ഒടിയനിലെ മോഹന്‍ലാലിന്റെ രൂപത്തെ കുറിച്ചാണ് ഇപ്പോള്‍ സജീവമായ ചര്‍ച്ച. 18കിലോ കുറച്ച മോഹന്‍ലാലിന്റെ പുതിയ ഫോട്ടോയും ടീസറും എത്തിയതോടെ ഈ ചര്‍ച്ച ഉച്ചസ്ഥായിയിലായി. മോഹന്‍ലാലിന്റെ വ്യക്തിമുദ്രയായ മീശയില്ലാതെയാണ് അദ്ദേഹം ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. വളരെ ചുരുക്കം ചില ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അദ്ദേഹം മീശയില്ലാതെ പ്രത്യക്ഷപ്പെട്ടിട്ടുളളത്. പഞ്ചാഗ്നി, വാനപ്രസ്ഥം, ഇരുവര്‍ എന്നിവയായിരുന്നു ചിത്രങ്ങള്‍. ഈ മൂന്ന് ചിത്രങ്ങളും എക്കാലത്തേയും മികച്ച ഹിറ്റ് ചിത്രങ്ങളുമായി.

എന്നാല്‍ ഒടിയന്റെ ടീസര്‍ പുറത്തുവന്നതോടെ ചിലരെങ്കിലും നെറ്റിചുളിച്ചത് അസ്വാഭാവികമായ ഇതേ ഗെറ്റപ്പ് കണ്ടാണ്. സ്പെഷ്യല്‍ ഇഫക്ടിന്റെ സഹായത്തോടെ ചെയ്തതാണോ ഈ രൂപമാറ്റമെന്നാണ് സംശയം ഉയരുന്നത്. കഴിഞ്ഞ മാസം ഹോളിവുഡില്‍ പുറത്തിറങ്ങിയ ‘ജസ്റ്റിസ് ലീഗ്’ എന്ന ചിത്രത്തില്‍ നടനായ ഹെന്‍ഡ്രി കാവിലിന്റെ മീശ വിഷ്വല്‍ ഇഫക്ടിന്റെ സഹായത്തോടെ നീക്കം ചെയ്തത് അന്ന് പ്രേക്ഷകരുടെ അനിഷ്ടത്തിന് കാരണമാക്കിയിരുന്നു. ചിത്രത്തിലെ ചില രംഗങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ കൃത്രിമം കാണിച്ചത്.

സൂപ്പര്‍മാനെ അവതരിപ്പിച്ച ഹെന്‍ഡ്രി കാവില്‍ ‘മിഷന്‍ ഇംപോസിബിള്‍ 6’ന് വേണ്ടി മീശ വളര്‍ത്തിയിരുന്നു. നിര്‍മ്മാതാക്കളുമായുളള കരാര്‍ പ്രകാരം മീശ എടുത്ത് കളയാന്‍ കഴിയാത്തതിനാലാണ് ജസ്റ്റിസ് ലീഗിലെ ചില രംഗങ്ങളില്‍ സിജിഐയുടെ സഹായത്തോടെ മീശ നീക്കം ചെയ്തത്. എന്നാല്‍ ഒടിയന് വേണ്ടി ഇത്തരത്തിലുളള കുറുക്കുവഴി തേടിയിട്ടില്ലെന്നായിരുന്നു സംവിധായകനായ ശ്രീകുമാര്‍ പറഞ്ഞത്. മോഹന്‍ലാലിന്റെ നിര്‍ബന്ധപ്രകാരം മീശ എടുത്ത് കളഞ്ഞ് തന്നെയാണ് അഭിനയിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ടീസര്‍ പുറത്തുവന്നതോടെയാണ് ഈ സംശയത്തിന് വീണ്ടും ആക്കം കൂടുന്നത്.

മീശ പിരിച്ചുള്ള ലാലേട്ടന്റെ ഹിറോയിസമാണ് ഇതുവരെ കണ്ടിട്ടുള്ളത്. ഇനി മീശയില്ലാത്ത കട്ട ഹീറോയിസം കാണാമെന്നും സംവിധായകൻ പറയുന്നു. വൻ വരവേൽപ്പാണ് ആരാധകർ ഒടിയന്റെ ടീസറിനു നൽകിയിരിക്കുന്നത്. 2018 ജനുവരി 5ഓടെയാണ് ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ആരംഭിക്കുക എന്നാണ് വിവരം.

ഒടിയനില്‍ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് തീര്‍ത്തും വ്യത്യസ്തവും കൂടുതല്‍ എനര്‍ജറ്റിക്കുമായ രൂപം വരുന്നുവെന്ന് വാർത്തയുണ്ടായിരുന്നു. പറഞ്ഞത് പോലെ രൂപം മാറി, ഒടിയൻ ചെറുപ്പമായി. ഇനിയാണ് കളി. ഒടിയന്റെ ചെറുപ്പകാലം അവതരിപ്പിക്കാൻ 18 കിലോ ഭാരം കുറച്ച മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ