കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിനാലിനാണ് ദുബായിൽ വച്ച് ശ്രീദേവി മരണപ്പെട്ടെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്. ഭർത്താവ് ബോണി കപൂറും മക്കളായ ഖുഷിയും ജാൻവിയും ആ നഷ്ടത്തോടു പൊരുത്തപ്പെട്ടു വരുന്നതേയുള്ളു.

ഇന്നലെ ശ്രീദേവിയുടേയും ബോണി കപൂറിന്‍റെയും വിവാഹ വാര്‍ഷിക ദിനമായിരുന്നു.  ആ വിശേഷ ദിവസത്തിലെ ശ്രീദേവിയുടെ അഭാവം തങ്ങള്‍ക്കുണ്ടാക്കുന്ന സങ്കടം  അവരുടെ കുടുംബം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചു.

അമ്മയെക്കുറിച്ച് അധികം സംസാരിക്കാത്ത ജാന്‍വി കപൂര്‍ പതിവ് പോലെ അടിക്കുറിപ്പില്ലാതെ, അച്ഛന്‍ ബോണി കപൂര്‍ അമ്മ ശ്രീദേവിയുടെ കവിളില്‍ ചുംബിക്കുന്നതിന്‍റെ ഒരു ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തത്.  ചിത്രത്തില്‍ ഇരുവരെയും പുഞ്ചിരിയോടെ നോക്കി നില്‍ക്കുന്ന ജാന്‍വിയേയും കാണാം. സ്നേഹം വിളിച്ചോതുന്ന ആ ചിത്രവും ജാന്‍വിയുടെ നിശബ്ദതയും ആളുകളെ കണ്ണ് നനയിക്കുകയാണ്.

 

A post shared by Janhvi Kapoor (@janhvikapoor) on

‘ഇന്ന് ഞങ്ങളുടെ 22-ാം വിവാഹ വാര്‍ഷികം ആവുമായിരുന്നു. പ്രിയപ്പെട്ടവള്‍, എന്‍റെ ഭാര്യ, എന്‍റെ ആത്മമിത്രം, പ്രണയത്തിന്‍റെയും തീക്ഷണതയുടേയും ഐശ്വര്യത്തിന്‍റെയും സന്തോഷത്തിന്‍റെയും രൂപമായ അവള്‍ എന്നില്‍ എന്നും ജീവിക്കുന്നു’, എന്ന് ബോണി കപൂറും കുറിച്ചു. സ്വന്തമായി ട്വിറ്റെര്‍ ഹാന്‍ഡില്‍ ഇല്ലാത്ത അദ്ദേഹം ശ്രീദേവിയുടെ മരണശേഷം അവരുടെ ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്നാണ് ട്വീറ്റ് ചെയ്യുന്നത്.

1996 ജൂണ്‍ 2നാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം നീണ്ട കാലം സിനിമയില്‍ നിന്നും വിട്ടു നിന്ന ശ്രീദേവി ‘ഇംഗ്ലീഷ് വിംഗ്ലിഷ്’ എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ച് വരവ് നടത്തി.  ‘മോം’  എന്ന ചിത്രത്തിലെ പ്രകടനത്തിന് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി.

അകാലത്തില്‍ വിട്ടു പോയ ഭാര്യയെക്കുറിച്ചു സംസാരിക്കവേ ബോണി പലപ്പോഴും വിങ്ങിപ്പൊട്ടുകയായിരുന്നു. ജാന്‍വിയും ഖുഷിയും അമ്മയെ മിസ് ചെയ്യുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ബോണി.

ശ്രീദേവിയ്ക്ക് വേണ്ടി ദേശീയ പുരസ്‌കാരം വാങ്ങാന്‍ എത്തുന്ന ബോണി കപൂര്‍ മക്കള്‍ ജാന്‍വി, ഖുശി. ചിത്രം. താഷി തോബ്ഗ്യാല്‍/ഇന്ത്യന്‍ എക്സ്പ്രസ്സ്‌

”അവര്‍ അവരുടെ അമ്മയെ എന്നും മിസ് ചെയ്യുന്നുണ്ട്. ഞാന്‍ ഓരോ നിമിഷത്തിലും മിസ് ചെയ്യുന്നുണ്ട്. പക്ഷേ നമുക്കു വിധിയോടു പൊരുതാന്‍ കഴിയില്ലല്ലോ, യാഥാര്‍ഥ്യത്തെ സ്വീകരിച്ചേ പറ്റൂ. അച്ഛന്‍, അമ്മ എന്നീ രണ്ടു റോളുകളും നന്നായി കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ഞാന്‍. ജാന്‍വിക്കും ഖുഷിക്കും കൂട്ടായി മകന്‍ അര്‍ജുന്‍ കപൂറും അന്‍ഷുലയും സദാ കൂടെയുണ്ട്. ” ബോണി കപൂര്‍ അന്ന് പറഞ്ഞു.

ഇരുപത്തിയൊന്ന്കാരിയായ ജാന്‍വി കപൂറിന്‍റെ ബോളിവുഡ് പ്രവേശമാണ് ഇപ്പോള്‍ സിനിമാ ലോകം ഉറ്റുനോക്കുന്നത്.  ധടക്’ എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി അഭിനയത്തിലേക്ക് ചുവടു വയ്ക്കുന്നത്. ശശാങ്ക് ഖൈതാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരന്‍ ജോഹര്‍. ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി ജാന്‍വിയോട് വോഗ് മാസികയ്ക്ക് വേണ്ടി അവരുടെ കുടുംബ സുഹൃത്ത്‌ കൂടിയായ കരന്‍ ജോഹര്‍ സംസാരിച്ചു. അകാലത്തില്‍ അന്തരിച്ച അമ്മ ശ്രീദേവിയെക്കുറിച്ചും അമ്മയില്ലാത്ത ജീവിതത്തെക്കുറിച്ചും ജാന്‍വി മനസ് തുറന്നതിങ്ങനെ.

“ഞാന്‍ ഒരു നടിയാകണം എന്ന് അമ്മ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. (അനുജത്തി) ഖുഷിയാവും സിനിമയ്ക്ക് പറ്റിയത് എന്നവര്‍ കരുതിയിരുന്നു. എന്‍റെ ‘പാവം’ സ്വഭാവവും, തൊലിക്കട്ടിയില്ലായ്മയും സിനിമയ്ക്ക് പറ്റില്ല എന്നവര്‍ വിചാരിച്ചു. ‘റിലാക്സ്ഡ്‌’ ആയ ഒരു ജീവിതം ഞങ്ങള്‍ക്ക് ഉണ്ടാകണം എന്നമ്മ കരുതി. അവര്‍ ചെയ്തിരുന്ന ജോലി അവര്‍ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും അതിന്‍റെ പ്രയാസങ്ങളെക്കുറിച്ചും അമ്മ ബോധവതിയായിരുന്നു.”, വോഗ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍  ജാന്‍വി വെളിപ്പെടുത്തി.

മരിക്കുന്നത് മുന്‍പ് ജാന്‍വിയുടെ ആദ്യ ചിത്രമായ ‘ധടകി’ന്‍റെ ചില ഭാഗങ്ങള്‍ ശ്രീദേവി കണ്ടിരുന്നു. അഭിനയം എങ്ങനെ മെച്ചപ്പെടുത്തണം എന്ന് ജാന്‍വിയോട് അവര്‍ പറഞ്ഞിരുന്നതായും ജാന്‍വി അഭിമുഖത്തില്‍ പറയുന്നു. മേക്കപ്പിനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പറഞ്ഞ ശ്രീദേവി ജാന്‍വിയെ സ്ക്രീനില്‍ കണ്ടപ്പോള്‍ സന്തോഷവതിയായിരുന്നു എന്നും മകള്‍ ഓര്‍മ്മിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ