പ്രളയത്തിന്റെ ദുരിതത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുകയാണ് കേരളം. ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ സർവ്വതും നഷ്ടപ്പെട്ട് കഴിയുകയാണ്. 11 ജില്ലകളിലും പെയ്തിറങ്ങിയ മഴയും കുത്തിയൊഴുകിയ പുഴകളും വളരെ വലിയ നാശനഷ്ടങ്ങളാണ് വരുത്തി വച്ചത്.

കേരളത്തിന് അതിനാൽ തന്നെ ഇക്കുറി ഓണം ആഘോഷിക്കാൻ അത്ര ആവേശവുമില്ല. ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ അതിനാൽ തന്നെ പുതിയ സിനിമകൾ റിലീസ് ചെയ്യേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ കേരളയാണ് ഇക്കാര്യം പറഞ്ഞത്.

മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗ്, നിവിൽ പോളിയുടെ കായംകുളം കൊച്ചുണ്ണി, ഫഹദ് ഫാസിലിന്റെ വരത്തൻ,  ബിജു മേനോൻ നായകനായ പടയോട്ടം, ടൊവിനോ നായകനായ തീവണ്ടി എന്നീ ചിത്രങ്ങളുടെ റിലീസ് തീയതിയാണ് മാറ്റിയത്. കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഈ മാസം 31 ന് ശേഷമേ പുതിയ തീയതികൾ പ്രഖ്യാപിക്കൂവെന്നാണ് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ കേരള നേതാവ് എം.സി.ബോബി പറഞ്ഞത്.

സിനിമ റിലീസ് ചെയ്യാൻ പറ്റിയ സാഹചര്യമല്ല സംസ്ഥാനത്തുളളതെന്നാണ് ഇതേക്കുറിച്ചുളള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.  “ഒരു റോഡ് പോലും പൊളിയാതെ ബാക്കിയില്ല. ജനങ്ങളെങ്ങനെ തിയേറ്ററിൽ വരും? കച്ചവടം മാത്രമല്ല ഇപ്പോഴത്തെ പ്രശ്നം. ജനം പെരുവഴിയിലാണ് കിടക്കുന്നത്. തിയേറ്ററുകൾ വെളളത്തിൽ മുങ്ങി. ജനം ഇപ്പോൾ വീട് വൃത്തിയാക്കാനുളള ശ്രമത്തിലാണ്. ഈ സാഹചര്യത്തിൽ സിനിമ റിലീസ് ചെയ്യാൻ സാധിക്കില്ല. ഒരൊറ്റ നിർമ്മാതാവിനും ഇപ്പോൾ സിനിമ ഇറക്കിയാൽ പോസ്റ്റർ ഒട്ടിച്ച കാശ് പോലും കിട്ടില്ല”, ബോബി പറഞ്ഞു.

നാളെ രാവിലെ ഓണത്തിന് റിലീസ് ചെയ്യാനിരുന്ന സിനിമകളുടെ നിർമ്മാതാക്കളെയും സംവിധായകരെയും ഒരു യോഗം വിളിച്ച് ഇക്കാര്യം ചർച്ച ചെയ്യുന്നതായി ബോബി പറഞ്ഞു.

“ഈ മാസം 31 മുതൽ സിനിമകൾ റിലീസ് ചെയ്യുന്ന ഒരു നിലയിലേക്ക് എത്തിക്കാമെന്നാണ് ധാരണയായിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ തമ്മിൽ മത്സരിച്ചാൽ എല്ലാവർക്കും നഷ്ടം മാത്രമേ ഉണ്ടാകൂ. അതിനാൽ തമ്മിൽ ഒരു ധാരണയിലെത്തേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

ഓരോ ആഴ്ച ഇടവിട്ട് ആർക്കും വലിയ നഷ്ടം സംഭവിക്കാത്ത വിധത്തിൽ സിനിമകൾ റിലീസ് ചെയ്യാനാണ് ശ്രമം. ഫിലിം ചേംബർ ഓഫ് കൊമേഴ്‌സാണ് നിർമ്മാതാക്കളുടെയും സംവിധായകരുടെയും യോഗം വിളിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook