മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കണ്ട് പ്രേക്ഷകര്‍ ശരിക്കുമൊന്ന് ഞെട്ടി. നിമിഷങ്ങള്‍ക്കുള്ളിലാണ് ഒടിയന് ഫെയ്സ്ബുക്കില്‍ വൈറലായത്. പോസ്റ്റര്‍ മണിക്കൂറുകള്‍ കൊണ്ട് ലക്ഷത്തിലധികം പേരാണ് കണ്ടത്. തിങ്കളാഴ്ച 11 മണിക്കാണ് മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്.
10 മണിക്കൂറിനുളളില്‍ 17 ലക്ഷം പേര് കണ്ട പോസ്റ്റര്‍ 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ 28 ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. മറ്റൊരു മലയാളം സിനിമാ പോസ്റ്ററിനും ഇതുവരെ ലഭിക്കാത്ത സ്വീകാര്യതയാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പോസ്റ്ററിന് ലഭിച്ചിരിക്കുന്നത്. പോരാത്തതിന് നിരവധി ഷെയറും രണ്ട് ലക്ഷത്തോളം ലൈക്കും പോസ്റ്ററിന് ലഭിച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ മേക്ക് ഓവറാണ് മോഷന്‍ പോസ്റ്ററിന്റെ ഹൈലൈറ്റ്. പുലിമുരുകന് ശേഷം ഒടിയന് മലയാള സിനിമ കാത്തിരിക്കുന്ന മറ്റൊരു വമ്പന്‍ മോഹന്‍ലാല്‍ ചിത്രമാണ്. ‘ഒടി ഒടി ഒടിയൻ’ എന്ന വരികളോടുകൂടിയ പശ്ചാത്തല സംഗീതവും മോഷൻ പോസ്റ്ററിലുണ്ട്. മലയാള സിനിമയിലെ ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് മോഹൻലാൽ ചിത്രം ‘ഒടിയൻ’ അണിയറയിൽ ഒരുങ്ങുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുലിമുരകൻ എന്ന ചിത്രത്തിൽ ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. എം.ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. റഫീഖ് അഹമ്മദിന്റേതാണ് ഗാനരചന.
പാലക്കാട്, തസറാക്ക്, ഉദുമല്പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് ‘ഒടിയന്റെ’ പ്രധാന ലൊക്കേഷനുകള്‍. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ‘ഒടിയന്’ ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അരനൂറ്റാണ്ടുകാലത്തെ കഥയാണ് പറയുന്നത്.