scorecardresearch
Latest News

ഞാൻ ഇന്നും ആ തോട്ടത്തിന്റെ കാവൽക്കാരൻ; ‘ഒന്ന് മുതല്‍ പൂജ്യം വരെ’യുടെ ഓർമ്മകളിൽ രഘുനാഥ് പലേരി

മോഹന്‍ലാല്‍, ഗീതു മോഹന്‍ദാസ്, ആശ ജയറാം എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം 1986ലാണ് പുറത്തിറങ്ങിയത്.

ഞാൻ ഇന്നും ആ തോട്ടത്തിന്റെ കാവൽക്കാരൻ; ‘ഒന്ന് മുതല്‍ പൂജ്യം വരെ’യുടെ ഓർമ്മകളിൽ രഘുനാഥ് പലേരി

വര്‍ഷങ്ങള്‍ 33 കഴിഞ്ഞു, ഇപ്പോഴും ദീപമോളും അവളുടെ അമ്മ അലീനയും പിന്നെ എവിടുന്നോ വന്ന് എങ്ങോട്ടോ പോയ ടെലഫോണ്‍ അങ്കിളും ഇന്നും മലയാളികളുടെ മനസിലെ വേദനയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം ‘ഒന്ന് മുതല്‍ പൂജ്യം വരെ’ എന്ന തന്റെ ചിത്രത്തെ കുറിച്ച് ഓര്‍ക്കുകാണ് സംവിധായകന്‍ രഘുനാഥ് പലേരി.

മോഹന്‍ലാല്‍, ഗീതു മോഹന്‍ദാസ്, ആശ ജയറാം എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം 1986ലാണ് പുറത്തിറങ്ങിയത്. രഘുനാഥ് പലേരിയുടെ തന്നെ ആകാശത്തേക്കൊരു ജാലകം എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

ഫെയ്‌സ്ബുക്കില്‍ അഞ്ജലി മാധവി ഗോപിനാഥ്, ഹരികൃഷ്ണന്‍ കോർണത്ത് എന്നിവര്‍ എഴുതിയ കുറിപ്പുകള്‍ വായിക്കാനിടയായതാണ് വീണ്ടും ചിത്രത്തെ കുറിച്ച് എഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് രഘുനാഥ് പാലേരി കുറിയ്ക്കുന്നു. ‘ആകാശത്തേക്കൊരു ജാലകം’ എന്ന കഥയില്‍ നിന്നും പകര്‍ത്തിയ ഒരു ഭാഗവും തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിനൊപ്പം സംവിധായകന്‍ ചേര്‍ത്തിട്ടുണ്ട്.

‘ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയെ എനിക്ക് സ്പര്‍ശിക്കാന്‍ സാധിച്ചിട്ട് വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. ആ സൃഷ്ടിയിലേക്ക് എന്നെ നയിച്ച മഹാ മനസ്സുകള്‍ ഇന്നും എന്നില്‍ അതേ വര്‍ണ്ണരാജിയോടെ പരിലസിക്കുന്നു. ആ സൃഷ്ടിയുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ ഒരു പൂന്തോട്ടം തന്നെ എന്നിലുണ്ട്. ഞാന്‍ ഇന്നും ആ തോട്ടത്തിന്റെ കാവല്‍ക്കാരനാണ്.’

‘ഇത്രയും വര്‍ഷത്തിനുള്ളില്‍ ആ സിനിമയെ കുറിച്ച് പലരും എഴുതിയ അനവധി ലേഖനങ്ങളും കുറിപ്പുകളും വായിക്കാനുള്ള ഭാഗ്യമുണ്ടായി.
ഒരുപക്ഷെ അതെല്ലാം കാലം എനിക്കായി കാല ത്തിനു തന്നെ സമര്‍പ്പിക്കുന്ന ദക്ഷിണ ആയിരിക്കാം. ഞാന്‍ അതിനെ അങ്ങിനെ കാണുന്നു. അതാണ് അതിന്റെ സൗന്ദര്യവും,’ അദ്ദേഹത്തിന്റെ വാക്കുകള്‍. ആഷാ ജയറാമും അദ്ദേഹവും ഒന്നിച്ചിരിക്കുന്ന ചിത്രവും കുറിപ്പിനൊപ്പം രഘുനാഥ് പലേരി പങ്കുവച്ചിട്ടുണ്ട്.

അച്ഛന്‍ മരിച്ചു പോയ നാലുവയസ്സുകാരി ദീപ മോളുടെയും അവളുടെ അമ്മയുടെയും കഥയാണ് ഒന്നു മുതല്‍ പൂജ്യം വരെ പറഞ്ഞത്. ആരും വരാനില്ലാത്ത അവരുടെ വീട്ടിലെത്തുന്ന ഓരോ ഫോണ്‍ കോളുകളും ദീപ മോള്‍ അവളുടെ അച്ഛന്റേതായിരിക്കും എന്നും അവളുടെ അച്ഛന്‍ എപ്പോഴെങ്കിലും ഒരിക്കല്‍ അവളെ വിളിക്കുമെന്നും കരുതുന്നു. അവര്‍ക്കിടയില്‍ അതിഥിയായെത്തുന്നത് വഴിമാറിയെത്തുന്ന ഫോണ്‍ കോളുകളും കൂടാതെ ദീപ മോള്‍ അവളുടെ അമ്മയറിയാതെ അച്ഛനോട് സംസാരിക്കാമെന്ന പ്രതീക്ഷയില്‍ ക്രമം തെറ്റിച്ചു വിളിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും മാത്രമായിരുന്നു.

അങ്ങനെയൊരു സംഭാഷണം ദീപ മോളെ ടെലിഫോണ്‍ അങ്കിള്‍ എന്ന് വിളിക്കുന്ന ഒരു വ്യക്തിയുമായുള്ള ഒരു അപൂര്‍വസൗഹൃദത്തില്‍ കൊണ്ടെത്തിക്കുന്നു. ആരെയും പ്രതീക്ഷിക്കാനില്ലാത്ത അവരുടെ ഒറ്റപ്പെട്ട ജീവിതത്തില്‍ ദീപ മോളോടൊപ്പം അലീനയും ടെലിഫോണ്‍ അങ്കിളിന്റെ ഫോണ്‍ വിളികള്‍ക്കായി കാത്തിരിക്കാന്‍ ആരംഭിക്കുന്നു. ഒടുവില്‍ ദീപമോളുടെ പിറന്നാളിന് ടെലഫോണ്‍ അങ്കിള്‍ അവരുടെ വീട്ടിലേക്ക് വന്നു. ഈ വരവ് അലീനയ്ക്ക് ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷ നല്‍കിയെങ്കിലും നിമിഷ നേരം കൊണ്ട് എല്ലാം വ്യര്‍ത്ഥമായിരുന്നു എന്നവര്‍ തിരിച്ചറിയുന്നു.

ചിത്രത്തിലെ രാരീ രാരിരം രാരോ എന്ന ഗാനം മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട താരാട്ടുപാട്ടുകളില്‍ ഒന്നാണ്. ദീപമോളായി എത്തിയത് ഗീതു മോഹന്‍ദാസ് ആയിരുന്നു. ഗീതുവിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും രഘുനാഥ് പലേരിക്ക് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവം ലഭിച്ചിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Onnu muthal poojyam vare mohanlal raghunath paleri writer