ശശി തരൂരും താപ്സി പന്നുവും ഒരു വേദിയിൽ സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാരായി എത്തിയാൽ എങ്ങനെയിരിക്കും? കൗതുകമുണർത്തുന്ന ആ കാഴ്ചയെ യാഥാർത്ഥ്യമാക്കുകയാണ് ആമസോൺ പ്രൈം. ആമസോണിന്റെ പുതിയ സീരിസായ ‘വൺ മൈക് സ്റ്റാൻഡി’ൽ ആണ് ഇരുവരും സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാരായി എത്തുന്നത്. യൂട്യൂബ് സ്റ്റാർ ആയ ഭുവൻ ബാമും അഞ്ച് എപ്പിസോഡുള്ള ഈ സീരീസിൽ സ്റ്റാൻഡ് അപ്പ് കോമഡി അവതരിപ്പിക്കുന്നുണ്ട്. നവംബർ 15 മുതൽ സീരീസ് ആമസോൺ പ്രൈമിൽ കാണാം.

സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാരെ കണ്ടുപിടിക്കാൻ സംഘടിപ്പിച്ച ‘കോമിസ്ഥാൻ 2’ എന്ന സീരീസിന്റെ വിജയത്തിനു പിന്നാലെയാണ് പുതിയ കോമഡി ഷോയുമായി ആമസോൺ എത്തുന്നത്.

ഷോയിൽ തപ്‌സി പന്നുവിനും ശശി തരൂരിനും പിന്നാലെ റിച്ച ചദ്ദ, വിശാൽ ദാദ്‌ലാനി, ഭുവൻ ബാം എന്നിവരും സീരിസിലുണ്ട്. പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാരായ സാക്കിർ ഖാൻ, ആശിഷ് ശാക്യ, രോഹൻ ജോഷി, കുനാൽ കമ്ര, അംഗദ് സിംഗ് റന്യാൽ എന്നിവരാണ്​ ഷോയുടെ മെന്റർമാർ. സപൻ വർമയാണ് ഷോ അവതരിപ്പിക്കുന്നത്.

“വർഷങ്ങൾക്കു മുൻപ് തോന്നിയൊരു ആശയമാണ് വൺ മൈക്ക് സ്റ്റാൻഡ്. ആമസോൺ ആ സ്വപ്നം യാഥാർത്ഥ്യമാക്കിയതിൽ ഏറെ സന്തോഷമുണ്ട്. നിങ്ങൾക്ക് വളരെ പ്രിയപ്പെട്ട ആളുകളെ ഇത്തരമൊരു പ്ലാറ്റ്‌ഫോമിൽ കാണുന്നത് രസകരമായ ഒരു അനുഭവമായിരിക്കുമെന്ന് ഞാൻ കരുതുന്നു,” ഷോയെ കുറിച്ച് ഹാസ്യനടൻ കൂടിയായ സപൻ വർമ്മ പറഞ്ഞു.

Read more: നായകന്മാർ ‘നോ’ പറഞ്ഞതുകൊണ്ട് എന്നെ സിനിമകളിൽനിന്ന് മാറ്റിയിട്ടുണ്ട്: താപ്‌സി പന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook