മോഹന്‍ലാല്‍ നായകനായി എത്തുന്ന ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍ നാളെ തന്നെ റിലീസ് ചെയ്യുമെന്ന് സൂചന. നേരത്തേ നിശ്ചയിച്ച പ്രകാരം റിലീസ് ഉണ്ടായിരിക്കുമെന്ന് ഒടിയന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലടക്കം പ്രഖ്യാപനം വന്നു കഴിഞ്ഞു. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. ‘പാല്‍, പത്രം, ഒടിയന്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി’ എന്നാണ് ആരാധകര്‍ പ്രചരിപ്പിക്കുന്നത്.

Also Read: എന്തു കൊണ്ട് ഒടിയന്‍ മോഹന്‍ലാലിന് പ്രധാനപ്പെട്ടതാകുന്നു

ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മോഹന്‍ലാല്‍ ആരാധകര്‍ ബിജെപിയുടെ ഔദ്യോഗിക പേജില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിനായി രണ്ട് വർഷമായി ഉള്ള കാത്തിരിപ്പാണ് ഹർത്താൽ പ്രഖ്യാപിച്ചത് മുതൽ ആരാധകരെ ആശങ്കയിൽ ആക്കിയത്.

ചിത്രം നാളെ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി മോഹന്‍ലാല്‍ ആരാധകര്‍ വലിയ രീതിയിലുളള ഒരുക്കമാണ് നടത്തിയിരുന്നത്. ബിജെപിയുടെ സമരപ്പന്തലിന് മുന്നില്‍ മധ്യവയസ്കന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതോടെ റിലീസില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് തിയറ്റര്‍ ഉടമകള്‍ അറിയിക്കുകയും ചെയ്തു. ഹര്‍ത്താലിന്റെ സാഹചര്യത്തില്‍ യാതൊരു സുരക്ഷയും ഇല്ലാതെ തങ്ങള്‍ റിലീസിന് ഒരുക്കമല്ലെന്നാണ് തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കുന്നത്.

നാളെ ലോകമാകമാനം ഒരേദിവസം തീയേറ്റര്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമെന്ന റെക്കോര്‍ഡ് നേടാനിരിക്കെയായിരുന്നു ഒടിയന്‍ തിരിച്ചടി കിട്ടിയത്. അമേരിക്ക, ഫ്രാന്‍സ്, ഉക്രെയ്ന്‍, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ 3500 ഓളം തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യപ്പെടുമെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് മാത്രം 139 പ്രദര്‍ശനങ്ങളാണ് നാളെ ഒടിയന് നിശ്ചയിച്ചിരുന്നത്. പുലര്‍ച്ചെ 4.30 മുതല്‍ രാത്രി 11.59 വരെയാണ് 21 ഷോകള്‍ പ്രഖ്യാപിച്ചിരുന്നത്. .

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ