മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. മാമാങ്കം സിനിമയിലെ ലൊക്കേഷന്‍ ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി ഓണം ആശംസിച്ചിരിക്കുന്നത്.കുതിരപ്പുറത്ത് കൂളിങ് ഗ്ലാസും വച്ചിരിക്കുന്ന ചിത്രമാണിത്. മമ്മൂട്ടി ധരിച്ചിരിക്കുന്ന പൂക്കളം ഷര്‍ട്ടാണ് ഇപ്പോള്‍ കമന്റ് ബോക്‌സില്‍ ചര്‍ച്ചയായിരിക്കുന്നത്. ട്രോളുകളുമായി നിരവധി പേര്‍ കമന്റ് ബോക്‌സിലെത്തിയിട്ടുണ്ട്. ഓണമായതുകൊണ്ടാണോ പൂക്കളം ഷര്‍ട്ട് എന്ന് തുടങ്ങി രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ.
വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ‘മാമാങ്കം’. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ട്. പ്രാചി തെഹ്ലാന്‍ ആണ് നായിക.
നവാഗതനായ സജീവ് എസ്.പിള്ളയുടെ സംവിധാനത്തില്‍ തുടങ്ങിയ ചിത്രം നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയില്‍പ്പെട്ടതോടെ പിന്നീട് എം.പദ്മകുമാര്‍ ഏറ്റെടുക്കുകയായിരുന്നു. കാവ്യാ ഫിലംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ‘മാമാങ്കം’ നിര്‍മ്മിക്കുന്നത്. അമ്പതു കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ‘മാമാങ്കം’ മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യും.
നടൻ മോഹൻലാലും നേരത്തെ ഓണാശംസകൾ നേർന്നിരുന്നു. ഫെയ്‌സ്‌ബുക്ക് പേജിലൂടെയായിരുന്നു മോഹൻലാലും ആശംസകൾ അറിയിച്ചത്. പുതിയ ചിത്രമായ ബിഗ് ബ്രദറിന്റെ ടീമിനൊപ്പം എല്ലാവര്‍ക്കും ഓണം ആശംസിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്ററും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിഗ് ബ്രദർ. മുമ്പ് വിയറ്റ്‌നാം കോളനി(1992), ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍(2013) എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത്.