Mohanlal, Manju Varrier Starrer Odiyan Movie: ഒടിയൻ സിനിമയുടെ ആദ്യ പ്രദർശനം കാണാൻ മോഹൻലാലിന്റെ ഭാര്യ സുചിത്ര എത്തി. എറണാകുളം കവിത തിയേറ്ററിൽ ഒടിയൻ സിനിമയുടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ കുടുംബത്തിനൊപ്പമാണ് സുചിത്രയും എത്തിയത്. സിനിമ കണ്ടിറങ്ങിയ സുചിത്രയോട് മാധ്യമപ്രവർത്തകർ അഭിപ്രായം ആരാഞ്ഞപ്പോൾ നല്ല സിനിമയെന്നായിരുന്നു മറുപടി. നല്ല കഥയാണെന്നും നല്ലൊരു എന്റർടെയിനറാണെന്നും സുചിത്ര പറഞ്ഞു.

മോഹൻലാലിന്റെ ഒട്ടുമിക്ക സിനിമകളുടെയും ഫസ്റ്റ് ഷോ കാണാൻ സുചിത്ര എത്താറുണ്ട്. സുചിത്രയെ കൂടാതെ നടൻ ഉണ്ണി മുകുന്ദൻ, നീരജ് മാധവ്, ഫർഹാൻ ഫാസിൽ തീവണ്ടിയിലെ നായിക സംയുക്ത മേനോൻ തുടങ്ങിയവരും ആദ്യ ഷോ കാണാനെത്തിയിരുന്നു.

സംവിധായകൻ ശ്രീകുമാർ മേനോനും ഒടിയൻ കാണാൻ എത്തി. പുലർച്ചെ ആരാധകർക്കായി ഒരുക്കിയ പ്രത്യേക പ്രദർശനം കാണാൻ എറണാകുളം കവിത തിയേറ്ററിലാണ് ശ്രീകുമാർ മേനോൻ എത്തിയത്. താൻ നേരത്തെ കണ്ട സിനിമ പ്രേക്ഷകരുടെ പ്രതികരണം അറിയാനാണ് അവരോടൊപ്പം ഇരുന്ന് കണ്ടതെന്ന് ശ്രീകുമാർ മേനോൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ആദ്യ പ്രദർശനത്തിന് ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും, സിനിമ തിയേറ്ററുകളിൽ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

മോഹൻലാലിന്റെ ബ്രഹ്മാണ്ട ചിത്രം എന്നു വിശേഷിപ്പിക്കാവുന്ന ഒടിയൻ റിലീസിനോട് അനുബന്ധിച്ച് പല തിയേറ്ററുകളിലും പുലർച്ചെ തന്നെ ഫാൻസ് ഷോ ഒരുക്കിയിരുന്നു. ഇന്നു ഹർത്താലാണെന്ന് അറിഞ്ഞ് ഇന്നലെ രാത്രിയോടെ തന്നെ ആരാധകർ തിയേറ്ററുകളിൽ എത്തി. ഒടിയനും മോഹൻലാലിനും വേണ്ടി ഉറക്കം കളഞ്ഞ് ആഘോഷങ്ങളുമായാണ് ആരാധകർ രാത്രി കഴിച്ചു കൂട്ടിയത്.

Read: ഒടിയൻ പെട്ടിയിൽ വീണു, കാത്തിരിക്കുന്നത് വോട്ടെണ്ണലിന്: ശ്രീകുമാർ മേനോൻ

പല തിയേറ്ററുകളിലും മോഹൻലാലിന്റെ ഒടിയൻ രൂപത്തിലുളള വലിയ കട്ടൗട്ടുകൾ ഫാൻസ് അസോസിയേഷനുകൾ സ്ഥാപിച്ചിരുന്നു. ഇതിൽ പാലഭിഷേകം ചെയ്ത് മോഹൻലാലിന് ജയ് വിളികളുമായാണ് ആരാധകർ ഒടിയനെ വരവേറ്റത്. ഡാൻസും മേളവും ഒക്കെ കൂടി തിയേറ്ററുകളിൽ ആഘോഷപൂരമായിരുന്നു. ചില തിയേറ്ററുകളിൽ വെടിക്കെട്ടും ഉണ്ടായിരുന്നു.

Read: നെഞ്ചിനകത്ത് ലാലേട്ടന്‍: ആഘോഷാരവങ്ങളോടെ ‘ഒടിയന്‍’ ആരംഭിച്ചു

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒടിയന്‍’. ഈ വര്‍ഷത്തെ മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ ചിത്രം കൂടിയാണ് ‘ഒടിയന്‍’. പാലക്കാട് പ്രദേശത്തെ പഴയ കാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു. നായിക മഞ്ജു വാര്യര്‍. നടന്‍ പ്രകാശ് രാജും പ്രധാന വേഷത്തില്‍ എത്തുന്നു.

Read: ഒടിയൻ ആദ്യ ഷോ കാണാനെത്തിയപ്പോഴുണ്ടായ അനുഭവം

Read: എന്ത് കൊണ്ട് ‘ഒടിയന്‍’ മോഹന്‍ലാലിന് പ്രധാനപ്പെട്ടതാകുന്നു?

കഥാപാത്രത്തിന്റെ മൂന്നു ജീവിതാവസ്ഥകളാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ഇതിനായി മോഹന്‍ലാല്‍ രൂപവ്യതാസങ്ങളും വരുത്തിയിരുന്നു. വി.എ.ശ്രീകുമാറിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയായ ‘ഒടിയന്റെ’ തിരക്കഥ രചിച്ചിരിക്കുന്നത് ഹരികൃഷ്ണന്‍. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ