ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ‘നല്ല സമയം’ തിയേറ്ററിൽ നിന്ന് പിൻവലിച്ചു. ചിത്രത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന പരാതി ഉയർന്നിരുന്നു.എക്സൈസ് കോഴിക്കോട് റേഞ്ചാണ് കേസെടുത്തത്. ഇതിനെ തുടർന്നാണ് ചിത്രം പിൻവലിച്ചതെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം റിലീസിനെത്തിയത്.
നല്ല സമയം തിയേറ്ററിൽ നിന്ന് പിൻവിക്കുന്നുവെന്നും ഇനി ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ചായിരിക്കുമെന്നും ഒമർ ലുലു സോഷ്യൽ മീഡിയയിൽ കുറിച്ചു.
നല്ല സമയത്തിന്റെ ട്രെയിലറിനെതിരെയാണ് പരാതി ഉയർന്നത്. “എം ഡി എം എയെ പ്രോത്സാഹിപ്പിക്കാൻ ചെയ്ത സിനിമയല്ല ഇത്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൽ കാണിച്ചത്. ഇതിനു മുൻപും പല ചിത്രങ്ങളിലും ഇത് കാണിച്ചിട്ടുണ്ട്. ഭീഷ്മ, ലൂസിഫർ എന്നീ ചിത്രങ്ങളിലും കാണിച്ചു. എന്തുകൊണ്ട് അവർക്കെതിരെ കേസ് എടുത്തില്ല” എന്നാണ് ഒമർ ലുലു മാധ്യമങ്ങളോട് പറഞ്ഞത്.
‘ഒരു അഡാർ ലൗവി’നു ശേഷം ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് ‘നല്ല സമയം’. പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നത് ഇർഷാദ് അലിയാണ്.കലണ്ടൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരകഥ ചിത്ര എസ് – ഒമർ ലുലു എന്നിവർ ചേർന്നാണ് ഒരുക്കിയത്. ഛായാഗ്രണം- സിനു സിദ്ധാർത്ഥ്, എഡിറ്റിങ്ങ്- രതിൻ രാധാകൃഷ്ണൻ എന്നിവർ നിർവഹിക്കുന്നു.