അറുപതുകൾ പലപ്പോഴും ചിലർക്കെങ്കിലും ലോകം തങ്ങളിലേക്കും വീടുകളിലേക്കും ചുരുങ്ങുന്ന പ്രായമാണ്. എന്നാൽ തൃശൂർ സ്വദേശി ഗീതയെ സംബന്ധിച്ച് അറുപതുകൾ മുന്നിൽ അതിരുകളില്ലാത്ത യാത്രാസ്വപ്നങ്ങളിലേക്കുള്ള വാതിലുകൾ തുറന്നിട്ടൊരു കാലഘട്ടമാണ്. മകൻ ശരത് കൃഷ്ണയ്ക്ക് ഒപ്പം ബാഗും തൂക്കി, കാണാദേശങ്ങളിലേക്ക് യാത്ര ചെയ്തും, സഞ്ചാരിജീവിതം ആസ്വദിച്ചുമൊക്കെ സ്വപ്നം പോലെ സുന്ദരമായ അനുഭവങ്ങളിലൂടെ കടന്നു പോവുകയാണ് ഗീത. ഇപ്പോഴിതാ, പ്രായം വെറും നമ്പറുകൾ മാത്രമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഊർജ്ജസ്വലതയോടെ യാത്രകൾ ചെയ്യുന്ന ഗീതയുടെയും മകൻ ശരത്തിന്റെയും ജീവിതം സിനിമയാകുകയാണ്. ഷാനി ഷാകിയാണ് ‘ഓ മദർ ഇന്ത്യ’ എന്ന പേരിൽ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.

“ഒരിക്കൽ സുഹൃത്തായ നൈല ഉഷ എന്നെയും അമ്മയേയും കുറിച്ചുള്ള സ്റ്റോറി ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് ആയി ഇട്ടിരുന്നു. അതുകണ്ട് ഷാനി ഷാകി ഞങ്ങളെ കുറിച്ചുള്ള കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. പിന്നീട് തൃശൂരിൽ വന്ന് ഞങ്ങളുടെ കഥ സിനിമ ആക്കണമെന്ന് ആഗ്രഹമുണ്ടെന്നു പറഞ്ഞു. ഞങ്ങളുടെ കഥ സിനിമയാക്കാനായി പലരും മുൻപും സമീപിച്ചിരുന്നെങ്കിലും കുറേക്കൂടി അടുപ്പം തോന്നിയത് ഷാനിയോടാണ്,” ‘ഓ മദർ ഇന്ത്യ’ എന്ന പ്രൊജക്റ്റിനെ കുറിച്ച് ശരത് പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതും ഷാനി ഷാകി തന്നെയാണ്.

ജീവിതം സിനിമയാകുമ്പോൾ, എല്ലാം ഒരു സിൻഡ്രല്ല കഥ പോലെ തോന്നുന്നു എന്നാണ് ഗീതാമ്മ പറയുന്നത്. “ഏതു ജന്മത്തിന്റെ പുണ്യമാണിതെന്ന് അറിയില്ല. പത്രത്തിലൊക്കെ ഓരോ സ്ഥലങ്ങളുടെയും ചിത്രങ്ങൾ കാണുമ്പോൾ വെട്ടിയെടുത്ത് സൂക്ഷിച്ചുവയ്ക്കുമായിരുന്നു. ഇതുപോലെ യാത്ര ചെയ്യാൻ സാധിക്കും എന്നൊന്നും ഓർത്തിരുന്നില്ല,” വൈകിയെത്തിയ സഞ്ചാരി ജീവിതത്തെ കുറിച്ചും ജീവിതം സിനിമയാകുന്നതിനെ കുറിച്ചും ഗീതാമ്മ ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോട് പറഞ്ഞു.

ഇതുവരെ ചെറുതും വലുതുമായി 22 ഓളം യാത്രകൾ നടത്തി കഴിഞ്ഞു, ഗീതാമ്മയും മകൻ ശരതും. “മകന്റെ ജോലിസംബന്ധമായി അവനൊപ്പം ബോംബെയിലേക്കുള്ള യാത്രയായിരുന്നു എല്ലാറ്റിനും നിമിത്തം. അവിടെ നിന്നും ഞങ്ങൾ അജന്തയിലും യെല്ലോറയിലുമെല്ലാം പോയി. അതുവരെ ചിത്രങ്ങളിൽ കണ്ടിരുന്നെങ്കിലും വേറിട്ടൊരു അനുഭവമായിരുന്നു നേരിട്ടുള്ള ആ കാഴ്ച. ജീവിതത്തിലെ ഏറ്റവും അനുസ്മരണീയമായ കാഴ്ചാ അനുഭവം. ഇനിയും ഒരിക്കൽ കൂടി അവിടെ പോവണമെന്നാണ് ആഗ്രഹം,” ഗീത പറയുന്നു.

അമ്മയുടെ യാത്രാപ്രണയം മനസ്സിലാക്കിയ മകൻ ശരത്താണ് എല്ലാ യാത്രകളിലും ഗീതാമ്മയുടെ കൂട്ട്. ഷിംല, കുളു-മണാലി, കാശി, കൈലാസം, മൂന്നാർ, നാസിക്ക്, രാജസ്ഥാൻ എന്നു തുടങ്ങി അമ്മയും മകനും ഒന്നിച്ച് ചെന്നെത്തിയ സ്ഥലങ്ങൾ നിരവധി.

“രാജസ്ഥാനിലെ കച്ചിൽ പോയതും മറക്കാനാവാത്ത ഒരു അനുഭവമാണ്. കടലു മുഴുവൻ ഇറങ്ങിപ്പോയി ഉപ്പുപാറകളാണ് മുന്നിൽ. പിന്നെ രാജസ്ഥാനിലെ കോട്ടകൾ. ഇന്ത്യയിലെ കാഴ്ചകൾ കണ്ടുതീരാൻ തന്നെ ഒരു ജന്മം വേണം,” യാത്രാനുഭവങ്ങൾ ഗീതാമ്മ പങ്കുവയ്ക്കുന്നു. അമ്മയും സഹോദരനും ഇന്ത്യ മൊത്തം കറങ്ങുമ്പോഴും തന്റെ അടുത്തേക്ക് വരുന്നില്ലെന്നാണ് ഫിൻലൻഡിൽ താമസമാക്കിയ ഗീതയുടെ മകളുടെ പരാതി. മകൾക്ക് അടുത്തേക്ക് പോവണം, ഒപ്പം ബക്കറ്റ് ലിസ്റ്റിലെ സ്ഥലങ്ങളെല്ലാം മകനൊപ്പം ഒന്നിച്ചു കണ്ടുതീർക്കണം എന്നാണ് ഗീതാമ്മയുടെ ആഗ്രഹം.

Read more: കൂടുതൽ entertainment വാർത്തകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook