Television Premieres of Superstar Movies for Onam: പൂക്കളമൊരുക്കലും സദ്യവട്ടങ്ങളുമായി കേരളക്കരയിലെ വീടുകളെല്ലാം ഓണാഘോഷത്തിന്റെ തിരക്കുകളിലാവുന്പോൾ ടെലിവിഷനുകളിലും ഓണപരിപാടികളുടെ ബഹളമായിരിക്കും. താരങ്ങളുടെ ഓണക്കാല ഓർമ്മകളും വിശേഷങ്ങളും പ്രത്യേക ഓണപരിപാടികളും ഓണം പാചക പ്രോഗാമുകളുമെല്ലാമായി ഓരോ ടെലിവിഷൻ ചാനലുകളും ഓണക്കാലത്ത് പ്രത്യേക പരിപാടികൾ പ്രക്ഷേപണം ചെയ്യുക പതിവാണ്. പുത്തന്‍ സിനിമകളുടെ പ്രീമിയര്‍ ഷോകളാണ് ഓണക്കാല ചാനൽ പരിപാടികൾക്കിടയിലെ കിരീടം വെയ്ക്കാത്ത രാജാക്കന്മാർ.
ഈ വർഷവും നിരവധി പുതുപുത്തൻ ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് ഓണ സമ്മാനമായി ചാനലുകൾ ഒരുക്കിയിരിക്കുന്നത്. ഈ വർഷം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ‘ഉണ്ട’, ‘പേരൻപ്’, ‘മധുരരാജ’ എന്നു തുടങ്ങി മുപ്പതോളം ചിത്രങ്ങളാണ് വിവിധ ചാനലുകളിലായി ടെലിവിഷൻ പ്രീമിയറായി സംപ്രേക്ഷണം ചെയ്യുപ്പെടുന്നത്.
വിവിധ ചാനലുകളിലായി ഓണം സ്പെഷലായി സംപ്രേക്ഷണം ചെയ്യപ്പെടുന്ന ടെലിവിഷൻ പ്രീമിയറുകൾ ഏതെന്നു നോക്കാം.
Onam Television Premiere Movies 2019: Asianet: ഏഷ്യാനെറ്റ്
മമ്മൂട്ടി ചിത്രം ‘ഉണ്ട’, രജിഷ വിജയൻ കേന്ദ്ര കഥാപാത്രമാകുന്ന ‘ജൂൺ’, ഫഹദ് ഫാസിൽ- സായ് പല്ലവി ചിത്രം ‘അതിരൻ’, ദുൽഖർ സൽമാൻ നായകനാവുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’ എന്നിവയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്ന ഓണച്ചിത്രങ്ങൾ. ഷെയ്ൻ നിഗം നായകനാവുന്ന ‘ഇഷ്ക്’, പ്രണവ് മോഹൻലാൽ ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’, പൃഥ്വിരാജിന്റെ സയൻസ് ഫിക്ഷൻ ചിത്രം ‘9’, ‘വാരിക്കുഴിയിലെ കൊലപാതകം’ എന്നിവയും ഓണത്തിനോട് അനുബന്ധിച്ച് ചാനൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
Onam Television Premiere Movies 2019: Mazhavil Manorama: മഴവിൽ മനോരമ
ഒരിടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ സത്യൻ അന്തിക്കാട് ചിത്രം ‘ഞാൻ പ്രകാശൻ’, ആസിഫ് അലി- ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ‘വിജയ് സൂപ്പറും പൗർണമിയും’, പാർവ്വതി- ടൊവിനോ തോമസ്- ആസിഫ് അലി ടീമിന്റെ ‘ഉയരെ’, വിനയ് ഫോർട്ട് നായകനായെത്തിയ ‘തമാശ’, ടൊവിനോ തോമസിനെ നായകനാക്കി മധുപാൽ സംവിധാനം ചെയ്ത ‘ ഒരു കുപ്രസിദ്ധ പയ്യൻ’, പുതുമുഖങ്ങൾ അണിനിരന്ന ‘സകല കലാശാല’ എന്നിവയാണ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഓണചിത്രങ്ങൾ.
ഏറെ ശ്രദ്ധ നേടിയ തമിഴ് സ്പോർട്സ് ചിത്രം ‘കനാ’, സായി പല്ലവി നായികയായ ‘എംസിഎ’, ടൊവിനോ തോമസ് നായകനായ ‘മറഡോണ’, ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ഗിന്നസ് പക്രു നായകനായ ‘ഇളയരാജ’ എന്നിവയും ഈ ഓണക്കാലത്ത് മഴവിൽ മനോരമയിൽ കാണാം.
Onam Television Premiere Movies 2019: Surya: സൂര്യ ടിവി
ദിലീപ്- ബി ഉണ്ണികൃഷ്ണൻ ടീമിന്റെ ‘കോടതിസമക്ഷം ബാലൻ വക്കീൽ’, ആസിഫ് അലി നായകനായ ‘കക്ഷി അമ്മിണിപ്പിള്ള’, ജയറാം ചിത്രം ‘ഗ്രാൻഡ് ഫാദർ’, നിപ്പ അതിജീവനത്തിന്റെ കഥ പറയുന്ന ആഷിഖ് അബുവിന്റെ മൾട്ടി സ്റ്റാർ ചിത്രം ‘വൈറസ്’ എന്നിവയാണ് സൂര്യയുടെ പ്രധാന പ്രീമിയറുകൾ. ഒപ്പം ബിജു മേനോൻ- ആസിഫ് അലി- ബൈജു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്ത ‘മേരാ നാം ഷാജി’, ഗോകുൽ സുരേഷും നിരഞ്ജും പ്രധാന വേഷത്തിലെത്തിയ ‘സൂത്രക്കാരൻ’, വിനായകൻ നായകനാവുന്ന ‘തൊട്ടപ്പൻ’ എന്നിവയും സൂര്യയിൽ സംപ്രേക്ഷണം ചെയ്യപ്പെടും.
Onam Television Premiere Movies 2019: Kairali: കൈരളി ടിവി
മമ്മൂട്ടി ചിത്രം ‘ഉണ്ട’, ‘പേരൻപ്’ എന്നിവയും വിജയ് സേതുപതി ചിത്രം ‘സിന്ധുബാദും’ ആണ് കൈരളിയുടെ ഓണം പ്രീമിയറുകൾ.
Onam Television Premiere Movies 2019: Flowers Tv: ഫ്ളവേഴ്സ് ടിവി
കാളിദാസ് ജയറാം നായകനായ ജീത്തു ജോസഫ് ചിത്രം ‘മിസ്റ്റർ &മിസ്സ് റൗഡി’, അനു സിതാര- ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘നീയും ഞാനും’, ശ്രീനിവാസനും മകൻ ധ്യാനും പ്രധാന വേഷങ്ങളിലെത്തിയ ‘കുട്ടിമാമ’ എന്നിവ ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യും.
Onam Television Premiere Movies 2019: Zee Keralam: സീ കേരളം
മമ്മൂട്ടിയുടെ മാസ് ചിത്രം ‘മധുരരാജ’, ഷാഫി ചിത്രം ‘ചിൽഡ്രൻസ് പാർക്ക്’, ഹരിശ്രീ അശോകൻ സംവിധാനം ചെയ്ത ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’, ‘ഗാംബ്ലെർ’ എന്നിവയാണ് സീ കേരളത്തിന്റെ ഓണചിത്രങ്ങൾ.
Read more: ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ നാല് ഓണച്ചിത്രങ്ങള്‍: റിവ്യൂ വായിക്കാം