20 വർഷം മുൻപ് ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്കെത്തിയ അരുൺ കുമാർ നായകനാവുന്നു. ഒരു അഡാറ് ലവിനുശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ധമാക്ക’ എന്ന ചിത്രത്തിലൂടെയാണ് അരുൺ നായകനാവുന്നത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഒമർ ലുലുവാണ് ഇക്കാര്യം അറിയിച്ചത്.
ധമാക്കയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയത് മുതൽ ആരാണ് നായകനെന്ന് പലരും ചോദിക്കുന്നുണ്ടായിരുന്നുവെന്നും ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച്, ടോണി ഐസക് എന്ന കഥാപാത്രമായി എല്ലാവരെയും വിസ്മയിപ്പിച്ച ‘അരുൺ’ ആണ് ധമാക്കയിലെ നായകനെന്നും ഒമർ ലുലു ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
”അരുണിന്റെ ഇത്രവർഷത്തെ അഭിനയ ജീവിതത്തിൽ കൊച്ചുവേഷങ്ങൾ കുറച്ചൊക്കെ ചെയ്തെങ്കിലും, ഈ കാലയളവിൽ ഒരിക്കൽ പോലും ഒരു പ്രധാന നായകവേഷം ചെയ്യാനുള്ള അവസരം അരുണിനെ തേടി എത്തിയിട്ടില്ല. അഡാറ് ലവിൽ അത്തരമൊരു പ്രധാന വേഷമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും, പ്രതീക്ഷിക്കാതെ വന്ന ചില മാറ്റങ്ങൾ കൊണ്ട് ആ അവസരവും അരുണിൽ നിന്ന് മാറിയകന്നുപോയി. ആ അവസരമാണ് ഒരു നിയോഗം പോലെ അരുണിന് ഇപ്പോൾ കിട്ടിയതെന്ന് ഞാൻ വിശ്വസിക്കുന്നു. ആ വിശ്വാസത്തോടൊപ്പം നിങ്ങളുടെ മനസ്സ് നിറഞ്ഞ സപ്പോർട്ട് കൂടെ ഉണ്ടാവണം. ധമാക്കയിലെ മറ്റു താരങ്ങൾ ആരൊക്കെയെന്നത് പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും,” ഒമർ ലുലു ഫെയ്സ്ബുക്കിൽ കുറിച്ചു.
റോഷന്, നൂറിന്, പ്രിയ വാര്യര്‍ തുടങ്ങിയ പുതുമുഖങ്ങളെ അണിനിരത്തി ഒമർ ലുലു ഒരുക്കിയ ചിത്രമാണ് ഒരു അഡാറ് ലവ്. പ്രിയയുടെ കണ്ണിറുക്കലോടെയാണ് ചിത്രം ശ്രദ്ധ നേടിയത്. ‘മാണിക്യമലരായ പൂവി’ എന്ന പാട്ടും ഹിറ്റായിരുന്നു.