/indian-express-malayalam/media/media_files/uploads/2019/09/olu-film.jpg)
Olu Movie Release: യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി ഷാജി എൻ കരുൺ സംവിധാനം ചെയ്ത 'ഓള്' സെപ്റ്റംബർ 20 ന് തിയേറ്ററുകളിലെത്തും. ഈ ഫാന്റസി ഡ്രാമ ചിത്രത്തിൽ എസ്തർ അനിലാണ് ഷെയ്ൻ നിഗത്തിന്റെ നായികയായി എത്തുന്നത്. കനി കുസൃതിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാദംബരി ശിവായ, കാഞ്ചന, എസ് ഗോപാലകൃഷ്ണന്‍, പി ശ്രീകുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ഗോവന്‍ അന്താരാഷ്ട്ര മേളയിലെ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചതും ‘ഓള്' ആയിരുന്നു. കൊൽക്കത്ത ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലും തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.
ടിഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ അന്തരിച്ച എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കഴിഞ്ഞ വർഷത്തെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചിരുന്നു. എഡിറ്റിംഗ് ശ്രീകർ പ്രസാദും സംഗീതം ഐസക് തോമസ് കൊട്ടുകാപ്പള്ളിയും നിർവ്വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ ശ്രീവത്സന്‍ ജെ മേനോന്‍, വരികള്‍ മനോജ് കുറൂര്‍. ഉർവ്വശി തീയേറ്റേഴ്സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
പ്രായപൂര്‍ത്തിയാവും മുൻപ് കൂട്ട ബലാത്സംഗത്തിന് ഇരയായി, കായലില്‍ ഉപേക്ഷിക്കപ്പെട്ട മായ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അവളും അവളുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞും അതിശയകരമായ രീതിയില്‍ വെള്ളത്തിനടിയില്‍ തന്നെ അതിജീവിക്കുകയാണ്. പൗര്‍ണ്ണമി രാത്രികളില്‍, അവള്‍ക്കു വെള്ളത്തിന് മീതെയുള്ള ലോകം കാണാന്‍ കഴിയും. അത്തരത്തില്‍ ഒരു രാത്രിയിലാണ്, വള്ളത്തില്‍ തുഴഞ്ഞു പോകുന്ന വാസു എന്ന ചിത്രകാരനെ അവള്‍ കാണുന്നത്. ചിത്രകാരനെന്ന നിലയില്‍ തീര്‍ത്തും വിരസമായ ജീവിതം ജീവിക്കുന്ന അയാള്‍ വ്യത്യസ്തവും മഹത്തരവുമായി എന്തെങ്കിലും ചെയ്യണം എന്നും ആഗ്രഹിക്കുന്നു. മായയും വാസുവും തമ്മില്‍ ഉടലെടുക്കുന്ന പ്രണയവും അത് വാസുവിന്റെ ചിത്രരചനയിലും ജീവിതത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ചിത്രം പ്രതിപാദിക്കുന്നത്.
Read more: IFFI 2018: ഭാവന കൊണ്ട് അഭ്രവിസ്മയം തീര്‍ക്കുന്ന ‘ഓള്’
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.