പ്രൗഢഗംഭീരമായ ചടങ്ങിൽ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇന്നലെ രാത്രിതന്നെ ട്രെയിലർ ഇറങ്ങി. പലരും ഇന്നാണ് ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയത് അറിഞ്ഞത്. ബ്രഹ്മാണ്ഡചിത്രമെന്ന സവിശേഷതയോടെ എത്തുന്ന ബാഹുബലി 2 വിന്റെ ട്രെയിലർ ആരുമറിയാതെ പെട്ടെന്ന് ഇറങ്ങിയതിന്റെ പിന്നിൽ എന്തോ കാരണമുണ്ടെന്ന് ആരാധകർക്ക് സംശയമുണ്ടായിരുന്നു. ഇപ്പോഴിതാ ട്രെയിലർ പെട്ടെന്ന് പുറത്തിറക്കിയതിന്റെ കാരണം അണിയറപ്രവർത്തകർ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.

ട്രെയിലർ സോഷ്യൽ മീഡിയ വഴി ചോർന്നതിനെത്തുടർന്നാണ് രാത്രി തന്നെ പുറത്തിറക്കിയത്. മലയാളം ഭാഷയിലുളള ട്രെയിലറാണ് ചോർന്നത്. ട്രെയിലർ ഔദ്യോഗികമായി പുറത്തിറങ്ങാൻ മണിക്കൂർ ശേഷിക്കെയായിരുന്നു സോഷ്യൽ മീഡിയ വഴി ചോർന്നത്. ഇത്തരം കാര്യങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. എങ്കിലും ട്രെയിലർ കണ്ട ആരാധകർ സന്തോഷരാണെന്നു കേൾക്കുന്നതാണ് പോസിറ്റീവായ മറ്റൊരു കാര്യമെന്നും സംവിധായകൻ രാജമൗലി പറഞ്ഞു.

ഇന്നു വൈകിട്ട് അഞ്ചിന് മുംബൈയിൽ നടക്കേണ്ട ചടങ്ങിൽ ട്രെയിലർ പുറത്തിറക്കാനായിരുന്നു പരിപാടി. സംവിധായകൻ രാജമൗലി, പ്രഭാസ്, കരൺ ജോഹർ, അനുഷ്ക ഷെട്ടി തുടങ്ങിയ ബാഹുബലിയുടെ മുഴുവൻ ടീം ചടങ്ങിൽ പങ്കെടുക്കുമായിരുന്നു.

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കുശേഷമാണ് ബാഹുബലിയുടെ ട്രെയിലറെത്തിയത്. പ്രതീക്ഷിച്ചതുപോലെതന്നെ കിടിലനായിട്ടുണ്ട് ട്രെയിലർ. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാലു ഭാഷകളിലാണ് ട്രെയിലർ പുറത്തിറങ്ങിയത്. ബ്രഹ്മാണ്ഡ ചിത്രമെന്ന പേരിനു ചേർന്ന രീതിയിൽ തന്നെയാണ് ട്രെയിലർ. ഏപ്രിൽ 28 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ