അപ്രതീക്ഷിതമായി കൊറോണ മഹാമാരിയും പിന്നാലെ ലോക്ക്ഡൗണുമെത്തിയപ്പോൾ ഒരുപാട് പേരുടെ ജീവിതമാണ് അനിശ്ചിതത്വത്തിലായത്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധികളിൽ പകച്ചു നിൽക്കാതെ, പുതിയ വരുമാനമാർഗം കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയതാരങ്ങളായ മഞ്ജു പിള്ളയും വിനോദ് കോവൂരും. മഞ്ജു പിള്ള തിരുവനന്തപുരത്ത് പുതിയ ഫാം ഹൗസ് ആരംഭിച്ചപ്പോൾ, കോഴിക്കോട് ഹൈലൈറ്റ് മാളിന് അരികെ മീൻക്കച്ചവടം തുടങ്ങിയിരിക്കുകയാണ് വിനോദ് കോവൂർ. അപ്രതീക്ഷിതമായി എത്തിച്ചേർന്ന പുതിയ വഴിത്താരകളെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് മഞ്ജുപിള്ളയും വിനോദ് കോവൂരും.
തിരുവനന്തപുരം ആറ്റിങ്ങൽ അവനവഞ്ചേരിയിലാണ് നടി മഞ്ജു പിള്ളയുടെയും സംവിധായകനും സിനിമോട്ടോഗ്രാഫറുമായ സുജിത്ത് വാസുദേവിന്റെയും ഏഴേക്കറോളം വിശാലമായ ഫാം ഹൗസ്. “കഴിഞ്ഞ വർഷമാണ് ഞങ്ങൾ ഈ സ്ഥലമെടുക്കുന്നത്. ചെറിയ രീതിയിൽ കൃഷിയൊക്കെ തുടങ്ങിയപ്പോഴാണ് ലോക്ക്ഡൗൺ വന്നത്. പ്രതിസന്ധികളുമായി കടന്നുവന്ന ലോക്ക്ഡൗൺ കാലമാണ് ഈ ഫാം ഹൗസ് തുടങ്ങാനുള്ള പ്രചോദനം, ” മഞ്ജുപിള്ള പറഞ്ഞു.
അഞ്ചു പോത്തുകൾ, കുറച്ച് ആടുകൾ, 250 ഓളം കോഴികൾ, കൂടെ ചെറിയൊരു ഫിഷ് ഫാമും ഇവിടെയുണ്ട്, ഒപ്പം അൽപ്പം കൃഷിയും. “ഡ്രാഗൺ ഫ്രൂട്ട്, ഫാഷൻ ഫ്രൂട്ട്, വാഴ, പപ്പായ, വെണ്ടക്ക , വഴുതനങ്ങ, കപ്പ, കറിവേപ്പ് എന്നു തുടങ്ങി കഴിയാവുന്ന രീതിയിൽ കൃഷിയും ആരംഭിച്ചിട്ടുണ്ട്. മൂന്നു പേർ ഇവിടെ സഹായത്തിനുണ്ട്,” ഫാം വിശേഷങ്ങൾ മഞ്ജു പിള്ള പങ്കു വച്ചു.
കൃഷി ചെയ്യൽ മഞ്ജു പിള്ളയ്ക്ക് പുതിയ അനുഭവമല്ല. “എറണാകുളത്തെ ഫ്ലാറ്റിന്റെ ടെറസ്സിൽ അമ്പതോളം ഗ്രോബാഗ് കിറ്റുകളിൽ പച്ചക്കറി കൃഷി ചെയ്തിരുന്നു. മണ്ണിൽ കൃഷി ചെയ്യണം, ഭൂമിയിലേക്ക് തിരിച്ചുവരണം എന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു. ഫാം ഹൗസ് തുടങ്ങുന്ന കാര്യം പറഞ്ഞപ്പോൾ ഭൂരിപക്ഷം പേരും നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. ഇത് വേണോ? മഞ്ജുവിന് ഇതു പറ്റുമോ? അറിയാത്ത ഫീൽഡ് അല്ലേ? എന്നൊക്കെ ചോദിച്ചു. അടുത്ത സുഹൃത്തുക്കളും എന്റെയും സുജിത്തിന്റെയും കുടുംബാംഗങ്ങളുമാണ് പിന്തുണ നൽകിയത്. ”
പോത്തുവളർത്തലിനും കൃഷിയ്ക്കും പുറമെ പോത്തിന്റെ വിപണനവും ആരംഭിച്ചിരിക്കുകയാണ് മഞ്ജു പിള്ളയും സുജിത്തും ഇപ്പോൾ. “പോത്തിന്റെ ബിസിനസ് ആരംഭിച്ചിട്ട് ഒരു മാസമായതേ ഉള്ളൂ. കൊല്ലത്തെ കൊയിലോൺ മുറ ഫാമുമായി സഹകരിച്ചാണ് വിൽപ്പന. ഹരിയാനയിൽ നിന്നും മുറ പോത്തുകുട്ടികളെ കൊണ്ടുവരും, അതിനെ നാലഞ്ചു ദിവസം കൊണ്ട് സെയിൽ ചെയ്തു കൊടുക്കണം. മൂന്നാമത്തെ ലോഡ് വരാനിരിക്കുകയാണ് ഇപ്പോൾ, ഒരു ലോഡിൽ 30-35 പോത്തുകൾ വരെ ഉണ്ടാവും.”
ഫാം ജീവിതം പുതിയ അനുഭവങ്ങൾ സമ്മാനിക്കുകയാണ് മഞ്ജുവിന്. “ഒരു മാസത്തോളം ഞാനും സുജിത്തും ഫാമിലായിരുന്നു താമസം. ആദ്യം കുറച്ചു ബുദ്ധിമുട്ടി. രണ്ടു പേരെ ജോലിക്ക് വെച്ചിരുന്നു, അവർ ഒന്നും പറയാതെ പെട്ടെന്ന് പോയി. അന്ന് ഞാനും സുജിത്തും തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്തത്. പോത്തിനെ കുളിപ്പിക്കുന്നതും ആടിനെ കറക്കുന്നതുമൊക്കെ തനിയെ. ആടിനെ കറന്നിട്ട് ആദ്യമൊന്നും പാലു വരുന്നില്ല. പിന്നെ സ്നേഹത്തോടെ തൊട്ടും തലോടിയുമൊക്കെ പെരുമാറിയപ്പോൾ അവ സ്വയം പാൽ ചുരത്താൻ തുടങ്ങി. ഇതിനെ ഞങ്ങളുടെ പരീക്ഷണ ഫാമെന്നു വേണമെങ്കിൽ പറയാം, ഞങ്ങൾ എല്ലാം പുതുതായി പഠിച്ചുകൊണ്ടിരിക്കുകയാണ്,” ചിരിയോടെ മഞ്ജു പിള്ള പറഞ്ഞു. ലോക്ക്ഡൗൺ കാലത്തെയും പോസിറ്റീവാക്കി മാറ്റുകയാണ് ഈ ദമ്പതികൾ.
യഥാർത്ഥ ജീവിതത്തിലും മീൻ കച്ചവടക്കാരന്റെ വേഷമണിഞ്ഞ് വിനോദ്
എം80യിൽ മീൻ വിറ്റ് നടക്കുന്ന മൂസ എന്ന കഥാപാത്രം വിനോദ് കോവൂരിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ പ്രിയങ്കരനാക്കിയ വേഷമാണ്. ഇപ്പോഴിതാ, യഥാർത്ഥ ജീവിതത്തിലും മീൻ കച്ചവടക്കാരന്റെ വേഷമണിയുകയാണ് വിനോദ്. കോവിഡ് കാലത്ത് കോഴിക്കോട് ഹൈലൈറ്റ് മാളിന് എതിർവശം പാലാഴിയിലേക്ക് പോവുന്ന റോഡിൽ രണ്ടു പാർട്ണർമാർക്കൊപ്പം ‘മൂസക്കായ്സ് സീ ഫ്രഷ്’ എന്ന മീൻകട തുടങ്ങിയിരിക്കുയാണ് വിനോദ് കോവൂർ. സെപ്റ്റംബർ ഒന്നാം തിയ്യതിയാണ് വിനോദിന്റെ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം.
“കോവിഡിനും ലോക്ക്ഡൗണിനുമിടയിൽ അഞ്ചുമാസത്തോളം പിടിച്ചു നിന്നു. ഇനിയും എന്തെങ്കിലും സൈഡ് ബിസിനസ് തുടങ്ങിയില്ലെങ്കിൽ പിടിച്ചു നിൽക്കാൻ പറ്റില്ല. എപ്പോൾ സിനിമ ഉണ്ടാവും, എന്ന് ഷൂട്ടിംഗ് തുടങ്ങും എന്നൊന്നും അറിയില്ല. സ്റ്റേജ് ഷോ ആയിരുന്നു എന്റെയൊക്കെ പ്രധാന വരുമാനം. അടുത്തകാലത്തൊന്നും ഇനിയതിനും സാധ്യതയില്ല. ‘മറിമായം’ മാത്രമാണ് ഇപ്പോൾ ഉള്ളത്, സീരിയൽ മാത്രം കൊണ്ട് പിടിച്ചു നിൽക്കാൻ പറ്റില്ലെന്നു മനസ്സിലായപ്പോഴാണ് പുതിയ എന്തെങ്കിലും ബിസിനസ് തുടങ്ങാമെന്നാലോചിച്ചത്,” ജീവിതം കടന്നുപോവുന്ന പ്രതിസന്ധികളെ കുറിച്ച് വിനോദ് പറഞ്ഞു.
“എം80 മൂസ ഹിറ്റായിരുന്നല്ലോ, അത് കണ്ട് സുഹൃത്തുക്കളൊക്കെ തമാശയ്ക്ക് ചോദിക്കാറുണ്ടായിരുന്നു, നിനക്ക് മീൻ കച്ചവടം തുടങ്ങിക്കൂടെ, അറിയാവുന്ന മേഖലയല്ലേ എന്നൊക്കെ. ഞാനതങ്ങ് സീരിയസായി എടുത്തു. (ചിരിക്കുന്നു). അപ്പോഴാണ് ആകസ്മികമായി രണ്ടു സുഹൃത്തുക്കൾ എന്നെ സമീപിക്കുന്നത്, അവരുടെ ഫിഷ് ബിസിനസിന്റെ പരസ്യം ചെയ്തു കൊടുക്കാവോ ഉദ്ഘാടനം ചെയ്യാവോ എന്നുചോദിച്ച്. ഞാനും ഇതുപോലൊരു പ്ലാനിലാണെന്ന് പറഞ്ഞപ്പോൾ സാറിന് ഞങ്ങളുടെ കൂടെ നിന്നുകൂടെ, നമുക്ക് ഒന്നിച്ച് ബിസിനസ് ചെയ്താലോ എന്നായി അവർ. അവർ രണ്ടുപേരും ഈ രംഗത്ത് അനുഭവപരിചയമുള്ളവരാണ്, ഇരുവരുടെയും അച്ഛൻമാർക്ക് ചാലിയം കടപ്പുറത്ത് സ്വന്തമായി ബോട്ടൊക്കെയുണ്ട്. ഒരു നിയോഗമായിരുന്നു അവരുടെ വരവ്.”
“കടയിൽ നിന്ന് നേരിട്ട് വാങ്ങാനും ഓൺലൈനായി ഓർഡർ ചെയ്യാനും പറ്റുന്ന രീതിയിലാണ് ഞങ്ങളുടെ ഷോപ്പ് പ്രവർത്തിക്കുക. മീൻ മുറിച്ച് ക്ലീൻ ചെയ്ത് മസാല പുരട്ടിയാണ് വിൽക്കുന്നത്. മൂന്നു ഹാർബറുകളുമായി സഹകരിച്ചാണ് കച്ചവടം. സെപ്റ്റംബർ ഒന്നിനാണ് ഉദ്ഘാടനം, ഇപ്പോഴേ കുറേപേർ വിളിക്കുന്നുണ്ട്, ഫ്രാഞ്ചെസി ചോദിച്ച്.”
വിനോദിന്റെ പുതിയ സംരംഭത്തിന് ആശംസകളുമായി സഹപ്രവർത്തകരും സിനിമാസുഹൃത്തുക്കളുമൊക്കെ വിളിക്കുന്നുണ്ട്. “കഴിഞ്ഞ ദിവസം എന്നെ അമേരിക്കയിൽ നിന്ന് മംമ്ത മോഹൻദാസ് വിളിച്ചു. വിനോദേട്ടന് എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പറയണേ, ഞാൻ സഹായിക്കാം എന്നൊക്കെ പറഞ്ഞു. ആ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.”
“വർഷം എന്ന സിനിമയിലാണ് ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചത്. മമ്മൂക്കയാണ് എന്നെ മംമ്തയ്ക്ക് പരിചയപ്പെടുത്തിയത്. എന്നെ കണ്ടപ്പോൾ മംമ്ത എക്സൈറ്റഡായി. കാൻസർ ചികിത്സ സമയത്ത് മംമ്തയെ ഏറ്റവും കൂടുതൽ മോട്ടിവേറ്റ് ചെയ്തത് ഞാൻ എഴുതി അവതരിപ്പിച്ച ‘കാലൻ’ എന്ന സ്കിറ്റാണ്എന്നൊക്കെ പറഞ്ഞു. എത്ര തവണ ഞാൻ ആ സ്കിറ്റ് കണ്ടെന്നറിയില്ല, സംഭാഷണങ്ങളൊക്കെ കാണാപാഠമാണ് എന്നു പറഞ്ഞ് മമ്മൂക്കയ്ക്ക് മുന്നിൽ വെച്ച് അതിലെ ഡയലോഗ്സ് ഒക്കെ പറയാൻ തുടങ്ങി. വിനോദേട്ടനെ ഒരിക്കലും ഞാൻ മറക്കില്ല, അത്രയും നന്ദിയുണ്ടെനിക്ക് എന്നൊക്കെ പറഞ്ഞു . മംമ്ത വിളിച്ചപ്പോൾ ഞാനാ പഴയ സംഭവമൊക്കെ ഓർത്തു. ”
‘സഹായമൊന്നും വേണ്ട. ഇത് അതിജീവനത്തിന്റെ നാളുകളാണ്, ഇനിയും ഒരു കൊറോണക്കാലം വന്നാൽ പെട്ടു പോകും. അതിനുള്ള ഒരു മുൻകരുതൽ കൂടിയാണ് ഇത്,’ എന്നാണ് ഞാൻ മംമ്തയോട് പറഞ്ഞത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ഒരു ചെറിയ ചുവടുവെപ്പാണ്.” ആത്മവിശ്വാസത്തോടെ വിനോദ് പറഞ്ഞു.
Read more: ‘ശശികല’യെ ഓർക്കാത്ത ഒരോണം പോലും എനിക്കില്ല: സുരാജ് വെഞ്ഞാറമൂട്
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook