scorecardresearch
Latest News

ഓർമ്മയുണ്ടോ ഈ മുഖം?; മാസ്സ് ഡയലോഗുമായി സുരേഷ് ഗോപി വേദിയിൽ

പാപ്പൻ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനെത്തിയതായിരുന്നു സുരേഷ് ഗോപി

ഓർമ്മയുണ്ടോ ഈ മുഖം?; മാസ്സ് ഡയലോഗുമായി സുരേഷ് ഗോപി വേദിയിൽ

ഓർമ്മയുണ്ടോ ഈ മുഖം? എന്ന ചോദ്യത്തിനൊപ്പം ഏതു മലയാള സിനിമാപ്രേമിയുടെയും മനസ്സിൽ ആദ്യം തെളിയുന്ന മുഖം നടൻ സുരേഷ് ഗോപിയുടേതാവും. വർഷങ്ങൾക്കിപ്പുറം, ഒരു വേദിയിൽ തന്റെ ആ പഴയ ഹിറ്റ് ഡയലോഗും ആക്ഷനും അഭിനയിച്ചു കാണിക്കുകയാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രം പാപ്പന്റെ ട്രെയിലര്‍ ലോഞ്ചിന് എത്തിയപ്പോഴായിരുന്നു മാസ് ഡയലോഗുമായി സുരേഷ് ഗോപി സദസ്സിന്റെ കയ്യടി നേടിയത്.

ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് യൂണിഫോമിൽ എത്തുന്ന ചിത്രമാണ് പാപ്പൻ. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എബ്രഹാം മാത്യൂ മാത്തൻ എന്ന കഥാപാത്രമായി രണ്ട് ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തുന്നത്. 2012ൽ പുറത്തിറങ്ങിയ കിങ് ആൻഡ് കമ്മീഷണറിലാണ് പ്രേക്ഷകർ സുരേഷ് ഗോപിയെ പോലീസ് യൂണിഫോമിൽ അവസാനമായി കണ്ടത്.

‘സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ലേലം, പത്രം, വാഴുന്നോര്‍, ക്രിസ്ത്യൻ ബ്രദേഴ്‌സ് തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. ക്രൈം ത്രില്ലറായാണ് പാപ്പാൻ ഒരുക്കിയിരിക്കുന്നത്.

സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അച്ഛനും മകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർജെ ഷാനാണ്. ജൂലൈ 29-ാം തീയതിയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ormayundo ee mukham suresh gopi mass dialogues paappan trailer launch