ഒമർ ലുലു നടത്തിയ ഒരു ബെറ്റ് പ്രഖ്യാപനത്തെക്കുറിച്ചുളള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കഴിഞ്ഞ ദിവസം നടന്ന ടി 20 ക്രിക്കറ്റ് വേൾഡ് കപ്പിൻെറ ഭാഗമായി പാക്കിസ്ഥാൻ ജയിക്കുമെന്ന പ്രഖ്യാപനം ഒമർ നടത്തിയിരുന്നു. “പാക്ക് ചെയിക്കുമെന്ന് ഞാൻ പറയുന്നു. സ്പോർട്സ് മാൻഷിപ്പും, രാജ്യസ്നേഹവും രണ്ടും രണ്ടാണ്. ഇനി ദേശസ്നേഹം ഇല്ലേ എന്ന് പറഞ്ഞ് കമൻറു ചെയ്യുന്നവരോട് നൂറ് വർഷത്തോളം നമ്മളെ അടിമകളാക്കി ഒരുപാട് രാജ്യസ്നേഹമുള്ള ധീരൻമാരെ കൊന്ന് തള്ളി. നമ്മുടെ സമ്പത്ത് മുഴുവൻ കൈക്കലാക്കി അവസാനം രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാർക്ക് കൊടുക്കാൻ ശമ്പളം ഇല്ലാതെ വന്നപ്പോൾ നമ്മുടെ നാട്ടിൽ നിന്ന് പോയ ഇംഗ്ലീഷുകാർ ചെയ്ത അത്ര ക്രൂരതകൾ പാകിസ്താൻ നമ്മളോട് ചെയ്തട്ടില്ല” എന്നാണ് ഒമർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ക്രിക്കറ്റ് ഒരു കായികയിനമാണെന്നും പാക്കിസ്ഥാൻെറ തിരിച്ചുവരവ് ഗംഭീരമായിരുന്നെന്നും ഒമർ പറഞ്ഞു.
ഒമറിൻെറ പോസ്റ്റിനു താഴെ അനവധി ആളുകളാണ് പ്രാഖ്യാപനത്തെ എതിർത്തു കൊണ്ട് കമൻറു ചെയ്തതത്. അതിലൊരാളാണ് ‘പാക്കിസ്ഥാൻ തോൽക്കും അഞ്ചു ലക്ഷം രൂപയ്ക്കു ബെറ്റിനുണ്ടോ’ എന്നു ഒമറിനോടു ചോദിച്ചത്. ‘ഓക്കെ ഡൺ’ എന്നായിരുന്നു ഒമറിൻെറ മറുപടി.

ഒടുവിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടപ്പോൾ പോസ്റ്റിനു താഴെ ആരാധകർ വീണ്ടുമെത്തി ‘അഞ്ചു ലക്ഷം രൂപ കൊടുക്കുന്നില്ലേ’യെന്നായിരുന്നു അവരുടെ ചോദ്യം. അങ്ങനെ ബെറ്റിൽ ജയിച്ച നിതിൻ നാരായണിനെ കാണാൻ ഒമർ കോഴിക്കോട് എത്തിയിരിക്കുകയാണ്.
‘എന്നെ ബെറ്റിൽ തോൽപ്പിച്ച ചങ്ക് ബ്രോ’ എന്ന അടിക്കുറിപ്പോടെയാണ് ഒമർ നിതിനൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതിപ്പോ ‘ചെക്കെവിടെ ചെക്കൻ മാത്രമുളളല്ലോ’ എന്നാണ് പോസ്റ്റിനു താഴെയുളള ആരാധകരുടെ ചോദ്യം.
‘ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രത്തിലൂടെ സംവിധാന മേഖലയിലേയ്ക്കു കടന്നു വന്നയാളാണ് ഒമര്‍ ലുലു. പിന്നീട് ചങ്ക്‌സ്, ഒരു അഡാര്‍ ലൗ, ധമാക്ക എന്നീ ചിത്രങ്ങളും ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങി. ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിലെ ഗാനം ദേശീയതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിലൂടെ പ്രിയ വാര്യര്‍, റോഷന്‍ എന്നിവരും പ്രശസ്തി നേടി.ഇര്‍ഷാദ് പ്രധാന കഥാപാത്രമായെത്തുന്ന ‘ നല്ല സമയം’ ആണ് ഒമറിന്റെ പുതിയ ചിത്രം.പുതു മുഖ താരങ്ങളാണ് ചിത്രത്തില്‍ മറ്റു കേന്ദ്ര കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.