Netflix Review: ‘വൺസ് എഗെയ്ൻ’ എന്ന സിനിമ അവസാനിക്കുമ്പോള്‍ മനസ്സിൽ എന്താണവശേഷിക്കുന്നത്? കൈക്കുടന്നയിൽ മുല്ലപ്പൂക്കളുമായി പ്രണയിനിയുടെ മുൻപിൽ നിൽക്കുന്ന, മുടിയും താടിയും നരച്ച പുരുഷന്റെ പ്രണയാർദ്ര ഭാവമാണോ? അലസമെങ്കിലും അഴകേറുന്ന വസ്ത്രധാരണവും ചലനവും മുഖഭാവവും കൊണ്ട് പ്രണയത്തെ ദ്യോതിപ്പിക്കുന്ന, മുതിർന്ന രണ്ടു മക്കളുടെ അമ്മയായ സ്ത്രീയുടെ മുഖ ഭംഗിയോ? ഏകാന്തതയുടെ മരവിപ്പുകളിലേയ്ക്ക്, കുളിർമഴത്തുള്ളി പോലെ പാറി വീഴുന്ന പ്രണയമാണോ? സമൂഹം വ്യക്തികളുടെ മേൽ അടിച്ചേല്‍പ്പിക്കുന്ന സദാചാര നിയമങ്ങളുടെ ക്രൂരതയാണോ? ഇവയെല്ലാമാണ് എന്നു പറയുമ്പോഴും ഒന്നും തന്നെ അത്ര ആഴത്തിലല്ലെന്നും തോന്നുന്നത് പേരിന്റെ വാക്കർത്ഥം സൂചിപ്പിക്കുന്നതു പോലെ, ഇത് വെറുമൊരു പ്രണയാവർത്തനം മാത്രമായതു കൊണ്ടോ?

സിനിമാ പ്രേമികളിൽ, പ്രത്യേകിച്ച്, പ്രണയമനോഹരമായ സിനിമാനുഭവങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രതീക്ഷ നൽകിയാണു ‘വൺസ് എഗെയ്‌ൻ’ ട്രെയിലർ പുറത്തിറങ്ങിയത്. സത്യത്തിൽ സിനിമയുടെ സത്ത അതിലുണ്ട് എന്നു തന്നെ പറയണം. കാഴ്ചയുടെ തിരുശേഷിപ്പായി നമ്മൾ സൂക്ഷിക്കുന്ന മുഹൂർത്തങ്ങൾ തന്നെയാണു ട്രെയിലർ കാണിക്കുന്നത്. ട്രെയിലർ കാണുന്ന ഒരാളുടെ മനസ്സിൽ ആ കഥ വികസിക്കുന്നത് ഒരു പനിനീർച്ചെമ്പകപ്പൂമൊട്ട് വിടരും പോലെയാകും. എന്നാൽ വിടരുമ്പോൾ, അതിലവിടവിടെ ഇതളുകൾ അകന്നും ചുരുങ്ങിയും ഇരുന്നാലോ? അത്തരമൊരു അനുഭവമല്ലേ സിനിമ തരുന്നത്? നായകന്റെ സിനിമാഭിനയം, നായികയുടെ പാചകം, പ്രണയ തീവ്രതയാൽ മുറിവേൽക്കുന്ന നായികാ-നായകന്മാർ, മക്കളായ മൂന്നു പേരുടെയും പ്രണയത്തോടുള്ള സമീപനങ്ങള്‍, ‘അമ്മയുടെയും മകന്റെയും കല്യാണം ഒരു ദിവസമാകുമോ’ എന്ന ഭാവി ബന്ധുവിന്റെ ചോദ്യം എന്നിങ്ങനെ എല്ലാം തുളുമ്പുന്ന ട്രെയിലറിന്റെ കലാമൂല്യവും കഥാമൂല്യവും സിനിമയിൽ കാണാൻ കഴിയാത്തതിന്റെ നിരാശയും പറയാതെ വയ്യ.

Read More: ബോളിവുഡ് കാണാന്‍ കാത്തിരിക്കുന്ന പ്രണയ ചിത്രം

ഇന്ത്യൻ സിനിമാ രംഗത്ത്, പ്രായമെത്തിയവരുടെ പ്രണയം കഥകളാകാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. മലയാളത്തിൽ, ഒരുപക്ഷേ ‘മേഘ‌മൽഹാറാ’യിരുന്നു ഈയിനത്തിൽ (ആധുനിക കാല പ്രണയമെന്ന് എടുത്തു പറയണം) തുടക്കം കുറിച്ചത്. സദാചാര നിയമങ്ങളുടെ പരിമിതിയിൽ നിൽക്കുവാൻ വ്യഗ്രത കാണിച്ച സംവിധായകൻ അത്തരം പ്രണയമെന്നത് സാധാരണ മനുഷ്യ ലോകത്തിൽ നടക്കേണ്ടതല്ല എന്ന ആശയമാണു അതിൽ വച്ചു നീട്ടിയത്. അതു പോലെ ‘സോൾട്ട് ആൻഡ് പെപ്പർ’, അവിവാഹിതരുടെ പ്രണയമായതിനാൽ, കൂടുതൽ വ്യത്യസ്തമാകാതെ, പ്രായം കൊണ്ട് എന്തു മാറ്റം വരാം എന്നു മാത്രമാണു കാണിച്ചത്. ‘രാമന്റെ ഏദൻ തോട്ട’വും സദാചാരത്തെ ‘തൊട്ട്’ അശുദ്ധമാക്കാതെ പെണ്ണിന്റെ വിശുദ്ധി കാത്തു സൂക്ഷിച്ചു. പെൺ ജീവിതങ്ങൾക്കു മാർഗ്ഗദർശികളാകുകയാണു കാമുകന്റെ (പുരുഷന്റെ) കർത്തവ്യം എന്നു കൂടിയത് പറഞ്ഞു വച്ചു. (ആദ്യമായല്ല, മുൻപ് കാക്കത്തൊള്ളായിരം തവണ പറഞ്ഞതാവർത്തിച്ചു എന്നു മാത്രം)

ബോളിവുഡ് പല രീതിയിലും പരീക്ഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും, പ്രണയ സിനിമ എന്ന കാവ്യാത്മക ചിത്രീകരണത്തിൽ ഒതുങ്ങി നിൽക്കുന്നവ കുറവാണ്. ‘ലഞ്ച് ബോക്സ്’ എന്ന റിതേഷ് ബത്ര സംവിധാനം ചെയ്ത സിനിമ, ഇക്കൂട്ടത്തിൽ വ്യത്യസ്തമാകുകയും അതിനാൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. (മൾട്ടിപ്ലെക്സ് തിയേറ്ററിലെ കസേരകളിൽ നരച്ച തലകൾ നിരന്നു കണ്ടത് കൗതുകമുള്ള ഓർമ്മ) മഞ്ഞുകാലത്തിന്റെ തുടക്കത്തിലെ സായന്തനത്തില്‍, അനേകം മരങ്ങള്‍ പൂത്തു നില്‍ക്കുന്നൊരു നഗരോദ്യാനത്തിലെ നടപ്പാതയിലൂടെ പതിയെ നടക്കുന്നൊരു സുഖം. ഇടയ്ക്ക്, ആരോ മെല്ലെ വന്നു കൈപിടിച്ചോ എന്നു പോലും തോന്നിപ്പോകുന്നത്ര സ്വപ്നഭരിതം. ‘ലഞ്ച് ബോക്സ്’ എന്ന സിനിമയുടെ കാഴ്ചാനുഭവത്തെ ലളിതമായി ഇങ്ങനെ പറയാമെങ്കിൽ ‘വൺസ് എഗെയ്ൻ’ തരുന്ന അനുഭവമാകട്ടെ, വല്ലാതെ നേർപ്പിച്ച പഴച്ചാർ കുടിച്ചിറക്കിയതിനുശേഷം നാവിൽ നിൽക്കുന്ന മധുരമില്ലാത്ത മധുരം എന്നു പറയേണ്ടി വരുന്നു, മധുരമെന്നെഴുതി ആശിപ്പിച്ചതിന്റെ പരിഭവം കാഴ്ചക്കാരിൽ ബാക്കിയാകുന്നു. ‘ലഞ്ച് ബോക്സി’ൽ നിറഞ്ഞിരുന്നത് ജീവിതമായിരുന്നു, രുചിക്കൂട്ടുകൾ ചേർന്നാൽ രസകരമാകുന്ന ജീവിതം, എന്നാൽ ‘വൺസ് എഗെയ്‌നി’ൽ മധുരമുള്ള പ്രണയം നിറച്ചു വയ്ക്കാൻ ശ്രമിച്ചതാണ് എന്നും (ശ്രമിച്ചതെന്നു തന്നെ പറയണം) പറയാം. രണ്ടും സിനിമയ്ക്കും പശ്ചാത്തലമാകുന്നത് മുംബൈ നഗരം.

once again shefali shah

നായിക താര റസ്റ്റോറന്റ് ഉടമയാണെങ്കിലും, നായകന്‍ അമറിന് ആഹാരം സ്ഥിരമായി തയാറാക്കി കൊടുക്കുന്നവളാണെങ്കിലും അത്തരം രുചി ചിന്തകൾക്ക് ‘വൺസ് എഗെയ്‌നി’ൽ സ്ഥാനമില്ല. നായിക മീനില്‍ മസാല പുരട്ടി വാഴയിലയിൽ ചുട്ടെടുക്കുന്ന രംഗങ്ങളൊക്കെ ഒരു മെക്കാനിക്കൽ ഭാവം മാത്രം തരുന്നു. അതൊരു ജോലിയാണെന്ന മട്ടിലാണാ ജോലികളെല്ലാം ചെയ്യുന്നത്. അതുപോലെ ആഹാരം കഴിക്കുന്ന നായകന്റെ ഭാവം, വീട്ടിലെ ഭക്ഷണം, വീട്ടിലിരുന്നു കഴിക്കുന്ന ഗൃഹനാഥന്റേതും. എന്നാല്‍ നായികയുടെ അത്യന്താധുനികമല്ലാത്ത റസ്റ്റോറന്റും അതിന്റെ അടുക്കളയും തരുന്ന സാധാരണത്വം കൗതുകകരമാണെന്നു പറയാതെ വയ്യ.

രണ്ടു മക്കളുള്ള നായിക, അതിൽ മകന്റെ കല്യാണം തീരുമാനമായിരിക്കുന്നു, ഒരു മകളുള്ള നായകൻ, അവരുടെ പൂർവ്വ കഥകളിലേയ്ക്ക് സിനിമ പോകുന്നില്ലെങ്കിലും വിവാഹ മോചിതനായ നായകനു മകളുടെ മേൽ പൂർണ്ണമായ അവകാശമില്ലെന്നു കാണിച്ചു തരുന്നുണ്ട്. പിതാവിന്റെ പുതിയ ബന്ധത്തോട് തികച്ചും അനുകൂല നിലപാടിലാണു മകൾ. നായികയുടെ കാര്യത്തിലാണെങ്കില്‍, അച്ഛൻ മരിച്ചതിനു ശേഷം ഒറ്റപ്പെട്ടുപോയ അമ്മയുടെ പ്രണയത്തെ മകൾ അംഗീകരിക്കുമ്പോൾ മകൻ കുറ്റപ്പെടുത്തുകയാണു ചെയ്യുന്നത്.

പ്രണയമെങ്ങനെ ആരഭിച്ചുവെന്നത് കാഴ്ചക്കാരനു അനുമാനിക്കാനുള്ളതാണ്. ഭക്ഷണം നൽകുന്ന റസ്റ്റോറന്റിന്റെ ഉടമയും നടത്തിപ്പുകാരിയുമെന്ന നിലയിലാകാമെന്ന് ഊഹിക്കാം. ഒരിക്കൽ നായകന്റെ സിനിമാ ചർച്ചകൾക്കിടെ കയറി വരുന്ന നായികയെ ‘ഇവരെനിക്കു വേണ്ടി ഭക്ഷണമുണ്ടാക്കുന്നു’ എന്നു പറഞ്ഞു നായകൻ പരിചയപ്പെടുത്തുന്നുമുണ്ട്. അതു പക്ഷേ, പുറം ലോകത്തിനു മുൻപിൽ ഒന്നിച്ചു കാണപ്പെട്ടത് പത്രങ്ങളിൽ വാർത്തയാകുന്നതിന്റെ പിറ്റേന്നാണ്.

പ്രണയം മധ്യവയസ്സിലുള്ള പുരുഷന്റെ ഭാവത്തെ കരുണാർദ്രമാക്കുന്നുവെന്നും സ്ത്രീയുടെ മുഖഭാവത്തിനത് കൂടുതൽ ശക്തി പകരുന്നുവെന്നും കാണിച്ചു തരുവാൻ നീരജ് കബിയ്ക്കും ഷെഫാലി ഷായ്ക്കും കഴിയുന്നു. പല രംഗങ്ങളിലും കൂടുതൽ ആർദ്രമാകുന്നത് നീരജ് കബിയുടെ ഭാവങ്ങളാണ്, എന്നാൽ ഉള്ളിലുള്ള പ്രണയം പ്രസന്നമാക്കിയ, ഷെഫാലിയുടെ ഭാവത്തിനും അഴകേറെ. അവരൊന്നിച്ചുള്ള ദിവസത്തിന്റെ ദൃശ്യങ്ങൾ മാത്രം അടർത്തി മാറ്റിയാൽ മധുരതരമായ ഒരു ഷോർട്ട് ഫിലിമിന് സാധ്യതയുണ്ടാകും.

once again shefali shah

ഇന്‍ഡോ ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായരുടെ ‘ആൽഫബെറ്റ് സൂപ്പ് ഫോർ ലവേഴ്സ്’ എന്ന നോവലിന്റെ നേർത്ത ഓർമ്മയും ഇതു തരുന്നുവെന്നു പറയാം; കഥയിൽ സമാനതകൾ കാര്യമായില്ലെങ്കിലും. ഭക്ഷണം, അതു നൽകുന്ന നായിക, പ്രശസ്ത സിനിമാ നടനായ കാമുകൻ, മധ്യവയസ്സ്, ഏകാന്തത അങ്ങനെ ചില കഥാ പരിസരങ്ങൾ മാത്രം.

പ്രണയം എന്നെന്നും നമുക്കിഷ്ടപ്പെട്ട പ്രമേയമാണ്, അതിന്റെ വിവിധ ഭാവങ്ങൾ, വിവിധ രാഗങ്ങളിൽ നമുക്ക് ആസ്വാദ്യമാണ്. അതു കൊണ്ടു തന്നെ ‘വൺസ് എഗെയ്ൻ’ നമ്മെ നിരാശപ്പെടുത്തുന്നില്ല, മറൈൻ ഡ്രൈവിലെ രാവിൽ, പാട്ടിന്റെ വരികൾ മൂളുന്ന താരയും പ്രണയ പ്രസരിപ്പോടെ അടുത്തെത്തുന്ന കാമുകനും കാഴ്ചക്കാരുടെ, പ്രത്യേകിച്ച് മധ്യവയസ്കരുടെ മനസ്സിൽ പ്രണയ നിലാവ് പൊഴിക്കുന്നുണ്ട്. അതുപോലെ കാഴ്ചക്കാരായ സ്ത്രീകൾക്കു മാത്രം തോന്നാവുന്ന മറ്റൊരിഷ്ടം കൂടിയുണ്ട്, താരയുടെ സാരികൾ. സത്യസന്ധമായ, പെണ്ണത്തമുള്ള സാരികൾ എന്നു പറയാം.

എങ്കിലും മൊത്തത്തിൽ എവിടെയൊക്കെയോ വലിച്ചു നീട്ടലുകൾ അനുഭവിക്കുന്നു. അത് കഥയുടെ സാന്ദ്രതയെ ബാധിക്കുന്നുമുണ്ട്. പൂക്കൾ അകറ്റിക്കെട്ടിയ മുല്ലപ്പൂമാല പോലെ. ഇത്രയും പൂക്കൾ മതിയായിരുന്നു, പക്ഷേ ഒന്നുകൂടി അടുപ്പിച്ച്, ചേർത്തു കെട്ടിയിരുന്നുവെങ്കിൽ, താരയുടെ പ്രണയഗീതിയും, അമറിന്റെ ആർദ്രതയും മനസ്സിൽ ഒന്ന് കൂടി ഭംഗിയായി പതിയുമായിരുന്നു, ആ സൗരഭ്യം ഏറെനേരം മനസ്സിൽ തങ്ങി നിൽക്കുമായിരുന്നു. ഇവിടെയും ‘ലഞ്ച് ബോക്സി’നെപ്പറ്റി പറയേണ്ടി വരുന്നു, എഡിറ്റിംഗ് വിസ്മയങ്ങൾ ആ സിനിമയ്ക്ക് നൽകിയ മുറുക്കവും കൃത്യതയും ഇവിടെയുമുണ്ടായിരുന്നുവെങ്കിൽ എന്നാശിച്ചു പോയി.

കൻ‌വൽ സേഥി സംവിധാനം ചെയ്ത ഇൻഡോ- ജർമ്മൻ കോ പ്രൊഡക്ഷന്‍ ചിത്രം ‘വൺസ് എഗെയ്‌ൻ’, നെറ്റ്ഫ്ലിക്സില്‍ കാണാം.

Read Indian Express Review: Watch this only for Shefali Shah and Neeraj Kabi’s spellbinding performances

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook