ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ ഒരുങ്ങിയ മോഹൻലാൽ ചിത്രമാണ് ‘ഒടിയൻ’. മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ‘ഒടിയൻ’ 2018 ഡിസംബർ 14നായിരുന്നു റിലീസിനെത്തിയത്. പാലക്കാടൻ പശ്ചാത്തലത്തിൽ ഒടിവിദ്യ വശമുള്ള മാണിക്യന്റെ കഥ പറഞ്ഞ ചിത്രം നിർമ്മിച്ചത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു. ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ചിത്രം കൂടിയായിരുന്നു ‘ഒടിയൻ’. സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ശരീരഭാരം കുറച്ച് കൂടുതൽ ചെറുപ്പമായി മാറിയ വാർത്തയെ കൗതുകത്തോടെയാണ് പ്രേക്ഷകർ കേട്ടത്. അതുകൊണ്ടുതന്നെ ‘ഒടിയനാ’യി മോഹൻലാൽ പരകായപ്രവേശം നടത്തുന്ന കാണാനുള്ള ആകാംക്ഷയും ചിത്രത്തെ ഏറെ പ്രതീക്ഷയുള്ളതാക്കിയിരുന്നു. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാൽ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിച്ചത്. എന്നാൽ ചിത്രം പുറത്തിറങ്ങിയപ്പോൾ സമ്മിശ്ര പ്രതികരണമാണ് ഏറ്റുവാങ്ങിയത്. ഏറെ ട്രോളുകളും ചിത്രത്തെ തേടിയെത്തി.
ചിത്രത്തിന്റെ പ്രെമോഷനു വേണ്ടി നിർമിച്ച ഒടിയന്റെ പ്രതിമങ്ങൾ സംവിധായകൻ വി ശ്രീകുമാർ മേനോന്റെ പാലക്കാടുള്ള ഓഫീസിനു മുൻപിലായിരുന്നു സൂക്ഷിച്ചുവച്ചിരുന്നത്. കഴിഞ്ഞ ദിവസം ആ പ്രതിമകൾ ആരോ മോഷ്ടിച്ചു കൊണ്ട് പോയി എന്ന് പറഞ്ഞു കൊണ്ട് ശ്രീകുമാർ ഒരു പോസ്റ്റും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഒപ്പം പ്രതിമകൾ മോഷ്ടിച്ചുകൊണ്ടുപോയ ആളിന്റെ ശബ്ദസന്ദേശവും. “സാറിന്റെ അവിടെയുണ്ടായിരുന്ന പ്രതിമകൾ ഞാൻ എടുത്തിട്ടുണ്ട്. സാറിന് ഒന്നും തോന്നരുത്. നാട്ടിൽ ഒരു വിലയും എനിക്കില്ലായിരുന്നു അതുകൊണ്ട് എടുത്തതാണ്. എന്റെ വീട്ടിന്റെ മുൻപിൽ അത് വച്ചിട്ടുണ്ട്. ഇത് കാണുമ്പോൾ നാട്ടുകാർക്ക് എന്നോട് വില ഉണ്ടാകും,” മോഷ്ടാവിന്റെ ഫോൺ സന്ദേശമിങ്ങനെ.
ശിൽപങ്ങൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് ശ്രീകുമാർ മേനോൻ ഇപ്പോൾ. “എല്ലാവർക്കും ഒരാകാംക്ഷ, ആ രസികൻ ആരാധകൻ ഒടിയനും കൊണ്ടു പോകുന്ന സീൻ കാണണമെന്ന്. സിസിടിവി ക്യാമറയിൽ ആ ദൃശ്യങ്ങൾ കണ്ട് ഞങ്ങളെല്ലാം ചിരിച്ചു. ലാലേട്ടൻ ഫാനിന്റെ തമാശയും, എടുത്തു കൊണ്ടു പോയ കഷ്ടപ്പാടും, കൊണ്ടുപോയി എന്നു വിളിച്ചറിയിച്ച സത്യസന്ധതയും എല്ലാവർക്കും ഇഷ്ടപ്പെട്ടു… ദേ പോകുന്നു ഒടിയൻ,” ശ്രീകുമാർ മേനോൻ കുറിച്ചു.