‘കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?’ ഒരുകൊല്ലം മുമ്പ് വരെ സിനിമാ പ്രേമികളുടെ ഏറ്റവും വലിയ കണ്‍ഫ്യൂഷന്‍ ആയിരുന്നു. കൃത്യം ഒരു വര്‍ഷം മുമ്പ്, ഏപ്രില്‍ 28ന്, ഈ ചോദ്യത്തിന്റ ഉത്തരവുമായി എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ രണ്ടാംഭാഗം പുറത്തിറങ്ങി. തിയേറ്ററുകളില്‍ ബാഹുബലി തീര്‍ത്ത ഓളത്തെ വെട്ടിക്കാന്‍ അടുത്തകാലത്തിറങ്ങിയ ഒരു ചിത്രത്തിനും സാധിച്ചിട്ടില്ല.

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ലോകമെമ്പാടും മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകള്‍ക്കു പുറമെ ചൈനയിലും, ജപ്പാനിലും, റഷ്യയിലും വരെയെത്തി ബാഹുബലിയുടെ പെരുമ. പ്രഭാസ്, അനുഷ്‌ക ഷെട്ടി, സത്യരാജ്, രമ്യാ കൃഷ്ണന്‍, നാസര്‍, റാണാ ദഗ്ഗുബാട്ടി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം 1700 കോടിയിലേറെയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നു മാത്രം നേടിയത്.

റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചലച്ചിത്രം,ആയിരം കോടി ക്ലബ്ബില്‍ പ്രഥമാംഗത്വം കരസ്ഥമാക്കിയ ചലച്ചിത്രം എന്നീ ബഹുമതികള്‍ ഈ ബാഹുബലി 2 സ്വന്തമാക്കി. 2017ലെ അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങില്‍ മികച്ച ജനപ്രിയ ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഈ ചിത്രത്തിനു ലഭിച്ചു.

ചിത്രം ഹിറ്റായതോടെ പ്രഭാസും അനുഷ്‌കയും അവതരിപ്പിച്ച അമരേന്ദ്ര ബാഹുബലി-ദേവസേന എന്നീ കഥപാത്രങ്ങളും പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. സ്‌ക്രീനില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും ഒന്നിച്ചുകാണണമെന്ന് ആരാധകര്‍ ആഗ്രഹിച്ചു. പ്രനുഷ്‌ക എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗുകള്‍ വരെ എത്തി. എന്നാല്‍ തങ്ങള്‍ പ്രണയത്തിലല്ല, സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരും ആവര്‍ത്തിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ