ഒടിയന്‍ നാളെ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍. മലയാള സിനിമയ്ക്ക് മുമ്പില്‍ ആഗോള സിനിമാ വിപണി തുറന്നിരിക്കുന്ന സാഹചര്യത്തില്‍ സിനിമയുടെ റിലീസ് പിന്‍വലിക്കാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. സാറ്റലൈറ്റില്‍ ചിത്രം ലോഡ് ചെയ്തത് കൊണ്ട് തന്നെ റിലീസ് പിന്‍വലിച്ചാല്‍ തങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

അത് മലയാള സിനിമയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. മറ്റെല്ലായിടത്തും റിലീസ് ചെയ്ത് കേരളത്തില്‍ റിലീസ് ചെയ്യാതിരുന്നാല്‍ ചിത്രം ലീക്ക് ചെയ്യപ്പെട്ട് സിനിമയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും സംവിധായകന്‍ പറയുന്നു. നിസ്സഹായവസ്ഥ ഹര്‍ത്താല്‍ പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മോഹന്‍ലാല്‍ ആരാധകര്‍ ബിജെപിയുടെ ഔദ്യോഗിക പേജില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിനായി രണ്ട് വർഷമായി ഉള്ള കാത്തിരിപ്പാണ് ഹർത്താൽ പ്രഖ്യാപിച്ചത് മുതൽ ആരാധകരെ ആശങ്കയിൽ ആക്കിയത്.

Also Read: എന്തു കൊണ്ട് ഒടിയന്‍ മോഹന്‍ലാലിന് പ്രധാനപ്പെട്ടതാകുന്നു

ചിത്രം നാളെ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി മോഹന്‍ലാല്‍ ആരാധകര്‍ വലിയ രീതിയിലുളള ഒരുക്കമാണ് നടത്തിയിരുന്നത്. ബിജെപിയുടെ സമരപ്പന്തലിന് മുന്നില്‍ മധ്യവയസ്കന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതോടെ റിലീസില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് തിയറ്റര്‍ ഉടമകള്‍ അറിയിക്കുകയും ചെയ്ത. ഹര്‍ത്താലിന്റെ സാഹചര്യത്തില്‍ യാതൊരു സുരക്ഷയും ഇല്ലാതെ തങ്ങള്‍ റിലീസിന് ഒരുക്കമല്ലെന്നാണ് തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കുന്നത്. ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന് കാത്തിരുന്ന് കാണാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ