ഒമർ ലുലുവിന്റെ പുതിയ ചിത്രം ‘ധമാക്ക’യിൽ നടൻ മുകേഷ് ശക്തിമാനാവുന്നു എന്ന വാർത്തയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ഒമർ ലുലുവിനെതിരെ സാക്ഷാൽ ശക്തിമാൻ തന്നെ രംഗത്ത് വന്നിരിക്കുകയയാണ്. ‘ശക്തിമാൻ’ എന്ന തന്റെ കഥാപാത്രത്തെ അനുമതിയില്ലാതെ സിനിമയിൽ പുനർ ചിത്രീകരിക്കുന്നത് കോപ്പി റൈറ്റ് ലംഘനമാണെന്നു ചൂണ്ടികാട്ടി നടനും നിർമ്മാതാവുമായ മുകേഷ് ഖന്നയാണ് ഒമർ ലുലുവിനും ഫെഫ്ക പ്രസിഡന്റ് രഞ്ജി പണിക്കർക്കും കത്ത് അയച്ചിരിക്കുന്നത്.
ദൂരദർശനിൽ 1997 കാലഘട്ടത്തിൽ സംപ്രേക്ഷണം ചെയ്ത ഏറെ ജനപ്രീതി നേടിയ സീരിയലുകളിൽ ഒന്നായിരുന്നു ശക്തിമാൻ. സീരിയലിൽ ശക്തിമാന്റെ വേഷം അവതരിപ്പിച്ചതും സീരിയൽ നിർമ്മിച്ചതും മുകേഷ് ഖന്ന ആയിരുന്നു. ഭീഷ്മം ഇന്റർനാഷണലിന്റെ ബാനറിലാണ് മുകേഷ് ഖന്ന ‘ശക്തിമാൻ’ നിർമ്മിച്ചത്.
” ഒമർ ലുലുവിന്റെ പുതിയ ചിത്രം ‘ധമാക്ക’യിൽ ശക്തിമാൻ എന്ന കഥാപാത്രത്തെ ഉപയോഗിക്കുന്നു എന്ന വാർത്തകൾ കണ്ടു. ശക്തിമാൻ എന്ന കഥാപാത്രവും വസ്ത്രധാരണ രീതിയും തീം മ്യൂസിക്കുമെല്ലാം എനിക്കും ഭീഷ്മം ഇന്റർനാഷണലിനും അവകാശപ്പെട്ടതാണ്. തന്റെ അനുവാദമില്ലാതെ കഥാപാത്രത്തെ സിനിമയിൽ ഉപയോഗിക്കുന്നത് കോപ്പി റൈറ്റ് ലംഘനമാണ്. പ്രസ്തുത ഉദ്യമത്തിൽ നിന്നും പിൻതിരിയണം, അല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കും,” മുകേഷ് ഖന്ന കത്തിൽ പറയുന്നു.
മുകേഷ് ഖന്നയുടെ നോട്ടീസ് ലഭിച്ചുവെന്നും ഭീഷ്മം ഇന്റർനാഷണലിനും ഫെഫ്കയ്ക്കും ഈ സംഭവുമായി ബന്ധപ്പെട്ട് ഉടൻ വിശദീകരണം നൽകുമെന്നും സംവിധായകൻ ഒമർ ലുലു ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. “‘ധമാക്ക’യിൽ ശക്തിമാൻ എന്ന കഥാപാത്രത്തെ പൂർണമായും പുനർസൃഷ്ടിക്കുന്നു എന്നു കരുതിയാവണം അവർ നോട്ടീസ് അയച്ചിരിക്കുന്നത്. ഫണ്ണിനു വേണ്ടി 10 സെക്കൻഡ് ശക്തിമാൻ കഥാപാത്രത്തെ ഉപയോഗിക്കുന്നേയുള്ളൂ ചിത്രത്തിൽ. കാര്യങ്ങൾ വിശദീകരിച്ച് ഉടനെ തന്നെ മുകേഷ് ഖന്നയ്ക്ക് കത്തയക്കാനുള്ള തയ്യാറെടുപ്പിലാണ്,” ഒമർ ലുലു പറഞ്ഞു.
‘ധമാക്ക’യിൽ മുകേഷ് ശക്തിമാന്റെ വേഷത്തിലെത്തുന്ന ഫോട്ടോ ഒമർ ലുലുവാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. തൊണ്ണൂറുകളുടെ അവസാനത്തില്‍ കുട്ടികളുടെ ഹരമായി മാറിയ ശക്തിമാന്റെ വേഷത്തിലുള്ള മുകേഷിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.
‘ഒരു അഡാര്‍ ലവി’നു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ധമാക്ക’. ‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അരുണ്‍ ആണ് ‘ധമാക്ക’യില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബാലു വര്‍ഗീസ്, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read Also: അന്ന് ഒളിമ്പ്യൻ അന്തോണി ആദത്തിലെ ബാലതാരം, ഇന്ന് ‘ധമാക്ക’യിലെ നായകൻ