Onam Release Malayalam Films 2020: കൊറോണയുടെ പശ്ചാത്തലത്തിൽ തിയേറ്റർ റിലീസുകളില്ലാത്ത ഒരു ഓണക്കാലമാണ് ഇത്തവണ. മാർച്ച് പകുതിയോടെ അടച്ച തിയേറ്ററുകൾ ഇനിയെപ്പോൾ തുറക്കുമെന്ന കാര്യത്തിലുള്ള ആശങ്കകൾ നിലനിൽക്കെ, പാരലൽ പ്ലാറ്റ്ഫോമുകളിൽ റിലീസിന് ഒരുങ്ങുകയാണ് ഏതാനും മലയാളചിത്രങ്ങൾ. ഫഹദ് നായകനാവുന്ന ‘സീ യു സൂൺ’, ദുൽഖർ സൽമാൻ നിർമിച്ച് ജേക്കബ് ഗ്രിഗറി നായകനാവുന്ന ‘മണിയറയിലെ അശോകൻ’, ടൊവിനോ നായകനാവുന്ന ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്നിവയാണ് ഈ ഓണക്കാലത്ത് റിലീസ് ചെയ്യുന്ന ചിത്രങ്ങൾ. ഇതിൽ രണ്ടു ചിത്രങ്ങൾ ഓടിടി പ്ലാറ്റ്ഫോമിലും ഒരു ചിത്രം ടെലിവിഷൻ റിലീസുമായാണ് പ്രേക്ഷകർക്ക് മുൻപിലെത്തുക.
Kilometers and Kilometers Malayalam Movie Release: ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ ഏഷ്യാനെറ്റിൽ
ആദ്യമായി ടെലിവിഷനിലൂടെ റിലീസിനെത്തുന്ന ചിത്രം എന്ന സവിശേഷത സ്വന്തമാക്കുകയാണ് ടൊവിനോ നായകനാവുന്ന ചിത്രം ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’. ഓണം നാളിൽ ഏഷ്യാനെറ്റ് ചാനലിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഒരു ട്രാവൽ മൂവിയാണ് ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’. ടൊവിനോ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. കൊറോണ വ്യാപനത്തിന് ശേഷം റിലീസ് മാറ്റിവയ്ക്കുന്ന ആദ്യ മലയാള സിനിമകളിൽ ഒന്ന് ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ ആയിരുന്നു. തിയേറ്ററുകൾ അടക്കാനുള്ള തീരുമാനം വരുന്നതിനു മുൻപ് തന്നെ ചിത്രത്തിന്റെ സംവിധായകർ റിലീസ് മാറ്റിവെച്ച കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
“ഫീൽ ഗുഡ് ഴോണറിൽ വരുന്ന ചിത്രം. ഒരു കോട്ടയംകാരനും മദാമ്മയും കൂടെ കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ വഴി ലഡാക്ക് വരെ പോകുന്നതാണ് സിനിമയുടെ കഥ. അതിനിടയ്ക്ക് അവരു കാണുന്ന കാഴ്ചകൾ, അവർക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങൾ, അടുപ്പം, വിയോജിപ്പുകൾ, ഇന്ത്യയുടെയും അമേരിക്കയുടെയും സാംസ്കാരികവും- സാമ്പത്തികവുമായ വ്യത്യാസം അതൊക്കെ ആക്ഷേപഹാസ്യത്തിലൂടെ ചിത്രം പറഞ്ഞുപോവുകയാണ്. ജിയോ ചേട്ടന്റെ മുൻപത്തെ ചിത്രങ്ങൾ ‘കുഞ്ഞു ദൈവം’, ‘രണ്ട് പെൺകുട്ടികൾ’- രണ്ടും എനിക്ക് വ്യക്തിപരമായി വളരെ ഇഷ്ടമുള്ള ചിത്രങ്ങളാണ്. വളരെ ഹ്യൂമറസായ, മൂർച്ഛയോടെ കൊള്ളേണ്ടിടത്ത് കൊള്ളുന്ന ചില ഡയലോഗുകളുണ്ട് അതിൽ. അങ്ങനെയുള്ള ചില കാര്യങ്ങൾ ഈ ചിത്രത്തിലുമുണ്ട്,” ചിത്രത്തെ കുറിച്ച് ടൊവിനോ തോമസ് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
CU Soon Malayalam Movie Release: ‘സീ യു സൂൺ’ ആമസോണിൽ
സംവിധായകൻ മഹേഷ് നാരായണനും പ്രിയതാരം ഫഹദ് ഫാസിലും കൈകോർക്കുന്ന ‘സീ യു സൂൺ’ ഓണം നാളി? ഓടിടി പ്ലാറ്റ്ഫോമിൽ റിലീസിനെത്തും. സെപ്റ്റംബർ ഒന്നിന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്യുക. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ഫഹദിനൊപ്പം റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഒരു ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കാണാതാകുന്ന തന്റെ ബന്ധുവിന്റെ ദുബായിലുള്ള പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന കേരളത്തില്‍ നിന്നുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ കഥ പറയുകയാണ് ‘സീയു സൂണ്‍’. ലോക്ക്ഡൗണ്‍ സമയത്ത് നിയന്ത്രിതമായ അന്തരീക്ഷത്തില്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമയാണിത്.
കംപ്യൂട്ടര്‍ സ്‌ക്രീന്‍ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന ചിത്രമാണ് ‘സീയു സൂണ്‍’. ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമായി മാത്രം അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രമേയമാണ് ഇതെന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ പറയുന്നത്. ഇന്ത്യയിലെയും 200 ഓളം രാജ്യങ്ങളിലെയും പ്രൈം അംഗങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാം.
Maniyarayile Ashokan Malayalam Movie Release: ‘മണിയറയിലെ അശോകൻ’ തിരുവോണത്തിന്
വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമിക്കുന്ന ‘മണിയറയിലെ അശോകൻ’ തിരുവോണദിനമായ ആഗസ്റ്റ് 31ന് നെറ്റ്ഫ്ലിക്സിൽ റിലീസിനെത്തും. നെറ്റ്ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയാണ് ‘മണിയറയിലെ അശോകൻ’.
നവാഗതനായ ഷംസു സായ്ബാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദുൽഖർ സൽമാനും അതിഥി താരമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
വിനീത് കൃഷ്ണൻ തിരക്കഥയും സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ശ്രീഹരി കെ നായർ സംഗീതവും നിർവഹിക്കുന്നു. ഷിയാസ് അമ്മദ്കോയയുടേതാണ് രസകരമായ വരികൾ. അരുൺ എസ് മണി, വിഷ്ണു പിസി എന്നിവർ സൗണ്ട് ഡിസൈനും ജയൻ ക്രയോൺ പ്രൊഡക്ഷൻ ഡിസൈനറുമാണ്.
Read more: Onam Premiere Movies 2020: മലയാള ടെലിവിഷൻ ചാനലുകളിലെ ഓണചിത്രങ്ങൾ