന കൂട്ടത്തിലല്ല വിനീത്. ആ പാട്ടുമായി ഇഴുകിച്ചേരും. അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താൽപര്യം കാണിക്കും. വിനീതും ഒരു സംവിധായകനാണ്. അതിനാല്‍ സിനിമയിലെ ഗാനരംഗം എങ്ങനെയായിരിക്കുമെന്നു അന്വേഷിക്കാറുണ്ട്. അതെല്ലാം മനസ്സില്‍ വച്ചാണ് വിനീത് പാടുന്നത്.’ ഷാന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ