/indian-express-malayalam/media/media_files/uploads/2018/10/orfeo-bandd.jpg)
ഇളയരാജയുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൊന്നായ 'ദളപതി'യിലെ 'രാക്കമ്മ കൈയ്യെ തട്ട്' എന്ന ഗാനത്തിന്റെ കവർ വേർഷനുമായി യൂട്യൂബിൽ വീണ്ടും തരംഗമാവുകയാണ് ഓര്‍ഫിയോ ബാന്‍ഡ്. ഇൻഡസ്ട്രി കണ്ട സമാനതകളില്ലാത്ത സംഗീതപ്രതിഭയായ മാസ്റ്റർ ഇളയരാജയ്ക്കുള്ള സമർപ്പണമാണ് ഈ ശ്രമമെന്ന കുറിപ്പോടെയാണ് ഓർഫിയോ തങ്ങളുടെ ആൽബം യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വാദ്യോപകരണങ്ങളുടെ സഹായത്തോടെ ഗാനം അവതരിപ്പിക്കുകയാണ് ഓർഫിയോ ചെയ്തിരിക്കുന്നത്. റോബിൻ തോമസാണ് ഈ ഗാനത്തിന് വേണ്ടി പിയാനോ വായിച്ചിരിക്കുന്നത്. കരോൾ ജോർജും ഫ്രാൻസിസ് സേവ്യറും ചേർന്ന് വയലിനും ഹെറാൾഡ് ആന്റണി വിയോളയും മരിയ ഗ്രിഗോറെവ സെല്ലോയും വായിച്ചു. ബെന്‍ഹര്‍ തോമസ് ഡ്രംസും ബിനോയ് ജോസഫ് പെര്‍ക്കഷനും നിർവ്വഹിച്ചു. റെക്‌സ് ഇസാക്ക് ആണ് സ്ട്രിങ് അറേഞ്ചര്‍.
ലോകത്തിലേക്ക് വച്ച് വായിക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ സ്ട്രിങ്സ് ഇൻസ്ട്രമെന്റുകളായ വയലിൻ, വിയോള, സെല്ലോ മുതലായ ഇൻസ്ട്രമെന്റുകൾ ഉപയോഗിച്ച് വായിക്കുന്നു എന്നതാണ് ഓർഫിയോ ബാൻഡിന്റെ പ്രധാന പ്രത്യേകത. മുൻപ് ഓർഫിയോ അവതരിപ്പിച്ച യോദ്ധായിലെ 'പടകാളി' പാട്ടും പൂർണ്ണമായും റഷ്യയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ലോകകപ്പ് ഗാനവും ഏറെ തരംഗമായിരുന്നു.
1991 ൽ പുറത്തിറങ്ങിയ മണിരത്നത്തിന്റെ 'ദളപതി'യിലെ ഏറെ ശ്രദ്ധേയമായ 'രാക്കമ്മ കൈയ്യെ തട്ട്' എന്ന ഇളയരാജ ഈണമിട്ട ഗാനം പാടിയത് എസ്.പി.ബാലസുബ്രഹ്മണ്യവും സ്വർണ്ണലതയും ചേർന്നായിരുന്നു. രജനീകാന്തിന്റെ ഡാൻസ് സ്റ്റെപ്പുകളാണ് പാട്ടിൽ നിറയുന്നത്. 2002-ല്‍ ബിബിസി ലോകത്തിലെ മികച്ച പത്തു ഗാനങ്ങൾ തിരഞ്ഞെടുത്തപ്പോൾ നാലാം സ്ഥാനവും ഈ ഗാനം നേടിയിരുന്നു.
മഹാഭാരതത്തിലെ കർണന്റെയും ദുര്യോധനന്റെയും കഥ കാലികമായ മാറ്റങ്ങൾ വരുത്തി അവതരിപ്പിച്ച സിനിമയായിരുന്നു മണിരത്നത്തിന്റെ 'ദളപതി'. സന്തോഷ് ശിവനായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രജനീകാന്തും മമ്മൂട്ടിയും തകർത്തഭിനയിച്ച ചിത്രം അന്നേറെ പ്രശംസ നേടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.