മോഹന്‍ലാലിന്റെ പുതിയ സിനിമ ‘ഒടിയന്’ ചിത്രീകരണത്തിന്റെ രണ്ടാം ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി സംവിധായകന് ശ്രീകുമാര്‍ മേനോന്. അദ്ദേഹം ഇപ്പോള്‍ കഠിനമായ വ്യായാമ മുറകളും യോഗയും മറ്റും പരിശീലിക്കുകയാണെന്നും ഫ്രാന്‍സില്‍ നിന്നുളള വിദഗ്ധ സംഘവും മോഹന്‍ലാലിനെ ഒടിയനാക്കാന്‍ രംഗത്തുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.
പാലക്കാടും പരിസരത്തുമായി നടന്നു വരുന്ന ‘ഒടിയ’ന്റെ ക്ലൈമാക്സ് രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഒക്ടോബര്‍ 6 ന് ആരംഭിച്ച ചിത്രീകരണം ഏതാണ്ട് ഒരു മാസത്തോളം നീണ്ടു നില്ക്കും എന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് വെളിപ്പെടുത്തിയിരുന്നു.
Laletan is now on intense, high octane physical training with a team of trainers, masseurs, yoga masters & dermatologists from France.
— shrikumar menon (@VA_Shrikumar) October 27, 2017
രാത്രി കാലങ്ങളിലാണ് കൂടുതല്‍ ഭാഗവും ചിത്രീകരിക്കുക. ഇതിന്റെ ചില ചിത്രങ്ങളും പുറത്തു വന്നിരുന്നു. കുറച്ചു ദിവസമായി മോഹന്‍ലാല്‍ ഇതിന്റെ തിരക്കുകളിലായിരുന്നു. പീറ്റര്‍ ഹെയ്ന് ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ‘ഒടിയ’ന്റെ ക്ലൈമാക്സ്. രണ്ടു പ്രധാന ചിത്രങ്ങള്‍ മാറി വച്ചാണ് പീറ്റര്‍ ഹെയ്ന് ‘ഒടിയ’ന്റെ ആക്ഷന്‍ സംവിധാനം ഏറ്റെടുത്തത് എന്നും ഈ ചിത്രം പീറ്റര്‍ ഹെയ്നിനു മറ്റൊരു ദേശീയ പുരസ്കാരം നേടി കൊടുക്കുമെന്നും ശ്രീകുമാര്‍ മേനോന് പ്രത്യാശ പ്രകടിപ്പിച്ചു.
ആന്റണി പെരുമ്പാവൂര്‍ നിർമിച്ച് പരസ്യ സംവിധായകന് ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ‘ഒടിയ’ന്റെ തിരക്കഥ ഹരികൃഷ്ണന് എഴുതുന്നു. ഒടിയന് മാണിക്യന് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവര്‍ മറ്റു മുഖ്യ വേഷങ്ങളില്‍ എത്തുന്നു.

ഹരികൃഷ്ണന്, ശ്രീകുമാര്‍ മേനോന്, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍
പാലക്കാട്, വാരണാസി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ‘ഒടിയ’ന്റെ ക്യാമറ ഷാജി, സംഗീതം എം.ജയചന്ദ്രന്, കലാസംവിധാനം പ്രശാന്ത് മാധവ്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ‘ഒടിയ’ന്റെ കഥയ്ക്ക് അതിനനുസൃതമായ കഥാ പരിസരങ്ങള്‍ പാലക്കാട് തേന്‍കുറിശ്ശിയില്‍ പ്രശാന്ത് സൃഷ്ടിക്കുന്നുണ്ട്.
ശങ്കര്‍ മഹാദേവന്, ശ്രേയ ഘോശാല്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ‘ഒടിയ’ന് വേണ്ടി സംഗീത സംവിധായകന് എം.ജയചന്ദ്രന് റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞു. വരികള്‍ റഫീഖ് അഹമ്മദ്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പെരുമയും കൊണ്ട് ഉരുവാകുന്ന ‘ഒടിയ’ന് മോഹന്‍ലാല്‍ ആരാധകര്‍ക്ക് അഭിമാനത്തിന് വക നല്‍കും എന്നതില്‍ സംശയമില്ല. ചിത്രത്തിന്റെ റിലീസ് ദിനം തീരുമാനിച്ചിട്ടില്ല.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook