scorecardresearch

ആവാസവ്യൂഹം: ദൃശ്യഘടനകളുടെ പൊളിച്ചെഴുത്ത്

‘പല അടരുകളായി നിൽക്കുന്നഒരു ഭാവനാ സൃഷ്ടിയെ, അതിലെ വിരോധാഭാസങ്ങളെ, അതിലെ രാഷ്ട്രീയത്തെ… പൊതു സമൂഹത്തിൽ ചർച്ചയ്ക്ക് വയ്ക്കാൻ പാകത്തിൽ ഒരുക്കി എന്നുള്ളതാണ് ചിത്രത്തിന്റെ പ്രസക്തി.,’ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സിനിമയായി തെരെഞ്ഞെടുക്കപ്പെട്ട ‘ആവാസവ്യൂഹം’ എന്ന ചിത്രത്തെക്കുറിച്ച്…

ആവാസവ്യൂഹം: ദൃശ്യഘടനകളുടെ പൊളിച്ചെഴുത്ത്

സിനിമയുടെ ഘടന, രൂപം അഥവാ ‘ഫോം’ എന്നത് നിരന്തരം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണ്. ഉള്ളടക്കത്തേക്കാൾ ഉപരി ഘടനയിൽ പുതിയ ആശയങ്ങൾ കൊണ്ടു വരിക എന്നത് ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയാണ്. ഒരു കഥ എങ്ങനെയൊക്കെ പറയാം എന്നുള്ള ചിന്ത പലതരം സാധ്യതകൾ തുറന്നിടുമെങ്കിൽ കൂടി, മിക്കപ്പോഴും പുതിയൊരു ദൃശ്യ ഭാഷ ഉണ്ടാക്കിയെടുക്കുന്നത്, അതിൽ വിജയിക്കുന്നത്, അത് വഴി കാഴ്ചശീലങ്ങളെ നവീകരിക്കുന്നത് വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്നതാണ്.

2017-ൽ റായീദ് അന്തോനി സംവിധാനം ചെയ്ത ‘ഗോസ്റ്റ് ഹണ്ടിങ്’ എന്ന ഡോക്യുമെന്ററി ഒരു ഉദാഹരണമായി എടുക്കാം. ഘടനാപരമായും ഉള്ളടക്കത്തിലും പ്രശ്നവൽക്കരിക്കപ്പെടാവുന്ന ഒന്നായി നിൽക്കുമ്പോൾ തന്നെ, ചലച്ചിത്രം എന്ന ആശയത്തെ തന്നെ പുനർവ്യാഖ്യാനിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സൃഷ്ടിയായി ‘ഗോസ്റ്റ് ഹണ്ടിങ്’ വിലയിരുത്തപ്പെട്ടിരുന്നു. ഈ സൃഷ്ടിക്കായി പലസ്തീനിയൻ സംവിധായകനായ റായീദ് സ്വീകരിച്ച മാർഗങ്ങൾ ഏറെ വിമർശിക്കപ്പെട്ടിരുന്നു. തന്റെ പുതിയ ഡോക്യൂമെന്ററിക്കായി ഇസ്രേയേലി തടവറകളിൽ കഴിഞ്ഞ അനുഭവമുള്ള പലസ്തീനിയൻ പൗരന്മാരെ ആവശ്യമുണ്ടെന്നു പറഞ്ഞു പത്ര പരസ്യം ചെയ്യുന്നത് മുതൽ ഡോക്യുമെന്ററി ആരംഭിക്കുന്നത് വരെ. ഇസ്രേയേലി പട്ടാളക്കാരുടെ ക്രൂരതകൾ അനുഭവിച്ച പലസ്തീനിയൻ പൗരന്മാരെ കൊണ്ട് അതേ ജയിൽ വാസം പുനർസൃഷ്ടിക്കുകയായിരുന്നു ഡോക്യൂമെന്ററിയുടെ ലക്ഷ്യം.

തങ്ങൾ ഒരിക്കൽ അനുഭവിച്ച കൊടും ക്രൂരതകൾ വീണ്ടും അഭിനയിച്ചു കാണിക്കാനുള്ള അവസരമായിരുന്നു അതിലെ അഭിനേതാക്കൾക്ക് ലഭിച്ചത്. ഡോക്യൂമെന്ററിയുടെ പല ഭാഗങ്ങളിലും തങ്ങൾ അനുഭവിച്ച ക്രൂരതകൾ സംവിധായകൻ റോൾ പ്ലേയിലൂടെ വേറൊരാളിലേക്കു പകരാൻ ശ്രമിക്കുന്ന കാഴ്ചയും കാണാം. അത്തരം പല അവസരങ്ങളിൽ സംവിധായകൻ കട്ട് പറയാതെ ഒരു ‘സാഡിസ്റ്റിക്’ മനോഭാവത്തോടു കൂടി അത് കണ്ടു നിൽക്കുന്ന കാഴ്ചയും അതിൽ കാണാനാകും.

ഡോക്യുമെന്ററി കഴിയുമ്പോൾ കാഴ്ചക്കാർക്ക് നിരവധി സംശയങ്ങൾ ഉണ്ടാകാം, ഇത് മുഴുവൻ നാടകമായിരുന്നോ, അതോ കൃതൃമമായി നിർമിച്ച ജയിലിൽ നടന്നതെല്ലാം സത്യമായിരുന്നോ എന്നിങ്ങനെ. ഘടനാ പരമായും, ഉള്ളടക്കത്തിലും വിവിധ തലങ്ങളിൽ നിന്നാണ് ‘ഗോസ്റ്റ് ഹണ്ടിങ്’ എന്ന ചിത്രത്തെ ഉൾകൊള്ളാൻ കഴിയുക. കൃഷ്ന്ദ് സംവിധാനം ചെയ്ത ‘അവാസവ്യൂഹം’ എന്ന ചിത്രവും ‘ഗോസ്റ്റ് ഹണ്ടിങ്ങുമായി’ പ്രത്യക്ഷത്തിൽ ബന്ധം ഒന്നുമില്ലെങ്കിലും, ദൃശ്യ ഘടനകളെ, ഉള്ളടക്കത്തെ എങ്ങനെ ഒരു കലൈഡോസ്കോപ്പിക് കാഴ്ചയാക്കി മാറ്റാം എന്നുള്ളതിന്റെ ഉദാഹരണമാണ് ഈ രണ്ടു ചിത്രങ്ങളും.

ജോയ് എന്നൊരു വിചിത്രമായ ഫാന്റസി കഥാപാത്രത്തിലൂടെ നമ്മുടെ അവസ്ഥാവ്യവസ്ഥയുമായി ബന്ധിപ്പിക്കുന്ന ഒരു രാഷ്ട്രീയമാണ് ചിത്രം മുന്നോടട്ട് വയ്ക്കുന്നത്. വൈപ്പിൻ, പുതു-വൈപ്പിൻ തുടങ്ങിയ തീരദേശ പ്രദേശങ്ങളെയും, അവിടത്തെ മത്സ്യ തൊഴിലാളികളുടെയും ജീവിതങ്ങളുടെ ഒരു രേഖാചിത്രം പകർത്താൻ ശ്രമിക്കുന്ന ചിത്രമെന്ന നിലയിലും ‘ആവാസവ്യൂഹത്തെ’ കാണാം. ഭരണകൂട, കോർപ്പറേറ്റ് താല്പര്യങ്ങൾ ഇത്തരം പ്രകൃതിലോല പ്രദേശങ്ങളിൽ നടത്തുന്ന ഇടപെടലുകൾ അവിടങ്ങളിലെ ആവാസവ്യവസ്ഥയെയും മനുഷ്യ ജീവിതത്തെയും തകിടം മറിക്കുന്ന കാഴ്ച ഒരു കെട്ടുകഥയുടെ എല്ലാ സാധ്യതകളും, ഭാവനാ തലങ്ങളും ഉപയോഗിച്ച് അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ കൃഷന്ദ്.

‘വാട്ട് ഈസ് നോർമൽ ഫോർ എ സ്പൈഡർ ഈസ് കെയോസ്‌ ഫോർ എ ഫ്ലൈ’ – ചാൾസ് ആഡംസ് എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റിന്റെ ഉദ്ധരിണിയോടെയാണ് ‘ആവാസവ്യൂഹം’ ആരംഭിക്കുന്നത്. ഡാർക്ക് കോമഡി എന്ന ബുദ്ധിമുട്ടേറിയ ഒരു ധാരയെ ഉപയോഗിച്ച കലാകാരനെന്ന നിലയിൽ ചാൾസ് ആഡംസിന്റെ ഉദ്ധരണിയുമായി തുടങ്ങിയത് ‘ആവാസവ്യൂഹത്തിന്റെ’ ശൈലിയെ സാധൂകരിക്കുന്നുണ്ട്. ഗുരുതരമായ പാരിസ്ഥികവും, സാമൂഹികവും, രാഷ്ട്രീയവുമായ ഒരു വിഷയത്തെ, ഒരേ സമയം പ്രാദേശികവും, ആഗോളവുമായ ഒരു വിഷയത്തെ ആഴത്തിൽ ചിന്തിപ്പിക്കുന്ന, ആകസ്മികമായ നർമ്മങ്ങളാക്കി മാറ്റുന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. വാവ എന്ന മൽസ്യത്തൊഴിലാളി കഥാപാത്രത്തെ മാന്യനെന്നു തോന്നിപ്പിക്കുന്ന ഒരു പരിസ്ഥിതി സൗഹൃദ വ്യവസായി പറ്റിക്കുന്ന കാഴ്ച ഒരു ഉദാഹരണമാണ്. ഇന്റർനെറ്റ് ഡൊമൈനിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്ന, അത് വഴി പരിസ്ഥിതി ചൂഷണം കുറയ്കാനാകുമെന്നു വാദിക്കുന്ന, ഇ- വേസ്റ്റിനെതിരെ സംസാരിക്കുന്ന വ്യവസായിയുടെ പദ്ധതി, പ്രവർത്തിയിൽ വെറും മണി ചെയിൻ തട്ടിപ്പായിരുന്നു എന്ന് മനസിലാക്കുന്ന വാവ കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. അവസാന ഭാഗങ്ങളിൽ ചിത്രത്തിലെ വിചിത്ര കഥാപാത്രത്തെ പറ്റിയുള്ള സമൂഹത്തിന്റെ വിലയിരുത്തലുകളും ചിന്തിപ്പിച്ചു ചിരിപ്പിക്കുന്നവയാണ്. പ്രത്യേകിച്ച് ആ കഥാപാത്രം ഒരേ സമയം പ്രകൃതിയും മനുഷ്യനുമായിരിക്കേ, ഇത് മനുഷ്യനല്ല ദൈവമാണ് എന്നും, അല്ല സാത്താനാണെന്നും, ഞങ്ങളുടെ ദൈവം പക്ഷേ നിങ്ങളുടെ അല്ലെന്നുമൊക്കെ വാദിക്കുന്ന അന്തിചർച്ചക്കാരുടെ സീനുമൊക്കെ പിടിച്ചിരുത്തുന്നവയാണ്.

ചിത്രത്തിന്റെ ഘടന തന്നെ വളരെ കൗതുകകരമാണ്. ഒരു മാസ്സ് എന്റെർറ്റൈനെറിന്റെ സ്വഭാവത്തിലുള്ള പല രംഗങ്ങളും ഇതിൽ കാണാം. ആകാംഷാഭരിതവും, നാടകീയവുമായ ഫാന്റസി ത്രില്ലർ രംഗങ്ങൾ ഉപരിതലത്തിൽ ആസ്വാദനം തരുമ്പോൾ, സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ള മറ്റു കഥാപാത്രങ്ങൾ, അവരുടെ സാമൂഹിക പശ്ചാത്തലങ്ങളിൽ ഊന്നി നിന്നു കൊണ്ട് വിചിത്ര മനുഷ്യനുമായി ബന്ധപ്പെട്ടു നടത്തുന്ന ഡോക്യുമെന്ററി ഫോർമാറ്റിലുള്ള കഥ പറച്ചിൽ രീതി ചിത്രത്തിന്റെ ആസ്വാദന തലങ്ങൾ കൂട്ടുന്നു. തീരദേശ പ്രദേശങ്ങളോടും, മൽസ്യത്തൊഴിലാളികളോടും മാറി മാറി വരുന്ന ഭരണകൂടങ്ങൾ നടത്തുന്ന വഞ്ചനയുടെ പാടുകളും, കോർപ്പറേറ്റ് കമ്പനികൾ ആവാസവ്യവസ്ഥയോട് ചെയുന്ന ക്രൂരതകളും ഡോക്യുമെന്ററി മാതൃകയിലുള്ള അഭിമുഖങ്ങളിൽ നിഴലിക്കുന്നുണ്ട്. തീർത്തും കല്പനാസൃഷ്ടിയായ കഥാപാത്രങ്ങളാണ് ഈ അഭിമുഖങ്ങളിൽ സംസാരിക്കുന്നത് എന്നുള്ളത് ചിത്രത്തിന്റെ ഘടനാപരമായ സമീപനത്തെ കൂടുതൽ സങ്കീർണവും ആസ്വാദ്യകരവുമാക്കുന്നു.

പ്രകൃതിയുടെ പ്രതിരൂപം പോലെയൊരു നിഗൂഢത നിറഞ്ഞ ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ്, ഒരു സാങ്കൽപ്പിക ഡോക്യുമെന്ററി എന്ന് തോന്നിപ്പിക്കുന്ന ‘ആവാസവ്യൂഹം-ദി ആർബിറ്റ് ഡോക്യൂമെന്റഷൻ ഓഫ് ആൻ ആംഫിബിയൻ ഹണ്ട്’ എന്ന ചിത്രത്തിന്റെ ആഖ്യാന ശൈലി. കേരളത്തിലെ ഒരു പ്രാദേശിക സംഭവം ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന അത്ഭുത പ്രതിഭാസമായി മാറുന്ന കാഴ്ചയെല്ലാം ബഷീറിന്റെ കഥകളെ ഓർമ്മിപ്പിക്കുന്നതാണ്.

വൈപ്പിൻ, പുതുവൈപ്പിൻ തീരങ്ങളിൽ ഭരണകൂട, കോർപ്പറേറ്റ് അധിനിവേശങ്ങൾക്കെതിരെ നടന്ന ബഹുജന സമരങ്ങളോടുള്ള സർക്കാരിന്റെ സമീപനവും ചിത്രം ചോദ്യം ചെയ്യുന്നുണ്ട്. കടലും, മത്സ്യബന്ധനവും ജീവിതമാക്കിയ സമൂഹങ്ങളോട് സർക്കാർ കാട്ടുന്ന അനീതിയെ പറ്റി ചിത്രത്തിൽ നിരവധി ഓർമ്മപ്പെടുത്തലുകളുണ്ട്. ഇത്തരം സമരങ്ങളെ തകർക്കാനായി, മാവോയിസ്റ്റ് – തീവ്രവാദ ബന്ധം ആരോപിച്ചു അടിച്ചമർത്തുന്ന സർക്കാർ സമീപനവും ചിത്രം തുറന്നു കാട്ടുന്നുണ്ട്.

ഇതിനേക്കാളെല്ലാമുപരി, ലിസി എന്ന ഒരു ശക്തമായ സ്ത്രീ കഥാപാത്രത്തെയും ചിത്രം ഒരേ സമയം മാസ്സും റിയലിസ്റ്റിക്കുമായി അവതരിപ്പിക്കുന്നുണ്ട്. സമൂഹത്തിൽ തന്നെക്കാൾ അധികാരവും പണവും, തൊട്ടാൽ പൊള്ളുന്ന ആൺ ബോധവും പേറുന്ന ഒരുത്തന്റെ മുഖത്ത് നോക്കി എനിക്ക് തന്നെ ഇഷ്ടമല്ല എന്ന് നിസ്സംഗമായ ധൈര്യത്തോടു കൂടി പറയുന്ന ലിസി കൊല മാസ്സാണ്. ഊരും പേരും അറിയാത്ത, പലർക്കും നാറ്റമായി തോന്നാവുന്ന ഉണക്ക മീനിന്റെ ഗന്ധമുള്ള, വിചിത്രനായ ഒരു മനുഷ്യനോടുള്ള പ്രണയവും ലിസി ധൈര്യമായി പ്രകടിപ്പിക്കുന്നുണ്ട്.

ആകാംഷയും, ആവേശവും നിറയ്ക്കുന്ന ഏതോ ആദിമ കാലത്തിലെ വേട്ടപുറപ്പാടിന്റെ താളം പേറുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും, പ്രകൃതിയുടെ വശ്യവും രൗദ്രവുമായ പല ഭാവങ്ങളും ഓർമിപ്പിക്കുന്ന ദൃശ്യങ്ങളും ഒരു നൂതന കാഴ്ച സംസ്കാരത്തിന്റെ പ്രതിഫലനം കൂടിയാണ് സിനിമ എന്ന് ഓർമിപ്പിക്കുന്നു. ആൾട്ടർനേറ്റ് സിനിമയും കൊമേർഷ്യൽ സിനിമയുമായുള്ള അതിർവരമ്പുകളെ പറ്റിയുള്ള ചർച്ചകൾക്ക് കൂടുതൽ ആഴം പകർന്നു പോകുന്നതാണ് ചിത്രത്തിന്റെ ഒഴുക്കും. പല അടരുകളായി നിൽക്കുന്ന ഒരു ഭാവന സൃഷ്ടിയെ, അതിലെ വിരോധാഭാസങ്ങളെ, അതിലെ രാഷ്ട്രീയത്തെ… പൊതു സമൂഹത്തിൽ ചർച്ചയ്ക്ക് വയ്ക്കാൻ പാകത്തിൽ ഒരുക്കി എന്നുള്ളതാണ് ‘ആവാസവ്യൂഹത്തിന്റെ’ പ്രസക്തി.

Read Here: 52nd Kerala State Film Awards Full List: പുരസ്‌കാരങ്ങളുടെ പൂർണ പട്ടിക

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: On avasa vyooham kerala state film awards best film