യാഷ് രാജ് സ്‌പൈ യൂണിവേഴ്സിന്റെ എല്ലാ പൊതു സ്വഭാവങ്ങളുമുള്ള മറ്റൊരു സിദ്ധാർഥ് ആനന്ദ് സിനിമ, മിഷൻ ഇമ്പോസിബിളിന്റെയും മാർവെൽ യൂണിവേഴ്സിന്റെയും പ്രകട സ്വാധീനമുള്ള ആക്ഷൻ രംഗങ്ങളും വി എഫ് എക്സ്സും, ബൊളീവുഡ് സിനിമയിൽ മാത്രം കാണുന്ന പ്രണയവും ദേശ ഭക്തിയും -‘ പഠാനെ’ കുറിച്ച് പറയാനുള്ളതൊക്കെ തികച്ചും പ്രതീക്ഷിച്ച കാര്യങ്ങളാണ്. ഒരു ഓവർ ദി ടോപ് ബോളിവുഡ് സിനിമ കാണിക്കൾക്കെന്ത് തരുമെന്ന് പ്രതീക്ഷിച്ചോ അത് അതേ ലെവലിൽ തന്നു സിനിമ തുടങ്ങിയവസാനിക്കുന്നു. സാധാരണ സ്‌പൈ യൂണിവേഴ്സിൽ രംഗങ്ങളും വേഷങ്ങളും കഥയും കഥാപാത്രങ്ങളുമൊക്കെ നിൽക്കുന്നിടത്ത് തന്നെ നിൽക്കുമ്പോഴും ‘പഠാൻ’ പക്ഷെ ബാക്കി വയ്ക്കുന്നത് സിനിമക്ക് മുൻപും ശേഷവും ഷാരുഖ് ഖാൻ എന്ന നടനെയും താരത്തെയും മനുഷ്യനേയുമാണ്.
ഷാരുഖ് ഖാൻ ഒരു മുഴുനീള നായക വേഷത്തിൽ സ്‌ക്രീനിലെത്തിയിട്ട് അഞ്ചു വർഷത്തോളമായി. പലപ്പോഴും തീർന്നു പോയ അയാളുടെ കരിയറിനെ കുറിച്ച് പഠനങ്ങൾ പുറത്ത് വന്നു. രാഷ്ട്രീയ ബഹിഷ്കരണാഹ്വാനങ്ങൾ കരിയറിന്റെ പല ഘട്ടങ്ങളിൽ ഉയർന്ന വന്നു. പക്ഷെ നിശബ്ദമായും ആക്ഷേപ ഹാസ്യം കൊണ്ടും അയാൾ ഉത്തരം പറഞ്ഞു കൊണ്ടേയിരുന്നു. ഒരു തലമുറയെ ഇന്ത്യയിൽ പ്രണയിക്കാൻ പഠിപ്പിച്ച നടൻ എന്ന് ഷാരുഖ് ഖാനെ കുറിച്ച് പലരും പറയാറുണ്ട്. 1990കളുടെ തുടക്കത്തിൽ ഷാരുഖ് ഖാന്റെ കരിയറിന്റെ നല്ല കാലം മുതൽ 2000 ത്തിന്റെ പകുതി വരെ ബൊളീവുഡിലെ പ്രണയത്തിനു ഷാരുഖ് ഖാന്റെ മുഖമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററുകൾ മുതൽ വൻ പരാജയങ്ങൾ വരെ പ്രണയചിത്രങ്ങളുടെ ഷാരുഖ് ഖാൻ യൂണിവേഴ്സിൽ നിന്ന് പുറത്ത് വന്നു.
2010 ൽ പുറത്തിറങ്ങിയ ‘മൈ നെയിം ഈസ് ഖാനി’ലൂടെയാണ് സത്യത്തിൽ ഷാരുഖ് ഖാന്റെ സുദീർഘമായ കരിയറിന്റെ മറ്റൊരു ഘട്ടം തുടങ്ങുന്നത്. സിനിമയുടെ വിജയ പരാജയങ്ങൾക്കപ്പുറം ഷാരുഖ് ചിത്രങ്ങളിൽ നിരോധനം തുടങ്ങിയ വാക്കുകൾ ഉയർന്നു വരുന്നത് അതിനു ശേഷമാണ്. ഷാരുഖ് ഖാൻ ഏറ്റവുമധികം കലയെ കുറിച്ചും തന്റെ കലാ ജീവിതത്തെ കുറിച്ചും വാചാലനായും ഇടക്ക് ഭംഗിയോടെ നിശബ്ദനായും ഇവിടെ തുടർന്നാണ് ഷാരുഖ് ആ വിവാദങ്ങളോട് മറുപടി പറഞ്ഞത്.
‘പഠാനെ’ ചുറ്റി പറ്റിയും വിവാദങ്ങളുണ്ടായി. സിനിമക്കെതിരെ ബഹിഷ്‌ക്കാരാഹ്വാനങ്ങളുണ്ടായി. പക്ഷെ ഇന്ത്യൻ പോപ്പുലർ സിനിമക്ക് ഷാരുഖ് ഖാന്റെ സാന്നിധ്യം എത്ര പ്രിയപ്പെട്ടതാണെന്ന് റെക്കോർഡ് ബുക്കിംഗ് പറഞ്ഞു. സിനിമയെന്ന നിലയിൽ ‘പഠാൻ’ എവിടെ നിൽക്കുന്നു എന്നതിലുപരി 4 പതിറ്റാണ്ടിലേറെയായി ഷാരുഖ് ഖാൻ എന്ന നടൻ എവിടെ നിൽക്കുന്നുവെന്നാണ് സിനിമക്ക് കിട്ടുന്ന സ്വീകരണം പറയുന്നതെന്ന് പല ഘട്ടത്തത്തിലും തോന്നി.

വർഷങ്ങൾ നീണ്ട അസാനിധ്യം, പരാജയപ്പെടുന്ന സിനിമകൾ, ശേഷം കടന്നു വരുന്നവരുടെ വിജയങ്ങൾ, മാറുന്ന സിനിമാ സ്വഭാവമൊക്കെ ഒരു താരത്തെയും കാലങ്ങൾ നീണ്ട അയാളുടെ കരിയറിനെയും ഇല്ലാതാക്കിയേക്കാം. ബോളിവുഡ് പോലൊരു വ്യവസായ മേഖലയിൽ പോപ്പുലർ സിനിമയുടെ മാത്രം ഭാഗമായി നിന്ന ഷാരുഖ് ഖാനു സ്വാഭാവികമായും ഈ വെല്ലുവിളിയെ അതിജീവിക്കാനാവില്ല. പക്ഷെ അയാൾ സ്വയം പല രീതിയിൽ പുതുക്കി അതിനെ മറികടന്നു തിരിച്ചു വരവുകൾ നടത്തി കൊണ്ടേയിരിക്കുന്നു. 8 പാക്ക് ആബ്സുമായി നിൽക്കുന്ന ‘പഠാനി’ലെ അയാളുടെ പുതിയ അവതാർ ഈ പുതുക്കലിന്റെ മറ്റൊരു തലമാണ്.
Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer
ദേശീയതയിൽ ഊന്നി നിൽക്കുന്ന, അടിമുടി രാജ്യ സ്നേഹത്തെ പറ്റി പറയുന്ന ബോളിവുഡ് സിനിമകളുടെ എല്ലാ സ്വഭാവവുമുണ്ട് ‘പഠാന്.’ ബഹിഷ്കരികരണത്തിനോ സെൻസർ കട്ടിനോ പോന്ന ഒന്നും സിനിമ ഇന്ത്യയിൽ ബാക്കി വയ്ക്കുന്നില്ല. നന്മ തിന്മക്ക് മേൽ നേടുന്ന വിജയം, ഇന്ത്യ പാകിസ്താന് മേൽ നേടുന്ന വിജയം ഒക്കെയാണ് സിനിമയുടെ മുഖ്യ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. ആ പാട്ട് മുതലൊന്നും യാതൊന്നിനെയും വൃണപ്പെടുത്തുന്നില്ല. വി എഫ് എക്സ് മുതൽ മറ്റെല്ലാ സാങ്കേതിക സാധ്യതയും ഈയൊരു പാറ്റേണിൽ പോകുന്ന കഥ പറച്ചിൽ രീതിയെ കൂടുതൽ ദൃഢമാക്കാനും പുതുക്കാനുമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നിട്ടുമെന്ത് കൊണ്ട് നിരോധന ആഹ്വാനമെന്നത് വിചിത്രമായ ഉത്തരങ്ങളിലേക്ക് നമ്മളെ എത്തിക്കും. ആ വൈചിത്രങ്ങൾക്കപ്പുറം ഷാരുഖ് ഖാൻ തന്റെ താരപദവി കൊണ്ട് കളക്ഷൻ റെക്കോർഡുകൾ മറികടന്നു കൊണ്ടേയിരിക്കും.
എന്താണ് ഇത്രയും നീണ്ട കരിയറിൽ വിജയ മന്ത്രം എന്ന് ഷാരുഖ് ഖാനോട് ഒരഭിമുഖത്തിൽ ചോദിക്കുന്നുണ്ട്, താൻ കലാകാരനെക്കാൾ കലയെ വലുതായി കാണുന്നു, ഞാൻ ഭാഗമായ കലയോട് ഹൃദയ ബന്ധമുണ്ടാവുകയെന്നത് അപകടകരമായ കാര്യമാണ്…അതിൽ നിന്ന് മുന്നോട്ട് പോകുക എന്നാണ് ഷാരുഖ് ഖാൻ മറുപടി പറഞ്ഞത്. കൊടിയ ദാരിദ്രം മുതൽ ‘പഠാൻ’ വരെയെത്തിയ സംഭവ ബഹുലമായ തന്റെ ജീവിതത്തെ അയാൾ ചുരുക്കുന്നത് ഇങ്ങനെയാണ്. അയാളെ ബഹിഷ്കൃതനാക്കാൻ നോക്കുന്നവരോട്, അപഹസിക്കുന്നവരോട് ഒക്കെ അയാൾക്ക് ഇതേ നിർവികാരത നിറഞ്ഞ അകൽച്ചയുണ്ടെന്ന് തോന്നും പലപ്പോഴും. അയാൾ അടിമുടി സിനിമയാണ്. എന്റെ സാന്നിധ്യം കൊണ്ട് ഒരു വലിയ കൂട്ടമാളുകളിൽ പുഞ്ചിരി നിറക്കാവുമെന്നത് തന്റെ ഏറ്റവും വലിയ നേട്ടമായി കാണുന്നുവെന്ന് അയാൾ ഇടക്കിടക്ക് പറയാറുണ്ട്. സാന്നിധ്യത്തിന്റെ ശക്തി ഈ ബഹളങ്ങൾക്കപ്പുറം അയാൾ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.
‘പഠാൻ’ സിനിമയിൽ ടൈഗറും പഠാനും തങ്ങൾക്ക് ശേഷമാര് എന്ന് ചർച്ച ചെയ്യുന്ന പോസ്റ്റ് ക്രെഡിറ്റ് സീൻ ഉണ്ട്. തമാശകൾ നിറഞ്ഞ ചർച്ചക്കൊടുവിൽ മറ്റാരും അവിടെ വന്നില്ല എന്നവർ തിരിച്ചറിയുന്നു. പകുതി ആക്ഷേപഹാസ്യവും പകുതി മാസ്സ് കയ്യടിയുമൊക്കെ ഉദ്ദേശിച്ചിറക്കിയ ആ രംഗം വി എഫ് എക്സ് ജിമ്മിക്കുകൾക്കെല്ലാമപ്പുറം സിനിമയിലുള്ള കൗതുകമാണ്. ആ തിരിച്ചറിവിന്റെ മറ്റൊരറ്റത്ത് നിന്നാണ് ഒരു നിലക്കും പുതുമ അവശേഷിപ്പിക്കാത്ത ഒരു സിനിമയുടെ ഭാഗമായും ‘സിന്ദാ ഹേ ‘എന്ന് ഷാരുഖ് തന്നെ വെറുക്കുന്നവരോടും വെറുക്കാൻ ആഹ്വാനം ചെയ്യുന്നവരോടും പറയുന്നത്…