Oh My Darling OTT: ബാലതാരമായെത്തി മലയാളികളുടെ ഇഷ്ടം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ. താരം ആദ്യമായി നായികാ വേഷത്തിലെത്തിയ ചിത്രമാണ് ‘ഓ മൈ ഡാലിംഗ്.’ ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനീഷ് കെ ജോയ് ആണ്.
വളരെ ചെറുപ്പത്തിൽ തന്നെ പ്രേമവും ഗർഭവുമെല്ലാമായി ചില പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന രണ്ടു കമിതാക്കളുടെ കഥയാണ് പറയുന്നത്. ഒപ്പം, അത്രയേറെ കേട്ടുപരിചയമില്ലാത്ത ചില രോഗാവസ്ഥകളെ കുറിച്ചു കൂടി ചിത്രം സംസാരിക്കുന്നു.
മൂന്നുവർഷമായി ജോയൽ എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലാണ് ജെനി. ബിടെക് കഴിഞ്ഞുനിൽക്കുന്ന ജോയൽ ജോലിയ്ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ്. ഇരുവീട്ടുകാരും അറിയാതെ പ്രണയം മുന്നോട്ടു കൊണ്ടുപോവുകയാണ് ജെനിയും ജോയലും. മക്കളെ നല്ല രീതിയിൽ സ്നേഹിക്കുകയും അല്ലല്ലുകളൊന്നുമറിയിക്കാതെ അവരെ വളർത്തുകയും ചെയ്യുന്ന മാതാപിതാക്കളാണ് ഇരുവർക്കുമുള്ളത്. സാവകാശം നോക്കി വീട്ടിൽ വിഷയം അവതരിപ്പിക്കാം എന്നു കരുതിയിരിക്കുന്ന ജെനിയുടെയും ജോയലിന്റെയും പ്രണയത്തിൽ അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളുണ്ടാവുന്നതാണ് ചിത്രം.
മെൽവിൻ ബാബു ആണ് ജോയൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഫെബ്രുവരി 25 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആമസോൺ പ്രൈമിഷ സ്ട്രീം ചെയ്യാൻ ആരംഭിച്ചു.